CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 34 Minutes 40 Seconds Ago
Breaking Now

ഇത് ചരിത്രം; ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ വാനോളമുയര്‍ത്തി സേവനം യുകെ യുടെ രണ്ടാം വാര്‍ഷികം പ്രൗഢഗംഭീരമായി...

നമ്മുടെ കൊച്ചുകേരളത്തില്‍ നവോത്ഥാന ലക്ഷ്യങ്ങളോടെ പിറവിയെടുത്ത ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശങ്ങള്‍ക്ക് ബ്രിട്ടനില്‍ പുതിയ വഴിത്താര രചിച്ച് 'സേവനം യുകെ'. ഗുരുദേവന്റെ വിശ്വമാനവികതയുടെ സന്ദേശങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ സമ്മാനിച്ചാണ് സേവനം യുകെ രണ്ടാം വാര്‍ഷികം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ഡെര്‍ബിയിലെ ഹിന്ദു ക്ഷേത്രം ഗീതാഭവന്‍ ഹാളില്‍ അരങ്ങേറിയത്. ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധര്‍മ്മ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുകെയിലെ പുതിയ സീറോ മലബാര്‍ സഭാ മതബോധന ഡയറക്ടര്‍ ഫാ. ജോയ് വയലില്‍ വാര്‍ഷികസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് വേദിയിലേക്ക് ഇരുവരെയും സ്വീകരിച്ചാനയിച്ചത്. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഫാ. ജോയി വയലിലിനുള്ള സേവനം ഉപഹാരം ഗുരുപ്രസാദ് സ്വാമി കൈമാറി. 

ആധുനിക ഭാരതത്തിന്റെ ദാര്‍ശനിക ആത്മീയ മണ്ഡലങ്ങളില്‍ മാനവീകതയുടെ ശക്തമായ സ്വരമായിരുന്നു ശ്രീനാരായണ ഗുരു.നാം ഒരേ ചൈതന്യത്തില്‍ നിന്ന് വരുന്നു എന്ന സത്യം മനസിലാക്കി ജീവിക്കണം.പുതിയ കാലത്തെ ജീവിത ശൈലിയില്‍ ശ്രീരാനാരയ ഗുരുദേവന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളതെന്ന് ഫാദര്‍ ജോയി വയലില്‍ പറഞ്ഞു.

ഗുരുദേവന്‍ മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി സേവനമനോഭാവത്തോടെ ചുറ്റുമുള്ള സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് 'സേവനം യുകെ'. യുകെയിലുള്ള ശ്രീനാരായണീയരുടെ ഒത്തുചേരലിന് വേദിയൊരുക്കിയ സേവനം യുകെയുടെ വാര്‍ഷികാഘോഷം ഇക്കുറി ഒരു ചുവടുകൂടി മുന്നിലെത്തി. ലോകത്തിലെ ഏറ്റവും വലിയ ശ്രീനാരായണീയ പ്രസ്ഥാനമായി വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന സേവനം യുകെയുടെ പ്രവര്‍ത്തനപാതയിലെ നാഴികകല്ലായി രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. 

ഗുരുവിന്റെ സന്ദേശം ലോകത്തിന് വേണ്ടിയുള്ള മഹിതമായ സന്ദേശമായിരുന്നു.ഗുരുവിനെ ഗുരുദേവനായി സാമൂഹിക പരിഷ്‌കര്‍ത്താവായും വിപ്ലവകാരിയായും നവോത്ഥാന നായകനായും ഒക്കെ നമുക്ക് അനുയോജ്യമായി വ്യാഖ്യാനിക്കാം.പക്ഷെ ഇതു മാത്രമായിരുന്നോ ഗുരു എന്ന് ചിന്തിക്കണം.ലളിതമായ ജീവിതത്തിലൂടെ മഹത്വരമായ ആശയങ്ങള്‍ ലോകത്തിന് സംഭാവന നല്‍കി ലോക നന്മയ്ക്കായി പ്രവര്‍ത്തിച്ച ഗുരുദേവന്റെ പാത ഓരോരുത്തര്‍ക്കും മാതൃകയാണെന്നും ഗുരുപ്രസാദ് സ്വാമി പറഞ്ഞു.

ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തില്‍ നടന്ന ശാന്തി ഹവനവും, സര്‍വ്വൈശ്വര്യ പൂജയും നടന്നു. കുടുംബങ്ങളുടെ ഐക്യത്തിനും, ഐശ്വര്യത്തിനും, ലോകസമാധാനത്തിനുമായി ചടങ്ങിനെത്തിയ ഓരോ വ്യക്തിയും അണിനിരന്നു. മികച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ജിസിഎസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഡോ. ബിജുവിന്റെ മകള്‍ക്ക് സേവനം യുകെ അവാര്‍ഡ് സമ്മാനിച്ചു. സഹജീവികളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സേവനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വാര്‍ഷികാഘോഷ വേദിയിയില്‍ തുടക്കമായി. സേവനം യുകെ വനിതാ സംഘം ചാരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വീടുകളില്‍ വെക്കാനുള്ള ചാരിറ്റി ബോക്‌സ് ഇതിന്റെ ആദ്യപടിയായി കൈമാറി. സേവനം ഗ്രന്ഥശാലയുടെ പുസ്തകങ്ങളും വേദിയില്‍ വനിതാസംഘം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.

വാര്‍ഷികാഘോഷവേദിയില്‍ സേവനം വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും, സേവനം ന്യുസ് ലോഗോയുടെ പ്രകാശനവും ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമി നിര്‍വ്വഹിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഐടി കണ്‍വീനര്‍ ആശിഷ് സാബു, വിശാല്‍, പ്രതീഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ അരങ്ങേറി. കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്ക്  ട്രോഫികള്‍ സമ്മാനിച്ചു. വാര്‍ഷികാഘോഷങ്ങള്‍ക്ക് രുചിയുടെ മാറ്റേകാന്‍ വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയിരുന്നത്. രാജു പപ്പുവിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് മിഡ് ലാന്‍ഡ് ഹിന്ദു കള്‍ച്ചറല്‍ സമാജം അവതരിപ്പിച്ച വാദ്യമേളം ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി. വൈകീട്ട് 6 മണിയോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമായി. 

സേവനം യു കെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടികളില്‍ പങ്കെടുത്ത് അവിസ്മരണീയമാക്കി മാറ്റിയ എല്ലാ  കുടുംബാംഗങ്ങളോടും ഭാരവാഹികള്‍ നന്ദി അറിയിച്ചു. ഗുരുപ്രസാദ് സ്വാമി, ഫാദര്‍ ജോയി വയലില്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് മഹനീയമായ പരിപാടിയിലൂടെ 'ജാതിമതരഹിത സമൂഹം' എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സേവനം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജമാണ് കൈവന്നിരിക്കുന്നത്. റേഡിയോ, ന്യൂസ് ചാനല്‍ തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് കൊണ്ട് പരിസമാപ്തിയിലെത്തിയ സേവനം യുകെ വാര്‍ഷികാഘോഷങ്ങള്‍ അതിന്റെ പൂര്‍ത്തീകരണത്തിനായുള്ള യത്‌നങ്ങളില്‍ മുഴുകും. 

സേവനം യുകെ കുടുംബസംഗമം ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമായ ചതയം നാളില്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ചതയദിനാഘോഷങ്ങള്‍ സെപ്റ്റംബര്‍ 10, ഞായറാഴ്ച വൂസ്റ്ററില്‍ അരങ്ങേറും.

വാർത്ത:ദിനേശ് വെള്ളാപ്പിള്ളി 

 




കൂടുതല്‍വാര്‍ത്തകള്‍.