CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 15 Minutes 32 Seconds Ago
Breaking Now

സാന്ത്വനം - യുക്മ ചാരിറ്റി ഫൗണ്ടേഷൻ സമർപ്പിക്കുന്ന സഹായ പദ്ധതി.

ബാലസജീവ് കുമാര്‍ 
പി . ആര്‍ . ഒ.

പുതുതായി ചുമതല ഏറ്റെടുത്ത യുക്മ നാഷണല്‍ കമ്മിറ്റി,സാമൂഹിക പ്രതിബദ്ധതയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതില്‍ ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായി അടിയന്തിര പ്രാധാന്യത്തോടെ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവന്നിരിക്കുന്ന സഹായ പദ്ധതിയാണ് 'യുക്മ സാന്ത്വനം'. യുക്മയില്‍ അംഗത്വമെടുത്തിട്ടുള്ള സംഘടനകളുടേതു മാത്രമാകാതെ യു കെ യിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും അടിയന്തിര ഘട്ടങ്ങളില്‍ കൈത്താങ്ങാകുന്ന യു കെ മലയാളികളുടെ ദേശീയ കൂട്ടായ്മ എന്ന നിലയിലേക്കുള്ള യുക്മയുടെ വളര്‍ച്ചയിലെ ഒരു പടിയാണ് യുക്മ സാന്ത്വനം. ഈ പദ്ധതി അനുസരിച്ച് യു കെ യില്‍ മരണമടയുന്ന അര്‍ഹരായ മലയാളികളുടെ സംസ്‌കാര ചടങ്ങിന് ആവശ്യമായതോ, ഭൗതിക ശരീരം കേരളത്തില്‍ എത്തിക്കുന്നതിനോ വേണ്ട നടപടി ക്രമങ്ങളിലും, സാമ്പത്തിക ആവശ്യങ്ങളിലും യുക്മ പൂര്‍ണ്ണമായും ഉത്തരവാദിത്തം ഏറ്റെടുക്കും. ഈ ആവശ്യങ്ങള്‍ക്കായി യുക്മയുടെ സാമ്പത്തിക സഹായമായി ഇപ്പോള്‍ നിജപ്പെടുത്തിയിരിക്കുന്ന തുക 2500 പൗണ്ട് ആണ്. യുക്മയുടെ 2017 - 19 വര്‍ഷത്തേക്കുള്ള നാഷണല്‍ കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ തന്നെ നാഷണല്‍ കമ്മിറ്റിഅംഗങ്ങളില്‍ നിന്നും മാത്രമായി 2500 പൗണ്ട് സമാഹരിച്ച് നേതൃത്വം തന്നെ ഉത്തമ മാതൃകയാവുകയും 'യുക്മ സാന്ത്വനം' ഔപചാരികമായി പ്രഖ്യാപിക്കുകയും ചെയ്തു. യുക്മ ചാരിറ്റിയുടെ ഭാഗമായിരിക്കും ഈ പദ്ധതി.

യുക്മയുടെ അംഗ അസോസിയേഷനുകളുടെ സഹകരണത്തിലൂടെ പോയ വര്‍ഷങ്ങളില്‍ വിവിധ ഭരണസമിതികള്‍ വിജയകരമായ പല ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. കിഡ്നി രോഗബാധിതയായ ഒരു പെണ്‍കുട്ടിയുടെ ചികിത്സയുടെ ആവശ്യാര്‍ത്ഥം തുടങ്ങിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, നാഥന്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്നതിനും, മരണമടഞ്ഞ മലയാളികളുടെ സംസ്‌കാരത്തിനും, ഭൗതിക ശരീരം നാട്ടില്‍ കൊണ്ട് പോകുന്നതിനും ഒക്കെ ഉള്ള ആവശ്യങ്ങള്‍ക്കുമായി യുക്മയുടെ കൂട്ടായ്മയുടെ വിജയമായി മാറിയിട്ടുണ്ട്.നേപ്പാള്‍ ദുരന്തമുണ്ടായപ്പോള്‍, യു കെ മലയാളികളുടെ സ്‌നേഹോപഹാരം 13000 പൗണ്ട് അംഗ സംഘടനകളുടെ സംഘടിത ശ്രമത്തിലൂടെ സമാഹരിച്ച്, അന്താരാഷ്ട്ര ചാരിറ്റി സംഘടനകളിലെ ദുരന്തബാധിതര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനും നമുക്ക് സാധിച്ചു. ഈ സഹകരണവും കൂട്ടായ്മയുമാണ് യുക്മയുടെ ശക്തിയും വിജയവും. യുക്മ സാന്ത്വനം പദ്ധതി തുടര്‍ന്ന് പോകുന്നതിനും, യു കെ യിലെ മുഴുവന്‍ മലയാളികളുടെയും, യുക്മ അംഗ സംഘടനകളുടെയും, അഭ്യുദയകാംക്ഷികളുടെയും പൂര്‍ണ്ണമായ സഹകരണവും പങ്കാളിത്തവും യുക്മ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിക്കുകയാണ്.

മുന്‍ യുക്മ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ ചെയര്‍മാനായി, യുക്മ നാഷണല്‍ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായരുടെ സഹായത്തോടെയാണ് യുക്മ സാന്ത്വനം പദ്ധതി നടപ്പില്‍ വരുത്തുന്നതിന് യുക്മ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സാന്ത്വനം പദ്ധതിക്ക് വേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് ആലോചിക്കുന്നത്. യുക്മയുടെ എല്ലാ റീജിയനുകളില്‍ നിന്നും, അംഗ സംഘടനകളില്‍ നിന്നും ഉള്ള അംഗങ്ങള്‍ക്കും , യുക്മക്ക് പ്രാധിനിത്യമില്ലാത്ത ഇടങ്ങളില്‍ നിന്ന് അസ്സോസിയേഷനുകള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ, വ്യക്തികള്‍ക്കോ ഈ കാരുണ്യ സ്പര്‍ശത്തിന്റെ പ്രചാരകരാകുന്നതിനോ, ഭാഗഭാക്കാകുന്നതിനോ അവസരമുണ്ട്. യുക്മയുടെ സാന്ത്വനം ജാതി -മത-രാഷ്ട്രീയ- പ്രായഭേദമെന്യേ അര്‍ഹരായ യു കെ യിലെ ഏതൊരു മലയാളിക്കും എത്തിച്ചു കൊടുക്കുവാനുള്ള ഈ തീരുമാനത്തില്‍ യു കെ യിലെ എല്ലാ മലയാളികളും സഹകരിക്കണം എന്ന് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പും സെക്രെട്ടറി റോജിമോനും അഭ്യര്‍ത്ഥിച്ചു.

യുക്മ ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് മുഖേന കൂടുതല്‍ കരുതല്‍ ധനം ശേഖരിക്കുന്നതിനും, അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യക്കാരെ സഹായിക്കുന്നതിന്, ചുമതലയുള്ള അടിയന്തിര കമ്മിറ്റിയുടെ അനുമതിയോടെ വിനിയോഗിക്കുന്നതിനുമാണ് യുക്മ ആലോചിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തന കമ്മിറ്റിയില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ പറയുന്ന ഇ മെയിലിലോ ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
ജയകുമാര്‍ നായര്‍ : 07403223066? 
റോജിമോന്‍ വറുഗീസ്: 07883068181? 
email santhwanam.ukma@gmail.com




കൂടുതല്‍വാര്‍ത്തകള്‍.