CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 34 Seconds Ago
Breaking Now

ദൈവിക പദ്ധതിപ്രകാരമുള്ളവ നിത്യം നിലനില്‍ക്കുന്നു: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഫാത്തിമാ: ദൈവിക പദ്ധതി പ്രകാരമുള്ളവ നിത്യം നിലനില്‍ക്കുന്നു എന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഫാത്തിമായിലെ പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ നടത്തുന്ന മരിയന്‍ തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസം തീര്‍ത്ഥാടകര്‍ക്കൊപ്പം ഫാത്തിമായിലുളള പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ബസിലിക്കായില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം

ദൈവത്തെ കൂടാതെ മനുഷ്യന്‍ വിഭാവനം ചെയ്യുന്നതും പടുത്തുയര്‍ത്തുന്നതും ആത്യന്തികമായി നിലനില്‍ക്കുകയില്ലെന്ന സത്യം പുരാതന കാലത്ത് ബാബേല്‍ ഗോപുരവും ആധുനിക കാലത്ത് ജര്‍മ്മനിയിലെ ബര്‍ലിന്‍ മതിലും നമ്മെ പഠിപ്പിക്കുന്നു.

ഈ നൂറ്റാണ്ടില്‍ സഭയേയും ലോകത്തേയും ആഴമായി സ്വാധീനിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മൂന്നു തവണയാണ് തീര്‍ത്ഥാടകനായി ഫാത്തിമായില്‍ എത്തിയത്. ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട അദ്ദേഹം പരിശുദ്ധ കന്യകാ മറിയത്തെ സ്വന്തം അമ്മയായി സ്വീകരിക്കുകയും സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും മറിയത്തിന്റെ വിദ്യാലയത്തില്‍ നിന്ന് പഠിക്കുകയും ചെയ്തു. 1981 ല്‍ റോമില്‍ വച്ചുണ്ടായ വധശ്രമമടക്കം അനേകം ദുരിതങ്ങളെ നേരിടുവാന്‍ അദ്ദേഹത്തിന് കരുത്തു ലഭിച്ചത് ഈ മരിയ സമര്‍പ്പണത്തില്‍ നിന്നാണ്. 1916 ല്‍ ആരംഭിച്ച പ്രാര്‍ത്ഥനകള്‍ക്കും പരിഹാരങ്ങള്‍ക്കും ശേഷമാണ് ഇടയ കുട്ടികളായിരുന്ന ലൂസിക്കും ഫ്രാന്‍സീസിനും ജസീന്തായ്ക്കും 1917 ല്‍ മറിയത്തെ കാണാനും സന്ദേശം സ്വീകരിക്കുവാനും സാധിച്ചത്. ലോകത്തിലെ ശബ്‌ദഘോഷങ്ങള്‍ക്കുപരി നിത്യജീവിതത്തിന്റെ പ്രതീകമായ നിശ്ശബ്ദതയില്‍ ദൈവത്തിന്റെ സ്വരം ശ്രവിക്കുവാന്‍ വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും പരിശ്രമിക്കണമെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

ഫാ. സെബാസ്റ്റ്യന്‍ കൂട്ടിയാനിക്കല്‍ എസ്. വി. ഡി., ഫാ. ഡൊമനിക്ക് കുപ്പയില്‍ പുത്തന്‍പുരയില്‍, ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി., ഫാ. സജി തോട്ടത്തില്‍, ഫാ. ജോയി വയലില്‍ സി. എസ്. റ്റി., ഫാ. ഫാന്‍സുവ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. 24ന് ആരംഭിച്ച തീര്‍ത്ഥാടനം 27ന് സമാപിക്കും

അടിക്കുറിപ്പ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഫാത്തിമാ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം. ഫാ. സെബാസ്റ്റ്യന്‍ കൂട്ടിയാനിക്കല്‍ എസ്. വി. ഡി., ഫാ. ഡോമനിക്ക് കുപ്പയില്‍ പുത്തന്‍പുരയില്‍, ഫാ. പോള്‍ വെട്ടിക്കാട്ട് സി. എസ്. റ്റി., ഫാ. സജി തോട്ടത്തില്‍, ഫാ. ജോയി വയലില്‍ സി. എസ്. റ്റി., ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ സമീപം.

വാർത്ത: ബിജു കുന്നയ്ക്കാട്ട് 

 




കൂടുതല്‍വാര്‍ത്തകള്‍.