CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 20 Seconds Ago
Breaking Now

സീറോ മലങ്കര കത്തോലിക്കാ സഭയുടെ വാൽസിംഹാം തീർത്ഥാടനം സെപ്റ്റംബർ 24ന് ...

ലണ്ടൻ: ഇംഗ്ലണ്ടിലെ നസ്രത്തായ വാൽസിംഹാം തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭാ കുടുംബങ്ങളുടെ വാർഷിക തീർത്ഥാടനം സെപ്റ്റംബർ 24ന് ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നു. എൺപത്തിയേഴാം പുനരൈക്യ വാർഷികവും ഇതോടനുബന്ധിച്ചു ആഘോഷിക്കുന്നു. യുകെയിലെ മലങ്കര കത്തോലിക്കാ സഭയെ പരിശുദ്ധ ദൈവമാതാവിന്റെ തിരുസന്നിധിയിൽ സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങളിൽ നടന്നു വരുന്നു.

തീർത്ഥാടന ദിനം ഏറ്റവും അനുഗ്രഹപ്രദമാകുന്നതിന് വിവിധ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു. 11 മണിക്ക് ആരംഭ പ്രാർത്ഥനയോടും ധ്യാനചിന്തയോടും കൂടെ തീർത്ഥാടനത്തിന് ആരംഭം കുറിക്കും. തുടർന്ന് പരിശുദ്ധമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള തീർത്ഥാടന യാത്ര. 2.30 ന് ആഘോഷമായ വി. കുർബ്ബാന, വചന സന്ദേശം, മധ്യസ്ഥ പ്രാർത്ഥന എന്നിവയും ഉണ്ടായിരിക്കും. 

യുകെയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടൻ, വെസ്റ്റ് ലണ്ടൻ, മാഞ്ചസ്റ്റർ, സൗത്താംപ്റ്റൻ, ഗ്ളാസ്ഗോ, കവൻട്രി, ലൂട്ടൻ, ആഷ്‌ഫോർഡ്, നോട്ടിങ്ങ്ഹാം, ഷെഫീൽഡ്, ബ്രിസ്റ്റോൾ, ഗ്ലോസ്റ്റർ, ക്രോയിഡോൺ, ലിവർപൂൾ എന്നീ മിഷനുകളിലെ എല്ലാ കുടുംബങ്ങളുടെയും ഒത്തുചേരലായി രിക്കും വാൽസിംഹാം തീർത്ഥാടനം. 

മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാർഷിക ആഘോഷങ്ങളും ഇതോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നു. 1930 സെപ്റ്റംബർ 30ന് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ സഭാ പുനരൈക്യം നടന്നത്. കഴിഞ്ഞ 87 വർഷങ്ങൾ സഭയെ വഴിനടത്തിയ നല്ലവനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാകും മലങ്കര കത്തോലിക്കാ സഭാ അംഗങ്ങളുടെ കൂടി വരവ്. അതോടൊപ്പം യൂറോപ്പിന്റെ അജപാലന ശുശ്രൂഷയ്ക്കായി ലഭിച്ച അപ്പസ്തോലിക വിസിറ്റേറ്റർ നിയുക്ത മെത്രാൻ ജോൺ കൊച്ചുതുണ്ടിൽ പിതാവിനെയോർത്ത് നന്ദി പറയാനും പരിശുദ്ധ ദൈവ മാതാവിന്റെ വിമല ഹൃദയത്തിൽ യുകെയിലെ മലങ്കര കത്തോലിക്കാ സഭയെ സമർപ്പിക്കാനും ഉള്ള അവസരമാകും വാർഷിക തീർത്ഥാടനം. തിരുക്കർമ്മങ്ങൾക്ക് യുകെ കോർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിലും ചാപ്ലയിൻ ഫാ. രഞ്ജിത്ത് മഠത്തിപ്പറമ്പിലും നേതൃത്വം നൽകും. 

വിലാസം:

National Shrine 

Friday Market Place 

Walsingham 

NR226EG 

വാർത്ത: ജോൺസൻ ജോസഫ് 

   




കൂടുതല്‍വാര്‍ത്തകള്‍.