അലക്സ് വർഗീസ്
മാഞ്ചസ്റ്ററിലെ പ്രമുഖ കത്തോലിക്കാ പ്രസ്ഥാനമായ കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ (കെ.സി.എ.എം) ക്രിസ്തുമസ് പുതുവത്സര ആഘോഷം വിപുലമായ പരിപാടികളോടെ സമുചിതം കൊണ്ടാടി.
ഉച്ചക്ക് രണ്ട് മണിക്ക് അസോസിയേഷൻ കുടുംബാംഗങ്ങൾ ഒത്ത് ചേർന്ന് ജപമാല സമർപ്പണത്തോടെ ആരംഭിച്ച പരിപാടികൾ തുടർന്ന് ഷ്രൂസ്ബറി രൂപതാ സീറോ മലബാർ ചാപ്ലയിൻ റവ.ഡോ.ലോനപ്പൻ അരങ്ങാശ്ശേരിയുടെ മുഖ്യകാർമികത്വത്തിൽ ഭക്തി സാന്ദ്രമായ, ആഘോഷമായ ദിവ്യബലി അർപ്പിക്കപ്പെട്ടു. സി.എ.എം ഗായക സംഘം വിശുദ്ധ ബലിയിൽ ഭക്തി സാന്ദ്രമായി ഗാനങ്ങൾ ആലപിച്ചു.
സമൂഹത്തിൽ നേതൃനിരയിലേക്ക് വരുവാനാഗ്രഹിക്കുന്നവർ ആത്യന്തം എളിമയോടും, സേവനസന്നദ്ധതയോടും മാതൃകാപരമായി പ്രവർത്തിക്കണമെന്ന് റവ.ഡോ. ലോനപ്പൻ അരങ്ങാശ്ശേരി ഉദ്ബോധിപ്പിച്ചു. ദിവ്യബലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിന് പ്രസിഡന്റ് ശ്രീ. ജയ്സൻ ജോബ് അദ്ധ്യക്ഷത വഹിച്ചു.
ശ്രീ.സിബി മാത്യു സ്വാഗതം ആശംസിച്ചു.റവ.ഡോ. ലോനപ്പൻ അരങ്ങാശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദികരായ റവ.ഫാ.ജിൻസൻ മുട്ടത്തുകുന്നൽ, സീറോ മലങ്കര ചാപ്ലിയൻ റവ.ഫാ.രഞ്ജിത്ത് മഠത്തിറമ്പിൽ തുടങ്ങിയ വൈദികരും സന്നിഹിതരായിരുന്നു.
ലോകത്തിലെ സന്തോഷമല്ല, മറിച്ച് ക്രിസ്തുവിന്റെ പാതയായ ക്ലേശത്തിന്റെയും, സഹനത്തിന്റെയും പാത പിന്തുടർന്ന് മറ്റുള്ളവർക്ക് മാത്യകയായി മുന്നേറുവാൻ ജിൻസൻ അച്ചൻ എവരേയും ആഹ്വാനം ചെയ്തു. ഇതിനിടയിൽ കടന്ന് വന്ന സാന്താക്ലോസ് കുട്ടികൾക്ക് മിഠായിയും കളിപ്പാട്ടങ്ങളും നല്കി ആടിപ്പാടി വേദിയിലെത്തി. സാന്താ കേക്ക് മുറിച്ച് വേദിയിലേവർക്കും സമ്മാനിച്ചു.
അവയവദാനത്തിലൂടെ യുകെ മലയാളികളുടെ പ്രിയങ്കരനായ യുകെയിലെ ആദ്യത്തെ മലയാളി കത്തോലിക്കാ വൈദികനായ ഫാ. ജിൻസന് കെ.സി.എ.എം കുടുംബത്തിന്റെ അംഗീകാരം പ്രസിഡന്റ് ജയ്സൻ ജോബ് മൊമെന്റോ നല്കി ആദരിച്ചു. ശ്രീ.ടിങ്കിൾ ഈപ്പൻ നന്ദി രേഖപ്പെടുത്തി.
വിവാഹ ജീവിതത്തിന്റെ 25 വർഷങ്ങൾ പൂർത്തിയാക്കിയ മുൻ പ്രസിഡന്റ് ജോസ് ജോർജ് - ഗ്രേസി ജോർജ്, തോമസ് സേവ്യർ - മോളി തോമസ് എന്നീ ദമ്പതികളെ ഉപഹാരം നല്കി ആദരിച്ചു. ജി.സി.എസ്.സി.പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ക്രിസ്പിൻ ആന്റണി, അനേഖ അലക്സ്, ഏഞ്ചലാ സജി, ജോയൽ ജോസ് തുടങ്ങിയവർക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു.
തുടർന്ന് നടന്ന കലാസന്ധ്യയിൽ കെ.സി.എ.എം കുടുംബാംഗങ്ങൾ ഒരു നൂലിൽ കോർത്ത മുത്തു പോലെ അണിനിരന്നു. ജോബി, നേഹ നോയൽ, അഭിഷേക് അലക്സ് എന്നിവർ അവതാരകരായി തിളങ്ങി. നേറ്റിവിറ്റി പ്ലേയിൽ മാതാവും, യൗസേപ്പും, ഉണ്ണിയേശുവും, മാലാഖമാരും, പൂജ രാജാക്കന്മാരും, ആട്ടിടയൻമാരും എല്ലാം നിരന്നപ്പോൾ അകമ്പടിയായി കരോൾ ഗാനങ്ങൾ... കുഞ്ഞ് കുട്ടികൾ മുതൽ വിവിധ പ്രായത്തിലുള്ള കുട്ടികൾ, മാത്യവേദി, പിതൃവേദി തുടങ്ങി ഏവരും അണിനിരന്ന കലാപ്രകടനങ്ങൾ കാണികളെ മറ്റൊരു ലോകത്തിലേക്ക് എത്തിച്ചു.
വളരെ നല്ല നിലവാരം പുലർത്തിയ കലാപരിപാടികൾ അണിയിച്ചൊരുക്കിയത് കൾച്ചറൽ കോഡിനേറ്റർമാരായ ജോർജ് മാത്യു, പ്രീതാ മിന്റോ എന്നിവരായിരുന്നു. അസോസിയേഷന്റെ സ്പോർട്സ് മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. റാഫിൾ ടിക്കറ്റിലെ ഒന്നാം സമ്മാനമായ സാംസങ്ങ് ടാബ്ലറ്റിന് ജെയ്സൻ മേച്ചേരി അർഹനായി.
പരിപാടികൾക്ക് ശേഷം വിഭവ സമൃദ്ധമായ കിസ്തുമസ് ഡിന്നറോടെ ആഘോഷ പരിപാടികൾ സമാപിച്ചു. കാത്തലിക് അസോസിയേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നല്കിയത്.കെ.സി.എ.എം ന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം വിജയിപ്പിച്ചതിന് എല്ലാ അംഗങ്ങൾക്കും സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തി.
കൂടുതൽ ഫോട്ടോകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക:-