CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 53 Minutes 49 Seconds Ago
Breaking Now

ശരത് കാല അവധിയാഘോഷത്തിനായി "സ്നേഹ അയൽക്കൂട്ടം"ഗ്ലോസ്റ്റെർ ക്രാഫ്റ്റ് ഫാം പാർക്കിലേക്ക് .

ബ്രിസ്റ്റോൾ-: ശിശിരകാലത്തിന് മുന്നോടിയായുള്ള ശരത് കാലം പൊതുവെ വിരസമാണെങ്കിലും ബ്രിസ്റ്റോളിലുള്ള ഫിഷ്‌പോണ്ട്സ് സ്നേഹ അയൽക്കൂട്ടം ഈ പ്രാവശ്യവും ആഘോഷത്തിനൊരുങ്ങുകയാണ് . ഗ്ലോസ്റ്റെർഷെയറിലുള്ള ക്രോഫ്റ് ഫാം പാർക്കിലുള്ള ക്യാമ്പിലാണ് ഒക്ടോബർ ഇരുപതു മുതൽ രണ്ടു രാത്രിയും മൂന്ന് പകലുകളും അയൽക്കൂട്ടം കുടുംബങ്ങൾ ഒത്തുചേരുന്നത്.  മലമ്പാമ്പിനോടും മലമ്പനിയോടും മല്ലടിച്ചു കേരളഭൂവിന്റെ മലയോരങ്ങളിൽ പോലും "മരതകം" വിളയിച്ച പിതാമഹന്മാരുടെ പാരമ്പര്യ രക്തവാഹികളായ മലയാളികളുടെ കൂട്ടായ്മയാണ് സ്നേഹ അയൽക്കൂട്ടം . അതുതന്നെയാവണം ശരത് കാലത്തിന്റെ പ്രവചനാതീതമായ കാലാവസ്ഥയെപ്പോലും ഭയപ്പെടാതെ ക്യാമ്പിൽ പങ്കെടുക്കാനുള്ള അയൽക്കൂട്ടം കുടുംബങ്ങളുടെ തീരുമാനത്തിന് പിന്നിലുള്ള നിശ്ചയദാർഢ്യത്തിന്റെ അടിസ്ഥാനവും .

ഒത്തൊരുമ കൊണ്ട് ബ്രിസ്റ്റോൾ മലയാളികൾക്കിടയിലെങ്കിലും എന്നും പരാമർശ വിഷയമാകുന്ന " സ്നേഹ അയൽക്കൂട്ടം" മുൻ വർഷങ്ങളിൽ വിദേശ യാത്രയും വിവിധ സ്ഥലങ്ങളിൽ ത്രിദിന ക്യാമ്പുകളും നടത്തിയിട്ടുണ്ട് . പക്ഷെ ഇത്തവണ കൂടുതൽ കാലാനുസൃത മാറ്റങ്ങളോടെയാണ് ക്യാമ്പ് നടത്തപ്പെടുന്നത് . തികച്ചും ആരോഗ്യകരമായ നൂതന ഭക്ഷണ സംവിധാനവും , വിനോദങ്ങളുമാണ് ഈ വർഷം ക്രമീകരിച്ചിരിക്കുന്നത് .

ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങൾക്കിടയിൽ കാലം നമുക്കെന്നോ നഷ്ടമാക്കിയ സ്വസ്ഥതയും ശാന്തതയും തിരികെപ്പിടിക്കാനുള്ള അവസരമാണ് ക്യാമ്പ് ലക്ഷ്യമിടുന്നതെന്ന് അയൽക്കൂട്ടത്തിന്റെ ഇപ്പോഴത്തെ കൺവീനർ കൂടിയായ പ്രശസ്ത കലാകാരൻ റോജി ചങ്ങനാശ്ശേരി പറഞ്ഞു. ക്യാമ്പിനെക്കുറിച്ചുള്ള പ്രൊമോഷൻ വീഡിയോ ഇപ്പോൾ തന്നെ "വൈറൽ " ആയിരിക്കുകയാണ്. അയൽക്കൂട്ടം കുടുംബാംഗമായ ഡേവിഡ് സെബാസ്റ്റ്യൻ എന്ന പത്താം ക്ലാസ്സുകാരനാണ് വീഡിയോയുടെ  ശില്പി .

ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി വാട്ടർ പാർക്കിൽ നടത്തുന്ന " വള്ളം കളി" മത്സരം പ്രത്യേകം ശ്രദ്ധേയമാകും . പങ്കെടുക്കുന്നവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തുന്നത് . ഭൂതകാല സ്മരണകളുണർത്തുന്ന " കാരിച്ചാൽ" , "നടുഭാഗം", പാർത്ഥസാരഥി" തുടങ്ങിയ പേരുകളാണ് വള്ളങ്ങൾക്ക് നൽകിയിരിക്കുന്നത് . വള്ളം കളി കൂടുതൽ ആവേശകരമാക്കാനുള്ള പദ്ധതികളാണ് മുതിർന്ന കമ്മറ്റി അംഗങ്ങളായ പയസ് മാത്യു മരുതുകുന്നേൽ, സജി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നത് .

വള്ളം കളി കൂടാതെ കുട്ടികൾക്കുള്ള ഫിലിം ഷോകൾ , ഫാമിലി കാനോയിങ്, പവർ ബോട്ടിങ് തുടങ്ങിയവയും ക്രമീകരിച്ചിട്ടുള്ളതായി സെക്രട്ടറി എബ്രഹാം മാത്യു , ആർട്സ് കോഓർഡിനേറ്റർ സന്തോഷ് ജേക്കബ് പുത്തേട്ട് , യൂത്ത് കോഓർഡിനേറ്റർ വിവിയൻ ജോൺസൻ എന്നിവർ അറിയിച്ചു . ആർട്സ് കോഓർഡിനേറ്റർ സന്തോഷ് , സെക്രട്ടറി എബ്രഹാം മാത്യു എന്നിവരും അയൽക്കൂട്ടത്തിലേ കലാപ്രതിഭകളും ചേർന്ന് പ്രത്യേകം തയ്യാറാക്കിയ " റിലാക്സേഷൻ എന്റർടൈമെന്റ്സ് " ക്യാമ്പിലുള്ളവർക്കു വേറിട്ടൊരനുഭവമാകും .

വാർത്ത: മാനുവൽ മാത്യു 




കൂടുതല്‍വാര്‍ത്തകള്‍.