2016 ലെ യുക്മ ദേശീയ കലാമേള നവംബർ 5 ന് നടക്കും. ഏറ്റവും അധികം മലയാളികൾ ഒത്തുചേരുന്ന യു.കെ. മലയാളികളുടെ ദേശീയ ഉത്സവം എന്നനിലയിൽ ഏറെ ജനപ്രിയമായിക്കഴിഞ്ഞവയാണ് യുക്മ ദേശീയ കലാമേളകൾ. ഏഴാമത് ദേശീയ കലാമേളക്കാണ് യുക്മ ദേശീയ നേതൃത്വം തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നത്.
ദേശീയ കലാമേളയുടെ മുന്നോടിയായി, തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികൾ നയിക്കുന്ന യുക്മയുടെ ഏഴ് റീജിയനുകളിലും കലാമേളകൾ അരങ്ങേറും. ഒക്ടോബർ പകുതിയോടെ റീജിയണൽ കലാമേളകൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേശീയ കലാമേള കൺവീനർ ശ്രീ.മാമ്മൻ ഫിലിപ് പറഞ്ഞു.
ഇദംപ്രഥമമായി കഴിഞ്ഞ വർഷം ദേശീയ കലാമേളക്കായി തയ്യാറാക്കിയ ഇ-മാനുവൽ കൂടുതൽ പരിഷ്ക്കരണത്തിനായി സമർപ്പിക്കുകയാണ്. കലാമേളയുടെ നിലവിലുള്ള നിയമാവലിയും കാറ്റഗറി തിരിച്ചുള്ള മത്സര ഇനങ്ങളും ഇ-മാനുവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ വർഷവും കലാമേളകൾ കൂടുതൽ കുറ്റമറ്റവയും മെച്ചപ്പെട്ടതുമാക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള നിയമങ്ങളും നിബന്ധനകളും അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി സമർപ്പിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ.ഫ്രാൻസിസ് മാത്യു, ജനറൽ സെക്രട്ടറി സജീഷ് ടോം എന്നിവർ പ്രസ്താവിച്ചു.
യുക്മ പ്രവർത്തകർക്കും, കലാ സാംസ്ക്കാരിക രംഗത്തു പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്നവർക്കും, യുക്മയെ സ്നേഹിക്കുന്ന ഓരോ യു.കെ.മലയാളികൾക്കും തങ്ങളുടെ നിർദ്ദേശങ്ങൾ uukmakalamela@gmail.com എന്ന ഇ-മെയിലിലേക്ക് ജൂലൈ 15ന് മുൻപായി അയക്കേണ്ടതാണ്. ഇംഗ്ളീഷിലോ മലയാളത്തിലോ, ടൈപ്പ് ചെയ്തോ എഴുതി സ്കാൻ ചെയ്തോ അയക്കാവുന്നതാണ്.