വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശത്താൽ ധന്യമായ കോട്ടയം ജില്ലയിലെ മുട്ടുചിറ ഗ്രാമത്തിൽ നിന്നും യുകെയിൽ കുടിയേറി പാർത്തിരിക്കുന്ന നിവാസികളുടെ കൂട്ടായ്മയായ മുട്ടുചിറ സംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഓരോ വർഷവും യുകെയുടെ വ്യത്യസ്തയിടങ്ങളിൽ വച്ച് നടത്തപ്പെടുന്ന മുട്ടുചിറ സംഗമം ഈ സെപ്റ്റംബർ രണ്ടിന് ശനിയാഴ്ച സ്റ്റോക്ക് ഓൺ ട്രെൻഡിൽ വച്ച് സിറിൽ മാഞ്ഞൂരാന്റെ നേതൃത്വത്തിൽ ആണ് നടത്തപ്പെടുക.
രാവിലെ 10 മണിക്ക് ഫാ. വർഗീസ് നടയ്ക്കലിന്റെയും ഫാ. ബെന്നി മരങ്ങോലിയുടെയും വിശുദ്ധ കുർബാനയോട് കൂടി കൂട്ടായ്മക്ക് തുടക്കം കുറിക്കും. തുടർന്ന് നാട്ടിൽ നിന്നും എത്തിച്ചേരുന്ന ഫാ. വർഗീസ് നടയ്ക്കലിനെയും ഫാ. ബെന്നി മരങ്ങോലിയെയും മുട്ടുചിറയുടെ സാംസ്കാരിക മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നിറഞ്ഞു നിൽക്കുന്ന തോമസ് മാഞ്ഞൂരാനെയും നാട്ടിൽ നിന്നും തങ്ങളുടെ മക്കളെയും സ്നേഹിതരെയും കാണുവാൻ എത്തിച്ചേരുന്ന മാതാപിതാക്കന്മാരെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കുന്നതായിരിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് വിശിഷ്ടാതിഥികളും മാതാപിതാക്കളും ചേർന്ന് തിരി തെളിയിക്കുന്നതോട് കൂടി ഒൻപതാമത് മുട്ടുചിറ സംഗമത്തിന്റെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും നോട്ടിങ്ങ്ഹാം ബോയ്സിന്റെ ഗാനമേളയും കൂട്ടായ്മക്ക് മിഴിവേകും.
വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കുട്ടികളെ സംഗമവേദിയിൽ വച്ച് ആദരിക്കുന്നതായിരിക്കും. ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്നവർക്കായുള്ള താമസ സൗകര്യങ്ങൾക്കായുള്ള ക്രമീകരണങ്ങളും നടന്നു വരുന്നു.
യുകെയുടെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന 100 ഓളം കുടുംബങ്ങളിൽപ്പെട്ട തങ്ങളുടെ ചിരകാല സുഹൃത്തുക്കളെയും സഹപാഠികളെയും നാട്ടുകാരെയും നേരിൽ കാണുവാനും പരിചയം പുതുക്കുവാനുമുള്ള അസുലഭ അവസരത്തിലേക്ക് എല്ലാ മുട്ടുചിറ നിവാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
സിറിൽ മാഞ്ഞൂരാൻ: 07958675140
ഹാളിന്റെ വിലാസം:
Bradwell Community Centre, Riceyman Road, Newcastle Under Lyme Stoke On Trent, ST5 8LF
വാർത്ത: സാബു ചുണ്ടക്കാട്ടിൽ