യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് ഹൈവാർഡ്സ് ഹീത്ത് ഈ വർഷത്തെ രണ്ടാമത്തെ കിരീടവുമായി ഓൾ യുകെ മലയാളി ക്രിക്കറ്റ് ടൂർണമെന്റുകളിൽ മുന്നേറുന്നു. കഴിഞ്ഞ 9ന് ആഷ്ഫോർഡിൽ നടത്തപ്പെട്ട ഓൾ യുകെ ടൂർണമെന്റിൽ റിദം ക്രിക്കറ്റ് ക്ലബ് ഹോർഷത്തിനെ തോൽപ്പിച്ചു കിരീടം ചൂടിയതിന് പിന്നാലെ ബെക്സ്ഹില്ലിൽ 17ന് സമാപിച്ച മലയാളി ക്രിക്കറ്റ് ടൂർണമെന്റിൽ ആവേശോജ്വലമായ ഫൈനലിൽ ഈസ്റ്റ്ബോണിനെ തോൽപ്പിച്ചു കിരീടം ചൂടി.
മികച്ച ഒത്തിണക്കവും നയനാനന്ദകരമായ ബാറ്റിങ് ശൈലിയോടൊപ്പം വേഗതയേറിയ പന്തുകളുമായി ഹൈവാർഡ്സ് ഹീത്ത് ഗ്രൗണ്ട് നിറയുമ്പോൾ കാണികൾക്ക് വിരുന്നാകുന്നു. വിജയികൾക്കുള്ള ട്രോഫി ക്യാപ്റ്റൻ ഷാജി തോമസ് ഏറ്റു വാങ്ങിയതിനു പുറമെ മാന് ഓഫ് ദി സീരീസ് ജോഷി പനമ്പേൽ, മികച്ച ബാറ്റ്സ്മാൻ ആൻഡ് ബൗളർ ആയി ഗംഗാപ്രസാദ്, ജോസ് സാമുവേൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വച്ച ഹരി, ബേസിൽ, അരുൺ, ഡാനി, ബിബിൻ, ദിനേശ്, ബെർമിൻ, നിശാന്ത് എന്നിവരെ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ മെഡലുകൾ നൽകി അഭിനന്ദിച്ചു.
വാർത്ത: ജിജോ അരയത്ത്