CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 1 Seconds Ago
Breaking Now

വരകളും വർണ്ണങ്ങളും ചാലിച്ച് ഭാവനകൾ സൃഷ്ടിച്ച ഇവർ ഭാവിയുടെ വാഗ്ദാനങ്ങൾ : യുക്മ സാംസ്ക്കാരികവേദിയുടെ ചിത്രരചനാ മത്സരം ശ്രദ്ധേയമായി - വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

യു.കെ.യിലെ ചിത്രരചനാ അഭിരുചിയുള്ളവരെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി യുക്മ സാംസ്ക്കാരികവേദി സംഘടിപ്പിച്ച യു.കെ. ദേശീയതല ചിത്രരചനാ മത്സരം സംഘാടക മികവിലും ജനകീയ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. സ്വിൻഡൻ സെൻറ് ജോസഫ്‌സ് കാത്തലിക് കോളേജിലെ "രാജാ രവിവർമ്മ നഗർ" എന്ന് നാമകരണം ചെയ്ത വേദിയിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

മത്സരങ്ങള്‍ക്ക് മുന്നോടിയായി റിനി റോസിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ലളിതമായ ചടങ്ങിൽ യുക്മ ദേശീയ പ്രസിഡന്റ് ശ്രീ.ഫ്രാൻസിസ് മാത്യു തിരിതെളിച്ചു മത്സരങ്ങളുടെ ഔപചാരികമായ ഉദ്‌ഘാടനം നിർവഹിച്ചു. യു.കെ.യിലെ സർഗാത്മകതയുള്ള കുട്ടികളേയും മുതിർന്നവരേയും പ്രോത്സാഹിപ്പിക്കുവാൻ യുക്മയും യുക്മ സാംസ്ക്കാരികവേദിയും എന്നും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ.സജീഷ് ടോം യോഗത്തിന് അധ്യക്ഷത വഹിച്ചു. സാംസ്ക്കാരികവേദി അംഗം  ജിജി വിക്ടർ സ്വാഗതവും, സാംസ്ക്കാരികവേദി ജനറൽ കൺവീനർ സി.എ.ജോസഫ് ആശംസയും അർപ്പിച്ചു. സാംസ്ക്കാരികവേദി വൈസ് ചെയർമാൻ ശ്രീ.തമ്പി ജോസ്, യുക്മ സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് സുജു ജോസഫ്, ഈസ്റ്റ് ആംഗ്ലിയ റീജിയൺ പ്രസിഡന്റ് രഞ്ജിത്ത് കുമാർ, വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.

കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിൽ പങ്കെടുക്കുവാൻ യു.കെ.യുടെ വിവിധ ഭാഗങ്ങളിൽനിന്നുമായി നിരവധി കുട്ടികളും മുതിർന്നവരും രാവിലെ തന്നെ കുടുംബസമേതം എത്തിച്ചേർന്നിരുന്നു. മത്സരങ്ങൾ ആരംഭിക്കുന്നതിനു പത്തു മിനിറ്റ് മുൻപായി നൽകിയ വിഷയത്തെ ആസ്പദമാക്കിയാണ് രചനകൾ നടന്നത്. ചിത്രരചനാ രംഗത്തെ അനേക വർഷങ്ങളുടെ പരിചയമുള്ള പ്രശസ്തരായ വിധികർത്താക്കളടങ്ങിയ വിദഗ്ധ സമിതിയാണ് മത്സരാനന്തരം വിധിനിർണ്ണയം നടത്തിയത്.

യുക്മയുടെയും യുക്മ സാംസ്ക്കാരികവേദിയുടെയും ഭാരവാഹികളോടൊപ്പം, മത്സരാർത്ഥികളും അവരുടെ കുടുംബങ്ങളും പൊതുജനങ്ങളും തിങ്ങിനിറഞ്ഞ സദസ്സിൽ വിജയികളെ പ്രഖ്യാപിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരങ്ങൾ നടന്ന നാല് വിഭാഗങ്ങളിലും ഒന്നാം സമ്മാനം ലഭിച്ചവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നല്കിയതിനോടൊപ്പം ക്യാഷ് അവാർഡും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിജയികൾക്ക് പുറമെ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനനവും അംഗീകാരവുമായി     സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

വരകളും വർണ്ണങ്ങളും ചാലിച്ച് തീവ്രമായ ഭാവന സൃഷ്ട്ടിച്ച എല്ലാ മത്സരാർത്ഥികളും ഭാവിയുടെ വാഗ്ദാനങ്ങളാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി ശ്രീ.സജീഷ് ടോമും സാംസ്ക്കാരികവേദി വൈസ് ചെയർമാൻ ശ്രീ.തമ്പി ജോസും അഭിപ്രായപ്പെട്ടു. സമ്മാനദാന ചടങ്ങിൽ യുക്മ സ്റ്റാർ സിംഗർ സീസൺ - 2 വിജയികളായ അനു ചന്ദ്ര, അലീന സജീഷ് എന്നിവർ ആലപിച്ച ഗാനങ്ങൾ ഹർഷാരവത്തോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാന സംഘാടകരായ ജിജി വിക്ടർ, സി.എ.ജോസഫ് എന്നിവർ നന്ദി രേഖപ്പെടുത്തി. യു.കെ.യിലെ ഇൻഷുറൻസ് രംഗത്തെ പ്രമുഖരായ അലൈഡ് ഫിനാൻഷ്യൽ സർവീസസ് ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ.

ഓരോ വിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ മത്സര വിജയികളുടെ പേരുകൾ താഴെ കൊടുക്കുന്നു.

കിഡ്സ്:- ജോഷ്വ വിക്ടർ, എഞ്ചൽ സോണി, ഏബൽ ജോർജ് 

സബ് ജൂനിയർ:- ജിയ കുര്യാക്കോസ്, ജോയൽ ജോസ്, എൽവിസ് ഇടക്കര 

ജൂനിയർ:- ജോർജി സജി, എൽബിൻ ജോസഫ്, അലീന സജി മാത്യു 

സീനിയർ:- നീന ആൻ മാത്യു,  സ്റ്റെൻസി റോയ്, ജോസ്സി തോമസ്

 

വാർത്ത: ജിജി വിക്ടര്‍




കൂടുതല്‍വാര്‍ത്തകള്‍.