CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 15 Minutes 41 Seconds Ago
Breaking Now

വിമാനം വൈകിയതില്‍ ബേജാറായി കുഞ്ഞാപ്പ; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് പാഴാക്കിയതിന് പഴികേട്ട കുഞ്ഞാലിക്കുട്ടി വിമാന കമ്പനിയ്‌ക്കെതിരെ; വിമാനം വൈകുമ്പോള്‍ നാട്ടുകാര്‍ക്കുള്ള ബുദ്ധിമുട്ട് ഇവരും അറിയട്ടെ!

വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നതിനാല്‍ ലീഗ് എംപിമാര്‍ക്ക് ഇതിനുള്ള അവസരം ലഭിച്ചില്ല.

എയര്‍ ഇന്ത്യയുടെ ആസ്ഥാനം മലപ്പുറത്ത് എങ്ങാനുമായിരുന്നെങ്കില്‍ ആ ഓഫീസൊന്ന് തല്ലിപ്പൊളിച്ച് പകരംവീട്ടാമായിരുന്നു കുഞ്ഞാപ്പയ്ക്ക്. ഇതിപ്പോള്‍ എയര്‍ഇന്ത്യ ചരിത്രത്തില്‍ ആദ്യമായിട്ടൊന്നുമല്ല വൈകി പറക്കുന്നത്. നാട്ടുകാര്‍ പലകുറി പരാതി പറഞ്ഞിട്ടും വലിയ മാറ്റമൊന്നും സേവനത്തില്‍ ഉണ്ടായിട്ടില്ല. എലൈറ്റ് ക്ലാസില്‍ യാത്ര ചെയ്യുന്ന കേരളത്തിലെ നേതാക്കന്‍മാരൊന്നും ഇതിന്റെ വിലയും മനസ്സിലാക്കിയില്ല. പക്ഷെ കേരളത്തിലെ സേവനം മതിയാക്കി അങ്ങ് ലോക്‌സഭയിലേക്ക് ചേക്കേറിയ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബാണ് എയര്‍ ഇന്ത്യയുടെ ഗുണം ഇപ്പോള്‍ മനസ്സിലാക്കിയത്.

എയര്‍ ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പറന്ന മുസ്ലീം ലീഗ് എംപിമാര്‍ക്ക് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പറ്റാതെ പോയിരുന്നു. വിമാനം വൈകിയത് മൂലമാണ് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗുകാര്‍ക്ക് സഭയില്‍ എത്താന്‍ കഴിയാതെ പോയത്. എന്നാല്‍ ഇത്രയും സുപ്രധാനമായ വോട്ടിംഗില്‍ പങ്കെടുക്കാന്‍ എന്തുകൊണ്ട് തലേന്ന് തന്നെ ഡല്‍ഹിയില്‍ എത്തിയില്ലെന്ന ചോദ്യം ഉയരുന്നുണ്ട്. അക്കാര്യത്തില്‍ വീഴ്ച സംഭവിച്ചതായി സാഹിബ് തന്നെ സമ്മതിക്കുന്നു. കുഞ്ഞാലിക്കുട്ടിയും, പി.വി. അബ്ദുള്‍ വഹാബും വോട്ട് രേഖപ്പെടുത്താതെ പോയത് പാര്‍ട്ടിക്കുള്ളിലും, യുപിഎയിലും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

വോട്ട് ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നതിനാല്‍ ലീഗ് എംപിമാര്‍ക്ക് ഇതിനുള്ള അവസരം ലഭിച്ചില്ല. വിമാനം വൈകിയതാണ് ഇതിന് കാരണമെന്ന് വിശദീകരിച്ചെങ്കിലും പാര്‍ട്ടി തൃപ്തിപ്പെട്ടില്ല. ഇതോടെയാണ് എയര്‍ ഇന്ത്യക്കെതിരെ വിമര്‍ശനവുമായി കുഞ്ഞാപ്പ രംഗത്തെത്തിയത്. മനഃപ്പൂര്‍വ്വം വിമാനം വൈകിച്ച് തങ്ങളെ വോട്ട് ചെയ്യാതാക്കിയെന്നാണ് ആരോപണം. മാത്രമല്ല കേന്ദ്രം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം, ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് ഭീഷണി.

ഈ കുഞ്ഞാലിക്കുട്ടി സാഹിബിനെ പോലുള്ളവര്‍ മനസ്സിലാകേണ്ട ഒരു കാര്യമുണ്ട്, ഇവര്‍ക്ക് മാത്രമല്ല സമയത്തിന് വിലയുള്ളതെന്ന് ഇവരൊക്കെ തിരിച്ചറിയണം. വിദേശത്തേക്ക് പോകുന്ന ഭൂരിപക്ഷം മലയാളികളും ആശ്രയിക്കുന്നത് എയര്‍ ഇന്ത്യയെയാണ്. വന്നാല്‍ വന്നെന്ന് പറയുന്ന അവസ്ഥയില്‍ സഞ്ചരിക്കുന്ന ദേശീയ വിമാന കമ്പനിയെ നന്നാക്കിയാല്‍ നിരവധി കുടുംബങ്ങളുടെ അന്നത്തിന് അത് ഗുണം ചെയ്യും. ഇതാദ്യമായി ലാഭക്കണക്കുകളിലേക്ക് കമ്പനി എത്തിയിട്ടുണ്ടെങ്കിലും സേവനം സര്‍ക്കാര്‍ രീതിയില്‍ തന്നെ തുടരുന്നു. പ്രവാസികളുടെ ദുരിതം ഇടയ്‌ക്കെങ്കിലും കുഞ്ഞാപ്പയെ പോലുള്ളവര്‍ അറിയണം, എന്നാലേ കാര്യങ്ങള്‍ക്കൊരു തീരുമാനം ഉണ്ടാകൂ!







കൂടുതല്‍വാര്‍ത്തകള്‍.