യഥാര്‍ത്ഥത്തില്‍ കെയ്റ്റ് ഒരു പോരാളിയാണോ? രാജഭരണം നിലനിന്നിരുന്ന കാലത്താണെങ്കില്‍ ഇതിന് ഒരു അനിവാര്യതയുണ്ടായിരുന്നു. ഇപ്പോള്‍ ജനാധിപത്യത്തിലേക്ക് തിരിഞ്ഞ രാജ്യത്ത് രാജകുടുംബത്തില്‍ ഒരു പോരാളി ഉണ്ടായിട്ട് എന്ത് കാര്യം? എന്നാല്‍ കെയ്റ്റിനെ പോരാളിയെന്ന് വിശേഷിപ്പിക്കുന്നത് മറ്റൊരു കാര്യം കൊണ്ടാണ്. കഴിഞ്ഞ മാസം മൂന്നാമത്തെ കുഞ്ഞിന് ഗര്‍ഭം ധരിച്ച കേംബ്രിഡ്ജ് ഡച്ചസ് കടുത്ത ശാരീരിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോകുന്നത്. മോണിംഗ് സിക്നസ് കൂടുതലായതിനാല്‍ ആഴ്ചകളായി രാജകീയ ചുമതലകളില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു അവര്‍. എന്നാല്‍ മെന്റല്‍ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കായുള്ള വിരുന്നില്‍ തന്റെ കുഞ്ഞ് വയറുമായി കെയ്റ്റ് പ്രത്യക്ഷപ്പെട്ടു.
ശാരീരിക അസ്വസ്ഥതകളെ വകവെയ്ക്കാതെ ചടങ്ങിനെത്തിയതോടെയാണ് കേംബ്രിഡ്ജ് ഡച്ചസിനെ പോരാളിയെന്ന വിശേഷണത്തിന് അര്‍ഹയായത്. ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന വിരുന്നില്‍ വില്ല്യമിനും, ഹാരിയ്ക്കും ഒപ്പം കെയ്റ്റ് പങ്കെടുത്തത്. ഇപ്പോഴും ഹൈപ്പറെമെസിസ് ഗ്രാവിഡാറം മൂലം ബുദ്ധിമുട്ടുകയാണ് കെയ്റ്റെന്ന് സഹായികള്‍ വ്യക്തമാക്കുന്നു. ഇതെല്ലാം മാറ്റിവെച്ചാണ് ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായുള്ള വിരുന്നില്‍ ആതിഥ്യമരുളാന്‍ കെയ്റ്റ് രംഗത്തിറങ്ങിയത്. രാജകീയ ദൗത്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥ ഉടലെടുത്തതോടെയാണ് കെന്‍സിംഗ്ടണ്‍ കൊട്ടാരം ഗര്‍ഭവാര്‍ത്ത നേരത്തെ പുറത്തുവിട്ടത്.
ശാരീരിക അസ്വസ്ഥതകള്‍ തുടരുകയാണെങ്കിലും നില മെച്ചപ്പെട്ട് വരികയാണെന്ന് സഹായികള്‍ വെളിപ്പെടുത്തി. ഈ ചടങ്ങിന്റെ സവിശേഷത കൂടി പരിഗണിച്ചാണ് കെയ്റ്റ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ബുദ്ധിമുട്ടുകള്‍ മറന്ന് ചടങ്ങിനെത്തിയ കെയ്റ്റിനെ അതിഥികള്‍ പ്രകീര്‍ത്തിച്ചു. ഒരു പോരാളിയെ പോലെയാണ് ഡച്ചസ് എത്തിയതെന്ന് സ്റ്റുഡന്റ് മൈന്‍ഡ്സ് ചാരിറ്റിയിലെ ഡോ. നിക്കോള ബൈറോം അഭിപ്രായപ്പെട്ടു. 12 ആഴ്ചയ്ക്ക് ശേഷം മറ്റ് പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയാകും കൊട്ടാരത്തില്‍ നിന്നും പ്രസവതീയതി പുറത്തുവിടുക. ചില ചടങ്ങുകളില്‍ കെയ്റ്റ് പങ്കെടുക്കുമെങ്കിലും പൂര്‍ണ്ണമായ രാജകീയ ചുമതകള്‍ ഏറ്റെടുക്കില്ല.
മാനസികപ്രശ്നങ്ങള്‍ തങ്ങളെ എത്രത്തോളം ബാധിച്ചെന്ന് വ്യക്തമാക്കിയവരാണ് വില്ല്യം, ഹാരി രാജകുമാരന്മാര്. അതുകൊണ്ട് തന്നെ മാനസിക ആരോഗ്യ രംഗത്തെ പ്രവര്‍ത്തകര്‍ ഒരുമിച്ചെത്തുന് ചടങ്ങില്‍ പങ്കെടുക്കുന്നത് കെയ്റ്റിനെ സംബന്ധിച്ച് സുപ്രധാനമായിരുന്നു.