Breaking Now

ഡോള്‍ഫിന്‍ പാര്‍ക്ക് പദ്ധതി അട്ടിമറിക്കാന്‍ ശ്രമമെന്ന് ജിസിഡിഎ

കൊച്ചിയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന ഡോള്‍ഫിന്‍ പാര്‍ക്ക് പദ്ധതി അട്ടിമറിക്കാന്‍ ഉത്തരേന്ത്യന്‍ ലോബി ശ്രമിക്കുന്നതായി വിശാലകൊച്ചി വികസന അതോറിറ്റി.

പദ്ധതിക്കെതിരെ മേനകാഗാന്ധി അടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത് ഉത്തരേന്ത്യന്‍ ലോബിക്ക് വേണ്ടിയാണെന്നും ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ പറഞ്ഞു. എതിര്‍പ്പുകള്‍ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ജിസിഡിഎയുടെ തീരുമാനം. പദ്ധതിക്ക് ജിസിഡിഎ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ അനുമതിക്കായുള്ള അപേക്ഷ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വിഷന്‍ 2013 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൊച്ചി മറൈന്‍ ഡ്രൈവിന് സമീപത്ത് ഡോള്‍ഫിന്‍ പാര്‍ക്ക് നിര്‍മ്മിക്കാന്‍ ജിസിഡിഎ തീരുമാനിച്ചത്. പാര്‍ക്ക് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സിംഗപൂരില്‍ നിന്നുള്ള ഇനിടോണ്‍ കമ്പനിയുമായി ജിസിഡിഎ അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നു. ഗോശ്രീ പാലത്തിന് സമീപമുള്ള ഒരേക്കര്‍ 30 സെന്റ് സ്ഥലമാണ് പദ്ധതിക്കായി വിട്ടുനല്‍കുക. 25 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചിലവ്.

പദ്ധതിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡോള്‍ഫിന്‍ പാര്‍ക്ക് പാഴ്‌ചെലവാണെന്നും ഇത് ഡോള്‍ഫിനുകളുടെ നാശത്തിന് വഴിവെയ്ക്കുമെന്നായിരുന്നു മേനകാ ഗാന്ധിയുടെ വിമര്‍ശനം. പാര്‍ക്കിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മേനകാ ഗാന്ധി കത്തയയ്ക്കുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.