CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 51 Minutes 30 Seconds Ago
Breaking Now

പുത്തൻ ലേഔട്ടും ഏറെ പുതുമകളുമായി "ജ്വാല" മാർച്ച് ലക്കം പുറത്തിറങ്ങി

യുക്മയുടെ ഇ മാഗസിൻ "ജ്വാല" മാർച്ച് ലക്കം പുറത്തിറങ്ങി. യുക്മ നാഷണൽ കമ്മറ്റിയുടെ തീരുമാനപ്രകാരം തിരഞ്ഞെടുക്കപ്പെട്ട പുതിയ എഡിറ്റോറിയൽ ബോർഡിന്റെ ആദ്യ ലക്കം എന്ന നിലയിൽ ചില പുതുമകളോടെയാണ് ജ്വാല പുറത്തിറക്കിയിരിക്കുന്നത്. യുകെയിലെ എഴുത്തുകാരുടെ കൃതികളും ലേഖനങ്ങളും പ്രവാസിമലയാളികളിൽ എത്തിക്കുവാനും സാഹിത്യമേഖലയിലെ പ്രശസ്തരെയും വളർന്നുവരുന്നവരെയും വായനക്കാർക്കു പരിചയപ്പെടുത്തുവാനും മൺമറഞ്ഞുപോയ വാഗ്മികളുടെ ഓർമ്മ വായനക്കാരിൽ എത്തിക്കുവാനും ശ്രദ്ധിക്കുക വഴി ജ്വാലക്ക് കൂടുതൽ വായനക്കാരെ നേടുവാൻ സാധിക്കും എന്ന് എഡിറ്റോറിയൽ ബോർഡ് കരുതികൊണ്ടാണ് ഈ ലക്കം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

 ഇന്ത്യയിലെ 32 നഗരങ്ങളിലെ പട്ടിണി മാറ്റുവാൻവേണ്ടി "ഫീഡിങ് ഇന്ത്യ" എന്ന പ്രസ്ഥാനത്തിന് നേതൃത്വം  നൽകുന്ന അങ്കിത് കവാത്രയുടെ ഐക്യരാഷ്ട്രസഭയുടെ യംഗ് പുരസ്ക്കാരം നേടി കൊണ്ടുള്ള പ്രസംഗത്തിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട്   പട്ടിണി എന്ന വിപത്തിനെ ഇല്ലാതാക്കാൻ  ഉത്ബോധിപ്പിക്കുന്ന   ചീഫ് എഡിറ്റർ ശ്രീ. റെജി നന്തിക്കാട്ടിന്റെ എഡിറ്റോറിയൽ വിശപ്പിന്റെ വിളികൾ കേൾക്കാതെപോകരുതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

ഈ ലക്കത്തിന്റെ മുഖ ചിത്രം പ്രശസ്ത എഴുത്തുകാരൻ ശ്രീ വി കെ എന്നിന്റെതാണ്. "ഒരു ദശാബ്ദം പിന്നിടുമ്പോഴും ശൂന്യമായിരിക്കും വി കെ എന്നിന്റെ സിംഹാസനം"  എന്ന ശ്രീ രാജേന്ദ്രൻ പോത്തനാശ്ശേരിയുടെ  ഉപന്യാസം വായനക്കാരിൽ വി കെ എൻ എന്ന വടക്കേ കൂട്ടലെ നാരായണൻ കുട്ടി നായർ എന്ന ദീർഘ വീക്ഷണമുണ്ടായിരുന്ന എഴുത്തുകാരനെ പുതു തലമുറക്കും നവവായനക്കാർക്കും പരിചയപ്പെടുത്തുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരളം സാഹിത്യ അക്കാദമിയുടെയും പുരസ്‌ക്കാര ജേതാവായ വി കെ എൻ കൈവെക്കാത്ത എഴുത്തിന്റെ  മേഖലകൾ ഇല്ല എന്ന് പറയുന്നതാവും ഉചിതം എന്ന് ഉപന്യാസ കർത്താവ് പറയാതെ പറയുന്നു. ഏകദേശം ഇരുപത്തിഅഞ്ചോളം ക്ര്യതികൾ എഴുതിയതിൽ ഒന്നുപോലും മാറ്റിവെക്കാൻപറ്റാത്തപാകത്തിൽ എഴുതപെട്ട കൃതികൾ പലരുടെയും നേരെയുള്ള കൂരമ്പുകൾ തന്നെയായിരുന്നു എന്നും എഴുത്തുകാരൻ വിലയിരുത്തുന്നു.

ഏകദേശം പത്തുവർഷങ്ങൾക്കപ്പുറംഎഴുതിയ  സച്ചിദാനന്ദന്റെ "നാലാമിടം -  ബ്ലോഗ് കവിതകളുടെ ലോകം"  എന്ന ലേഖനം ഇന്നും വായനക്കാരുടെ ഇടയിൽ  പ്രാധാന്യമർഹിക്കുന്ന ഒരുലേഖനമാണ്. ബ്ലോഗ് കവിതകളിൽ  നിന്നും തിരഞ്ഞെടുത്തതുകൊണ്ടു "ബ്ലോഗ് കവിതകളുടെ സമാഹാരം" പുറത്തിറക്കുകവഴി പ്രവാസി കവികളുടെ കവിതകൾ കവിതാ സ്നേഹികളുടെപുസ്തകക്കൂട്ടത്തിൽ  സ്ഥാനം പിടിക്കുകയും പല കവികളും പ്രസിദ്ധരാവുകയും ചെയ്യപ്പെട്ടു. ഒരുപക്ഷെ ബ്ലോഗ് എഴുത്തുകാർക്ക് കൂടുതൽ വായനക്കാരെ ആകർഷിക്കാൻ ഈ ലേഖനംഉപകരിച്ചു എന്നും പറയാം.

വി കെ പാറക്കടവിൽ എഴുതിയ "കണ്ണാടിയിൽ ചിത്രം മാഞ്ഞുപോകുമ്പോൾ" എന്ന ഓർമ്മക്കുറിപ്പ്,  നമ്മെ വേർപിരിഞ്ഞ എഴുത്തുകാരനും "കണ്ണാടി" പരിപാടിയിലൂടെ ജനശ്രദ്ധപിടിച്ചുപറ്റിയ  ടെലിവിഷൻ അവതാരകനും ആയ ശ്രീ ടി എൻ ഗോപകുമാറിന്റെ മുഖം നമ്മളിൽ പുനർജ്ജീവിപ്പിക്കുന്നു. ടി എൻ ജി യുടെ അവസാന നോവലായ  "പാലും പഴവും"  ഏറെ പ്രശംസ പിടിച്ചുപറ്റിയ ക്ര്യതി ആയിരുന്നു.

വായനക്കാരിൽ ആകാംക്ഷ ജനിപ്പിക്കുന്ന ഉപന്യാസമാണ് ശ്രീ  എം എസ് മൂത്തകുന്നത്തിന്റെ "കാക്ക" എന്ന  ഉപന്യാസം. കാക്കകൾ വൃത്തിയും ഭംഗിയും ഇല്ലാത്ത പക്ഷിയാണെന്നും ശല്യക്കാരാണെന്നുമുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടി വരും ഈ ഉപന്യാസം വായിച്ചുകഴിയുമ്പോൾ. പഠനങ്ങളുടെ വെളിച്ചത്തിൽ അവയുടെ ബുദ്ധിയെ പറ്റി ഒരു അവബോധംനമ്മളിൽ ജനിപ്പിക്കുവാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട് എന്ന് പറയാതെ വയ്യ.

 വി ജയദേവിന്റെ വ്യത്യസ്തമായ കവിത "ഉറുമ്പുകളുടെ ചാറ്റ് ബോക്സിന്റെ സ്ക്രീൻ ഷോട്ടിൽ നിറമൊന്നു കാണുന്നിടത്ത്" വർത്തമാനകാലത്തിലെ ചില  മുഖം മൂടിയണിഞ്ഞ മനുഷ്യരെ വരച്ചു കാട്ടുന്നു.

സക്കറിയാസ് നെടുങ്കനാൽ എഴുതിയ "ഒരിളംകാറ്റ് പോലെ പോയവൾ" എന്ന കവിത ഒരുപക്ഷെ നിത്യജീവിതത്തിൽ എവിടൊക്കെയോ സംഭവിക്കുന്ന വേർപാടിന്റെ നേർക്കാഴ്ചകളാണ്.

ഒരു ഗ്രീക്ക് സങ്കൽപ്പത്തിനെ ആധാരമാക്കി രചിച്ച "ക്രോക്കസിന്റെ നിയോഗങ്ങൾ"  "ജ്വാല"എഡിറ്റോറിയൽ   ബോർഡംഗമായ ശ്രീമതി. ബീന റോയിയുടെ പ്രണയാത്മകമായ ഒരു കവിതയാണ്.   

ബാബു aആലപ്പുഴയുടെ നർമ്മകഥ "തൊഴിലൊറപ്പ്", ഡോണ മയൂരയുടെ കവിത "ഉപ്പൻ കൊഴിച്ചിട്ട  തൂവൽ, ജ്യോതി ലക്ഷ്മി സി നമ്പ്യാർ എഴുതിയ കഥ "പ്രണയകുപ്പിയിലെ പുതിയ വീഞ്ഞ്", രാജ് മോഹനന്റെ കവിത "മഴ" മുതലായവയാണ്  ഈ ലക്കത്തിലെ മറ്റുള്ള വിഭവങ്ങൾ.  

ജ്വാല മാർച്ച് ലക്കം വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

വാർത്ത: വർഗീസ്  ഡാനിയേൽ  (യുക്മ പി.ആർ.ഒ.)





കൂടുതല്‍വാര്‍ത്തകള്‍.