മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ നാലാമത് ദേവാലയമായ സെന്റ്. ജോർജ് ഓർത്തഡോക്സ് മാഞ്ചസ്റ്റർ ദേവാലയത്തിന്റെ കൂദാശയും പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഈ മാസം 27, 28, 29 തീയതികളിൽ അഭിവന്ദ്യ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
മാഞ്ചസ്റ്റർ ഓർത്തഡോക്സ് കൂട്ടായ്മയുടെ സ്വന്തം ദേവാലയം എന്ന ചിരകാലാഭിലാഷം ദൈവകൃപയാൽ പൂവണിയുകയാണ്. ഏകദേശം 5 ലക്ഷം പൌണ്ട് ചിലവഴിച്ചു അതിമനോഹരമായി പണി കഴിപ്പിച്ച ദേവാലയം കേരളീയ ശൈലിയോട് സാമ്യം ഉള്ളതാണ്.
റവ. ഫാ. വർഗീസ് മാത്യുവിൻറെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ കഠിന പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ ദേവാലയം ഇത്രയും വേഗം പണി പൂർത്തിയാക്കിയത്. 2004 ൽ റവ. ഫാ. ഹാപ്പി ജോർജിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഈ പ്രാർത്ഥന കൂട്ടായ്മ ഇന്ന് നൂറോളം കുടുംബങ്ങൾ അടങ്ങിയ യുകെയിലെ തന്നെ വലിയ ഒരു ദേവാലയം ആണ്.
27 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ ആരംഭിക്കുന്ന ദേവാലയ കൂദാശയുടെ ആദ്യ ഭാഗം 8 മണിയോടെ അവസാനിക്കുകയും 28 ന്, ശനിയാഴ്ച രാവിലെ 7 മണിയോടെ ആരംഭിക്കുന്ന ദേവാലയ കൂദാശയുടെ രണ്ടാം ഭാഗവും വി. കുർബാനയും 1 മണിയുടെ പൊതുയോഗത്തോടെ അവസാനിക്കുകയും ചെയ്യും.
29 നു ഞായറാഴ്ച രാവിലെ 8.30 നു ആരംഭിക്കുന്ന പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഉച്ചക്ക് 12 മണിയുടെ ഭക്തിനിർഭരമായ റാസയോടെ പര്യവസാനിക്കും.
എല്ലാ യുകെ വിശ്വാസികളും ഈ പരിശുദ്ധ ദേവാലയ കൂടാശയിലും പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഇടവക വികാരി റവ. ഫാ. വർഗീസ് മാത്യു ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
റോയി സാമുവേൽ (സെക്രട്ടറി): 07863360671
അബ്രഹാം ജോസഫ്: 07846869098
വിലാസം:
ബ്രോൺലോ വേ, ഹല്ലിവെൽ, ബോൾട്ടൻ, BL13RF
വാർത്ത: അലക്സ് വർഗീസ്