CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 45 Minutes 21 Seconds Ago
Breaking Now

ഏഴ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു; കേരളത്തില്‍ പാവപ്പെട്ടവന്റെ ഗതികേട് ഇതൊക്കെ തന്നെ, അതോ തമിഴന്‍ ആയിപ്പോയ കുറ്റംകൊണ്ടോ? ; പിണറായിക്ക് അ(പ)ഭിമാനത്തോടെ പറയാം കേരളം നം. 1 എന്ന്!

അഞ്ചും, മൂന്നും വയസ്സുള്ള രണ്ട് മക്കളെയും, സഹോദരനെയും കൂട്ടിയാണ് മുരുകന്റെ ഭാര്യ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയത്.

കേരളം നം. 1 ആണ്! കേരള സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലെ മുഖ്യധാരാ പത്രങ്ങളില്‍ അഭിമാനപൂര്‍വ്വം നല്‍കിയ പരസ്യത്തിലാണ് ഈ അവകാശവാദം. വിദ്യാഭ്യാസം, മുതല്‍ മെട്രോ റെയില്‍ വരെയുള്ള നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് കേരളം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെന്ന് പ്രസ്താവിച്ചത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ചാവിഷയമായി ദേശീയതലത്തില്‍ ഉയര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് മറുപടിയായാണ് ഈ പരസ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാല്‍ ഒരു സാധാരണക്കാരന്‍, ഒരു തമിഴന്‍ ചികിത്സ കിട്ടാതെ കൊല്ലപ്പെട്ട ദിവസമാണ് ഈ പരസ്യം പുറത്തുവന്നതെന്നത് വെറും യാദൃച്ഛികമല്ല.

കൊല്ലം ചാത്തന്നൂരിലാണ് അപകടത്തില്‍പെട്ട തിരുനെല്‍വേലി സ്വദേശി മുരുകന്‍ വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു മുരുകന്‍. അഞ്ചും, മൂന്നും വയസ്സുള്ള രണ്ട് മക്കളെയും, സഹോദരനെയും കൂട്ടിയാണ് മുരുകന്റെ ഭാര്യ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയത്. മോര്‍ച്ചറിയില്‍ പുറത്തുകൊണ്ടുവന്ന മൃതദേഹം കണ്ട് ഇവര്‍ തലകറങ്ങിവീണു. ഇടയ്ക്കിടെ ബോധം ഉണര്‍ന്നെങ്കിലും വീണ്ടും മയങ്ങിവീഴുന്ന അവസ്ഥ കണ്ട് ചുറ്റുമുള്ളവരുടെ കണ്ണുകളും നിറഞ്ഞു.

ഏഴ് ആശുപത്രികളാണ് അപകടത്തില്‍പെട്ട മുരുകന് ചികിത്സ നിഷേധിച്ചത്. കൊല്ലത്ത് നിന്നും ആശുപത്രികള്‍ കയറിയിറങ്ങി തിരുവനന്തപുരം വരെ പരുക്കേറ്റയാളെ എത്തിച്ചു. വെന്റിലേറ്റര്‍ സംവിധാനം ഇല്ലെന്നായിരുന്നു പരിശോധിക്കാന്‍ പോലും തയ്യാറാകാത്ത സര്‍ക്കാര്‍ ആശുപത്രിക്കാരുടെ നിലപാട്. ഒരു തമിഴന്‍ ചത്താല്‍ നമുക്കെന്ത് എന്ന നിലപാട് തന്നെയാണ് ആശുപത്രിക്കാര്‍ മുരുകനെ ചികിത്സിക്കാതിരുന്നതിന് പിന്നില്‍. ചോദിക്കാനും, പറയാനുമൊന്നും ആരും വരാനില്ലാത്ത ഇദ്ദേഹത്തെ ചികിത്സിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്ന് അവര്‍ക്ക് വ്യക്തമായറിയാം.

തല്‍ക്കാലത്തെ വാര്‍ത്തകളും, വിവാദങ്ങളും കഴിഞ്ഞാല്‍ മുരുകന്റെ നഷ്ടം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മാത്രം നഷ്ടമാകുമെന്ന് അറിയാത്ത ആരാണ് കേരളത്തിലുള്ളത്? പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുരുകന്റെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. ഇനി കൂടിപ്പോയാല്‍ അന്വേഷണങ്ങള്‍ക്കൊടുവില്‍ വീഴ്ച സംഭവിച്ചെന്ന് ഒരു റിപ്പോര്‍ട്ടും, കുറച്ച് നഷ്ടപരിഹാരവും നല്‍കി തടിയൂരുകയും ചെയ്യും സര്‍ക്കാര്‍. നം. 1 പദവി നേടിയെന്ന് പരസ്യം മാത്രം നല്‍കിയാല്‍ പോരാ, അത് പ്രവൃത്തിയില്‍ കാണിക്കാന്‍ കുറച്ച് മനഃസാക്ഷി കൂടി ഉണ്ടാകണം. മുരുകന്റെ ഭാര്യയും, രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമാണ് ഇനി ബാക്കിയുള്ളത്. അവര്‍ നാട്ടിലേക്ക് തിരികെപോയാല്‍ പിന്നെ എല്ലാം കെട്ടടങ്ങും.

അത് സര്‍ക്കാരിനും ആശുപത്രികള്‍ക്കും മറ്റ് അധികൃതര്‍ക്കും വ്യക്തമായറിയാം. അതുകൊണ്ട് തന്നെ പിണറായിക്കും, സംഘത്തിനും പൊതുപണം ചെലവാക്കി ഇനിയും പരസ്യം നല്‍കാം, കേരളം നം. 1 ആണെന്ന് പ്രഖ്യാപിക്കാം, സ്വയം അഭിമാനിക്കാം!
കൂടുതല്‍വാര്‍ത്തകള്‍.