CURRENCY RATE -
1 GBP :
85.67 INR
1 EUR :
76.33 INR
1 USD :
65.02 INR
Last Updated :
41 Minutes 10 Seconds Ago
Breaking Now

പിതാവ് ഉണ്ടാക്കിയ പാന്‍കേക്ക് കഴിച്ച് 9 വയസ്സുകാരി മരിച്ചു; ഐടി കണ്‍സള്‍ട്ടന്റ് വിനോദിന്റെ സ്‌നേഹം മകള്‍ക്ക് സമ്മാനിച്ചത് കടുത്ത അലര്‍ജി; ചങ്ക് തകര്‍ന്ന് ആ മാതാപിതാക്കള്‍ നൈനികയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഓഫാക്കി!

അലര്‍ജി ഉണ്ടാക്കാനുള്ള യഥാര്‍ത്ഥ കാരണം ഇപ്പോഴും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

മക്കള്‍ക്ക് സ്‌നേഹത്തോടെ ഉണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണം അവരുടെ ജീവനെടുത്താലോ? ചങ്ക് തകര്‍ന്നുപോകും. മക്കള്‍ ആരോഗ്യത്തോടെ വളരാന്‍, അവര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം ഒരുക്കാന്‍ ഒക്കെയാണ് മാതാപിതാക്കള്‍ അധ്വാനിക്കുന്നത്. എന്നാല്‍ സ്‌നേഹത്തോടെ വെച്ചുവിളമ്പിയ പാന്‍കേക്ക് അലര്‍ജിക് റിയാക്ഷന്‍ സമ്മാനിച്ചപ്പോള്‍ പൊലിഞ്ഞത് ഒരു കുഞ്ഞ് ജീവന്‍. മകള്‍ക്ക് സ്‌നേഹത്തോടെ പിതാവ് ഉണ്ടാക്കിയ പാന്‍കേക്കിന്റെ ഒരൊറ്റ കഷ്ണമാണ് 9 വയസ്സുകാരിയായ നൈനിക ടിക്കുവിന്റെ ജീവനെടുത്തത്. നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹാരോവില്‍ നിന്നുമുള്ള ഐടി കണ്‍സള്‍ട്ടന്റ് വിനോദിന്റെയും, ലക്ഷ്മിയുടെയും മകളാണ് നൈനിക. മകളുടെ ആവശ്യപ്രകാരം ബ്ലാക്ക്‌ബെറികള്‍ ഉപയോഗിച്ചാണ് 41-കാരനായ വിനോദ് ഡയറി-ഫ്രീ പാന്‍കേക്ക് പാകം ചെയ്തത്. എന്നാല്‍ ബ്ലാക്ക്‌ബെറികള്‍ക്ക് കുട്ടിക്ക് അലര്‍ജി ഉണ്ടാക്കുന്നവയായിരുന്നുവെന്ന് ആ പിതാവ് തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. 

മെയ് 22-നായിരുന്നു കുട്ടി കടുത്ത അനാഫിലാക്ടിക് റിയാക്ഷന്‍ മൂലം മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഞ്ചാം ദിവസം നൈനികയുടെ മാതാപിതാക്കള്‍ ആ ബുദ്ധിമുട്ടേറിയ തീരുമാനം കൈക്കൊണ്ടു. മകളുടെ ബുദ്ധിമുട്ട് നീട്ടിക്കൊണ്ടുപോകാതെ അവള്‍ക്ക് നല്‍കിവന്നിരുന്ന ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം പിന്‍വലിക്കുക. ഒരിക്കലും ശരിപ്പെടുത്താന്‍ കഴിയാത്ത തരത്തില്‍ തലച്ചോറിന് കേടുപാടുകള്‍ സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് ഈ ബുദ്ധിമുട്ടേറിയ തീരുമാനം സ്വീകരിച്ചത്. മരിക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് ബ്ലാക്ക്‌ബെറിയില്‍ അലര്‍ജിയുള്ളതായി തിരിച്ചറിഞ്ഞത്. ഡയറി ഫ്രീ പാന്‍കേക്കാണ് ഉണ്ടാക്കിയതെങ്കിലും ഇതില്‍ ചേര്‍ത്ത ഘടകങ്ങളാണോ റിയാക്ഷന്‍ ഉണ്ടാക്കിയതെന്ന് വ്യക്തമല്ലെന്ന് അമ്മ ലക്ഷ്മി പറയുന്നു. 

അലര്‍ജി ഉണ്ടാക്കാനുള്ള യഥാര്‍ത്ഥ കാരണം ഇപ്പോഴും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ലക്ഷ്മിയെ തേടി ഭര്‍ത്താവിന്റെ ഫോണ്‍ കോള്‍ വന്നപ്പോള്‍ മറുതലയ്ക്കല്‍ കരച്ചിലായിരുന്നു. വേഗം വീട്ടിലേക്ക് വന്ന് മകളെ രക്ഷിക്കൂ എന്നായിരുന്നു വിനോദ് കരച്ചിലിനിടെ പറഞ്ഞൊപ്പിച്ചത്. ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് പാഞ്ഞെത്തുമ്പോള്‍ നീലനിറത്തിലായി മാറിയ കുഞ്ഞ് ജീവനായി പോരടിക്കുകയായിരുന്നു. പാരാമെഡിക്കുകള്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തി. പെട്ടെന്ന് തന്നെ നോര്‍ത്ത്‌വിക്ക് ഹോസ്പിറ്റലിലേക്ക് എത്തിച്ചു. ഒരു മണിക്കൂറിന് ശേഷം കുട്ടിയുടെ പള്‍സ് സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ചെത്തിയെങ്കിലും ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ തലച്ചോറിന് കേടുപാട് സംഭവിക്കുകയായിരുന്നു. 

രണ്ട് ദിവസത്തിന് ശേഷം പാഡിംഗ്ടണ്‍ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൂടുതലൊന്നും ചെയ്യാനുണ്ടായില്ല, ബ്രെയിന്‍ ഡെഡ് ആണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. നൈനികയുടെ പേരില്‍ ഒരു ഫൗണ്ടേഷന്‍ ആരംഭിച്ച് അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ച് ഗവേഷണത്തിന് പണം സ്വരൂപിക്കുകയാണ് ഇപ്പോള്‍ വിനോദും, ലക്ഷ്മിയും. 




കൂടുതല്‍വാര്‍ത്തകള്‍.