CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 21 Minutes 17 Seconds Ago
Breaking Now

സ്വിന്‍ഡനില്‍ വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങള്‍ ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ ഉത്ഘാടനം ചെയ്തു.

സ്വിന്‍ഡന്‍ : വില്‍ഷെയര്‍  മലയാളി അസോസിയേഷന്റെ (WMA)   പതിനഞ്ചാമത് വാര്‍ഷിക ആഘോഷങ്ങള്‍ (ക്രിസ്റ്റല്‍ ജൂബിലി) സ്വിന്‍ഡന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ വച്ച് ബ്രിസ്റ്റോള്‍ ബ്രാഡ്‌ലി സ്റ്റോക്ക് ഡെപ്യൂട്ടി മേയര്‍ ടോം ആദിത്യ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു.  ഓണാഘോഷങ്ങള്‍ക്ക് ഒപ്പം നടന്ന സാംസ്‌കാരിക സമ്മേളനത്തിലാണ് ക്രിസ്റ്റല്‍ ജൂബിലിയുടെ ഉത്ഘാടനം പരമ്പരാഗതമായ ആവേശവും പൈതൃകമായ കലാപരിപാടികളും കോർത്തിണക്കിക്കൊണ്ട് കെങ്കേമമായത്. അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌മോന്‍ ചാക്കോ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. വേദനിക്കുന്ന സഹോദരങ്ങളുടെ കണ്ണീര്‍ തുടക്കുവാന്‍ നാം പരിശ്രമിച്ചാല്‍ മാത്രമേ ഓണാഘോഷങ്ങളുടെ യഥാര്‍ത്ഥ മൂല്യം പ്രാവര്‍ത്തികമാകുകയുള്ളു എന്ന് ഏവൺ ആൻഡ് സോമർസെറ്റ് പോലീസ് ബോർഡ് വൈസ് ചെയര്‍മാന്‍ കൂടിയായ മുഖ്യാതിഥി കൗൺസിലർ ടോം ആദിത്യ ഓണസന്ദേശമായി പറഞ്ഞു.

മത- ജാതി- കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങള്‍ ഇല്ലാതെ  എല്ലാ കേരളീയരും ആഘോഷിക്കുന്ന  ദേശിയ ഉത്സവമായി ഓണം മാറാന്‍ കാരണം സ്‌നേഹത്തിന്റെയും, നന്മയുടെയും, വിട്ടുകൊടുക്കലിന്റെയും മഹത്തായ സന്ദേശം അതില്‍ ഉള്ളത് കൊണ്ടാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ (WMA) പതിനഞ്ചു വര്‍ഷത്തെ സേവനങ്ങളെ ടോം ആദിത്യ ശ്ശാഘിക്കുകയും, അതിനു വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങളെയും അഭിവന്ദിക്കുകയും, തുടര്‍ന്നും ശക്തമായി അടുത്ത തലമുറയ്ക്കായി മുന്നേറി പ്രവൃത്തിക്കുവാന്‍ ആഹ്വാനവും ചെയ്തു.

റവ. ഫാ. സജി നീണ്ടൂര്‍ തന്റെ അനുഗ്രഹപ്രഭാഷണത്തില്‍ കുടുംബബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും പരസ്പര സ്‌നേഹത്തോടും ബഹുമാനത്തോടും ആയിരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടി. അസോസിയേഷന്‍ സെക്രട്ടറി സജി മാത്യു, UUKMA റീജിയണല്‍ ട്രഷറര്‍ ജിജി വിക്ടര്‍, ജോര്‍ജ് തോമസ് തുടങ്ങിയവരും പ്രസംഗിച്ചു. വില്‍ഷെയറില്‍ നിന്ന് ബ്രിട്ടീഷ് എംപയര്‍ മെഡലിന് അര്‍ഹനായ റോയ് സ്റ്റീഫനെ സമ്മേളനത്തില്‍ ആദരിച്ചു. വിദ്യാഭ്യാസ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ റോഷിനി പാലാട്ടിനെയും, ആല്‍വിന്‍ സജിയെയും, യുക്മ വള്ളംകളിയില്‍ വിജയിച്ച പുരുഷ, വനിതാ ടീം അംഗങ്ങളെയും പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി സമ്മേളനം അനുമോദിച്ചു.                

സ്വിന്‍ഡന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ രാവിലെ 9.30നാണ് ഓണാഘോഷപരിപാടികള്‍ ആരംഭിച്ചത്. നാന്നൂറ് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ആഘോഷം ഏറെ മികവുറ്റതായി. മനോഹരമായ ഓണപ്പൂക്കളം ഒരുക്കിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും, രസം പകര്‍ന്ന ഓണക്കളികൾ, കായിക മത്സരങ്ങള്‍, വടംവലി, ഹസ്ത ഗുസ്തി എന്നിവയും നടന്നു. രണ്ടു തരം പായസവും 24 കൂട്ടം വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യ ഏവര്‍ക്കും ആസ്വാദ്യകരമായിരുന്നു.

ഓണസദ്യക്ക് ശേഷം ചെണ്ടമേളങ്ങളുടെയും, വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. എല്ലാവര്‍ക്കും മഹാബലി ഓണാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കലാപരിപരിപാടികള്‍ ആരംഭിച്ചു.  റെയ്‌മോള്‍ നിധീരി,  റ്റിങ്കീ ടോമി, ടെസ്സി അജി, അനു ചന്ദ്ര, സിജി ജോസി, ജൂലി മാത്യു, ഷിജി ജോര്‍ജ്, ജിനി വർഗീസ് തുടങ്ങിയ വനിതകള്‍ അണിയിച്ചൊരുക്കിയ തിരുവാതിര അതീവ മനോഹരമായിരുന്നു. 

കേരളീയ നൃത്ത സംഗീത കലകളുടെ ആവേശമുണര്‍ത്തിയ നിമിഷങ്ങളാണ് പിന്നീട് വേദിയിലെത്തിയത്. ഡാന്‍സ് സ്‌കൂളിലെ കൊച്ചു കലാകാരികളും കലാകാരന്മാരും അംഗങ്ങളും അവതരിപ്പിച്ച നയനമനോഹരമായ ക്ലാസിക്കല്‍, സെമി-ക്ലാസിക്കല്‍ നൃത്തങ്ങളും, ഫ്യൂഷന്‍ ഡാന്‍സും, സിനിമാറ്റിക് ഡാന്‍സും, മറ്റു   കലാപരിപാടികളും അരങ്ങേറി. തോമസ് മദന്‍ പൗലോസും, രാജേഷ് പൂപ്പാറയിലും, കൃപ ജോര്‍ജും, ഡോണ ജോണും, സ്വിന്‍ഡന്‍ സ്റ്റാര്‍സ് ടീം  അംഗങ്ങളും പാട്ടുകള്‍ പാടി സദസ്സില്‍ കയ്യടി നേടി.  കലാപരിപാടികള്‍  എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു.

 വേദിയില്‍ കുട്ടികളുടെ മികച്ച പ്രകടനങ്ങള്‍ ആരേയും അത്ഭുതപ്പെടുത്തുന്നവയായിരുന്നു. മത്സരങ്ങളില്‍ വിജയികളായവര്‍ക്കു മുഖ്യാഥിതി സമ്മാനങ്ങള്‍ നല്‍കി. ഒരു നല്ല ഓണകാലത്തിന്റെ ഓര്‍മകളും ആയി, ഒരു വർഷം നീണ്ടു നില്‍ക്കുന്ന ക്രിസ്റ്റല്‍ ജൂബിലി ആഘോഷ പരിപാടികള്‍ വിജയിപ്പിക്കുവാന്‍ ഒന്നായി ചേര്‍ന്ന് പരിശ്രമിക്കുമെന്ന ദൃഢനിശ്ചയത്തോടും, പ്രാര്‍ത്ഥനയോടും WMA യുടെ എല്ലാ അംഗങ്ങളും സന്തോഷകരമായി സൗഹൃദം പങ്കുവച്ചു.  

കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം   

വാർത്ത: ജെയ്‌മോൻ ചാക്കോ 

 

 




കൂടുതല്‍വാര്‍ത്തകള്‍.