CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 9 Minutes 27 Seconds Ago
Breaking Now

അത്യാധുനിക ആംബുലൻസ് സൗകര്യവുമായി സേവനം യുകെയുടെ സഹായഹസ്തം ഇനി ആലുവ ശിവരാത്രി മണപ്പുറത്തും ; സേവനം യുകെക്ക് നവനേതൃത്വം .

ആണ്ടോടാണ്ട് കുംഭമാസത്തില്‍ ആലുവ മണപ്പുറത്ത് നടക്കുന്ന ശിവരാത്രി മഹോത്സവമാണ് ആലുവായുടെ പ്രസിദ്ധി പുറംനാടുകളില്‍പോലും എത്തിച്ചത്. ലക്ഷകണക്കിന് ആളുകൾ പങ്കെടുക്കുന്നതിനാൽ അത്യാഹിതങ്ങൾ ഉണ്ടാകാനുള്ള സാഹചര്യവും ഏറെയാണ്. ഈ ഘട്ടത്തിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആംബുലൻസ് സംവിധാനവുമായി ഇത്തവണത്തെ ആലുവ ശിവരാത്രി മഹോത്സവത്തിന് സേവനം യുകെ സഹായ ഹസ്തവുമായി എത്തുന്നത്.

അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ആംബുലൻസിൽ വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ഒരുക്കിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട ഒന്നാണ്. ആലുവ എംഎൽഎ ബഹു. ശ്രീ. അൻവർ സാദത്തും ആലുവ ശിവഗിരി ആശ്രമം മഠാധിപതി സ്വാമി ശിവ സ്വരൂപാനന്ദയും ചേർന്ന് മഹാശിവരാത്രി ദിനമായ വെള്ളിയാഴ്ച വൈകീട്ട് 6  മണിക്കാണ് സേവനം യുകെയുടെ ആംബുലൻസ് സംവിധാനത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കുന്നത്.  


ലോകമലയാളിസമൂഹത്തിൽ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി അസൂയാവഹമായ പ്രവർത്തനങ്ങളും ഒപ്പം നിരവധി ലക്ഷ്യങ്ങളുമായി യു.കെ കേന്ദ്രമാക്കി, ഒരേ സമയം ആത്മീയ ഗുരുവും എന്നാൽ മനുഷ്യരെല്ലാം ഒരു ജാതി എന്ന് ഉറക്കെ പറഞ്ഞ സാക്ഷാൽ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ മുറുകി പിടിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് സേവനം യുകെ. കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തിക്കുന്ന സേവനം യുകെയുടെ ലക്‌ഷ്യം ജാതി മത രഹിത സമൂഹത്തിന്റെ വളർച്ചയാണ്.

ആദ്യ ഭരണസമിതി രണ്ടു വർഷത്തെ കാലാവധി ജനുവരി 15ന് പൂർത്തിയാക്കിയതിനെ തുടർന്ന് ഓക്സ്ഫോർഡിലെ കിഡിലിംഗ്ട്ടൺ ഫുട്ബോൾ ക്ലബ്ബ് ഹാളിൽ വച്ച് ജനറൽ ബോഡിയോഗവും നവ നേതൃത്വത്തിനായുള്ള തിരഞ്ഞെടുപ്പും നടക്കുകയുണ്ടായി. തുടർന്ന് 2017 - 2019 കമ്മിറ്റി ചെയർമാനായി ഓക്സ്ഫോർഡിലെ ബൈജു പാലക്കൽ തിരഞ്ഞെടുക്കപ്പെട്ടു.

15 അംഗ ഡയറക്ടർ ബോർഡിൽ ചെൽറ്റൻഹാമിലെ അനിൽ കുമാറാണ് വൈസ് ചെയർമാൻ. സ്റ്റോക്ക് ഓൺ ട്രെൻഡിലെ ശ്രീകുമാർ കല്ലിട്ടത്തിൽ കൺവീനറും, ജോയിന്റ് കൺവീനറായി വൂസ്റ്ററിൽ നിന്നുള്ള വേണു ചാലക്കുടിയും സ്ഥാനമേറ്റപ്പോൾ ബോൺമൗത്തിലെ ഹേമ സുരേഷാണ് വനിതാ വിഭാഗം കൺവീനർ. ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടത് ഓക്സ്ഫോർഡിൽ നിന്നുള്ള സതീഷ് കുട്ടപ്പനാണ്. ഡെർബിയിൽ നിന്നുള്ള ആശിഷ് സാബു ഐടി കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കുടുംബ യൂണിറ്റ് കോർഡിനേറ്ററായി പ്രമോദ് കുമരകത്തെയും, പി ആർ ഓ ആയി ഗ്ലോസ്റ്ററിൽ നിന്നുള്ള ദിനേശ് വെള്ളാപ്പള്ളിയെയും തിരഞ്ഞെടുത്തു.


ബർമിംഗ്ഹാമിൽ നിന്നുള്ള സജീഷ് ദാമോദരൻ, സട്ടനിൽ നിന്നുള്ള ദിലീപ് വാസുദേവൻ, ഹാറോയിൽ നിന്നുള്ള അനിൽ സി ആർ, ആയിൽസ്ബറിയിൽ നിന്നുള്ള അനിൽ കുമാർ രാഘവൻ, എഡ്‌മണ്ടനിൽ നിന്നും അജിത് ഭഗീരഥൻ, ഷ്രൂസ്ബറിയിൽ നിന്നുമുള്ള വിശാൽ സുരേന്ദ്രൻ, ചെംസ്ഫോർഡിൽ നിന്നും രശ്മി പ്രകാശ് എന്നിവരാണ് മറ്റ് ബോർഡ് മെമ്പേഴ്‌സ്. 

കഴിഞ്ഞ രണ്ടുവർഷം കൊണ്ട് സേവനം യുകെ നാട്ടിൽ  നടത്തിയ പ്രധാനപെട്ട പ്രവർത്തങ്ങളിൽ ഒന്നാണ് പുറ്റിങ്ങൽ വെടികെട്ടു ദുരന്തത്തിൽ അംഗവൈകല്യം സംഭവിച്ചവർക്കെത്തിച്ച സഹായഹസ്തം. അടുത്തിടെ ലണ്ടനിൽ മരണമടഞ്ഞ ശിവപ്രസാദ് നായരുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൽ സേവനം യുകെ വഹിച്ച പങ്ക് യുകെ മലയാളികൾക്കിടയിൽ ഈ സംഘടനയുടെ സ്വീകാര്യത വർധിപ്പിച്ചു എന്നത് പ്രത്യേകം പരാമർശിക്കേണ്ട ഒന്നാണ്. ഒപ്പം യുകെയിൽ വിഷമത അനുഭവിക്കുന്ന മലയാളിസമൂഹത്തിനൊപ്പം ഓടിയെത്തുന്ന സേവനത്തിന്റെ ചാരിറ്റി പ്രവർത്തനം അഭിനന്ദനാർഹമാണ്.


സേവനം യുകെയുടെ ജാതിമതരഹിതമായ പ്രവർത്തനത്തിന് യുകെയിലെ സമൂഹം നൽകുന്ന അംഗീകാരം ആർക്കും അസൂയ ഉളവാക്കുന്നതാണ്. ജാതിമതരഹിത സംഘടനയായ സേവനം യുകെയുടെ പ്രവർത്തനങ്ങൾ നവനേതൃത്വത്തിന്റെ കീഴിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

വാർത്ത: ദിനേശ് വെള്ളാപ്പള്ളി, പി.ആർ.ഒ  

 




കൂടുതല്‍വാര്‍ത്തകള്‍.