കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെറ്ററിംഗ് മലയാളികള്‍ ഓണം സമുചിതമായി ആഘോഷിച്ചു. പൂക്കളവും ചെണ്ടമേളവും താലപ്പൊലിയും പുലികളിയും ഒക്കെയായി മാവേലി മന്നനെ എതിരേറ്റു കൊണ്ടാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കെറ്ററിംഗ് മലയാളികളുടെ എല്ലാ കാര്യങ്ങളിലും ഒപ്പം നില്ക്കുന്ന അസോസിയേഷന് ഒപ്പം ഓണം ആഘോഷിക്കാന്‍ ആവേശപൂര്‍വ്വമാണ് ഇവിടുത്തെ മലയാളികള്‍ എത്തിച്ചേര്‍ന്നത്.
കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡണ്ട് സോബിന്‍ ജോണ്‍ അദ്ധ്യക്ഷനായി നടന്ന പൊതു സമ്മേളനമായിരുന്നു ഓണാഘോഷ പരിപാടികളില്‍ ആദ്യം. വിശിഷ്ടാതിഥി ആയിരുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ മുന്‍പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന് സെക്രട്ടറി ജോര്‍ജ്ജ് ജോണ്‍ യോഗത്തില്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.
തുടര്‍ന്ന് അസോസിയേഷന് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. തിരുവാതിര, വള്ളംകളി, ഓണപ്പാട്ടുകള്‍, ഒപ്പന, നൃത്തനൃത്ത്യങ്ങള്‍ തുടങ്ങി വിവിധ കലാ രൂപങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു.
കലാപരിപാടികള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യ ആയിരുന്നു. ഹണ്ടിംഗ്ടണില്‍ നിന്നുള്ള റെജിയും ടീമും തയ്യാറാക്കിയ ഓണ സദ്യ അത്യന്തം ആസ്വാദ്യകരമായിരുന്നു.
കലാപരിപാടികള്‍ അവതരിപ്പിക്കുകയും ഓണാഘോഷ പരിപാടികളില്‍ പങ്കെടുത്ത് പ്രോഗ്രാം വിജയിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു.
മര്‍ഫി ജോര്‍ജ്ജ്