CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 25 Minutes 14 Seconds Ago
Breaking Now

ലീഡര്‍ പരലോകത്തിരുന്ന് സന്തോഷിക്കും; പിണറായി അടിച്ച ഗോളില്‍ കോളടിച്ചത് ചെന്നിത്തലയ്ക്ക്; സോളാറില്‍ കുരുങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍!

ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഒതുങ്ങി, ബെന്നി ബെഹനാനും, കെ.സി. വേണുഗോപാലും ഷെഡ്ഡില്‍ കയറി.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളി പുതിയ കാര്യമൊന്നുമല്ല. പാര്‍ട്ടിയേക്കാള്‍ വലിയ ഗ്രൂപ്പുകളാണ് ആ പാര്‍ട്ടിയിലുള്ളത്. സോളാര്‍ കേസില്‍ കുരുങ്ങിയ കോണ്‍ഗ്രസ് നേതാക്കളെ കണ്ട് പരലോകത്തിരുന്ന് ലീഡര്‍ കെ.കരുണാകരന്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന് അഭിപ്രായപ്പെട്ട് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സോളാര്‍ റിപ്പോര്‍ട്ടില്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഗോളടിച്ചതെങ്കിലും കോളടിച്ചത് രമേശ് ചെന്നിത്തലയ്ക്കാണെന്ന് ജയശങ്കര്‍ അഭിപ്രായപ്പെട്ടു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍ക്കാലികമായാണ് എംഎം ഹസനെ പിടിച്ചിരുത്തിയിരിക്കുന്നത്. സോളാറിന്റെ തലവേദന ഒഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് എത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ഉമ്മന്‍ചാണ്ടി. അപ്പോഴാണ് അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഉമ്മന്‍ചാണ്ടി മുതലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതി കാണിച്ചെന്ന് മാത്രമല്ല ലൈംഗിക പീഡനം നടത്തിയെന്ന് കൂടിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപിച്ചത്. ഇതോടെ രമേശ് ചെന്നിത്തലയുടെ ശക്തിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

'ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഒതുങ്ങി, ബെന്നി ബെഹനാനും, കെ.സി. വേണുഗോപാലും ഷെഡ്ഡില്‍ കയറി. കെപിസിസി പ്രസിഡന്റായി ഇനി ആര് വന്നാലും രമേശിന് പുല്ലാണ്.'

'പിണറായി സഖാവ് മനഃപ്പൂര്‍വമല്ലെങ്കില്‍ പോലും ബിജെപിക്ക് വലിയ സഹായമാണ് ചെയ്തത്. അമിത്ഷായുടെ മകന്‍ അമിതമായി പണമുണ്ടാക്കി എന്ന ആരോപണത്തില്‍ പിടിച്ച് രാഹുല്‍ഗാന്ധി ആക്രമണം കടുപ്പിക്കുമ്പോഴാണ് സോളാര്‍ സ്‌ട്രോക്ക് ഉണ്ടായത്. ജസ്റ്റിസ് ശിവരാജന്റെ റിപ്പോര്‍ട്ട് പൊക്കിപ്പിടിച്ചാകും ഗുജറാത്തില്‍ മോദി പ്രചരണം നടത്തുക. അഴിമതിക്കു മാത്രമല്ല സ്ത്രീ പീഡനത്തിനും രാഹുല്‍ ന്യായം പറയേണ്ടി വരും'

'ഇല്ലാത്ത ചാരക്കേസുണ്ടാക്കി കരുണാകരനെ താഴെയിറക്കിയവരാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാര്‍. കാലം കണക്കുതീര്‍ക്കുന്നത് ലീഡര്‍ പരലോകത്തിരുന്ന് കാണുന്നുണ്ടാകും'.

ഇങ്ങനെ പോകുന്നു അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുന്‍ മദ്യമന്ത്രി കെ.ബാബുവിന്റെ പേര് സരിതയെ പേടിപ്പിച്ചവരുടെയും, പീഡിപ്പിച്ചവരുടെയും പട്ടികയില്‍ ഇല്ലെന്നും അദ്ദേഹം അടിക്കുറിപ്പായി എടുത്ത് പറയുന്നുണ്ട്. സോളാര്‍ കേസ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് നേതൃസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് മുന്‍തൂക്കം നല്‍കുന്നുവെന്നതാണ് വസ്തുത.








കൂടുതല്‍വാര്‍ത്തകള്‍.