CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 5 Minutes 52 Seconds Ago
Breaking Now

നന്മയുടെ നേർക്കാഴ്ചകളുമായി പ്രവാസി മലയാളികളുടെ സാംസ്ക്കാരിക ജിഹ്വയായ "ജ്വാല"യുടെ ഒക്ടോബർ ലക്കം പ്രസിദ്ധികരിച്ചു

എൺപതുകളുടെ അവസാനം വരെയുള്ള  സ്കൂൾ ജീവിതത്തിൽ മറക്കാനാവാത്ത ഒരാഴ്ചക്കാലം ഉണ്ടായിരുന്നു. "സേവന വാരം" എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ ദിവസങ്ങൾ വിദ്യാർത്ഥികൾക്കു ഒരു ഉത്സവ പ്രതീതിയായിരുന്നു അന്നുണ്ടായിരുന്നത്‌.   സ്കൂളും പരിസരപ്രദേശങ്ങളും വൃത്തിയാക്കുക, വീടുകൾ ഓലമേഞ്ഞുകൊടുക്കുക, കാർഷീക വിളകൾ സ്കൂളിൽ കൊണ്ടുവന്നു പാചകം ചെയ്ത്‌ എല്ലാ വിദ്യാർത്ഥികളും കൂടെ ഒരുമിച്ചിരുന്ന് ഭക്ഷിക്കുക, മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുക എന്നീ കാര്യങ്ങൾക്ക്‌ മുൻഗണന നൽകി, ഗാന്ധിയൻ ചിന്തകളെ കുട്ടികളിലേക്ക്‌ പകർത്തുക എന്ന ലക്ഷ്യത്തോടെ  ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ എല്ലാ സ്കൂളുകളിലും ഇത്‌ ചെയ്തിരുന്നു.

സ്കൂൾ ജീവിതത്തിലേക്ക്‌ എത്തി നോക്കുവാൻ പ്രേരിപ്പിക്കുന്ന റെജി നന്തിക്കാട്ടിന്റെ എഡിറ്റോറിയലാണു മുകളിലെ വരികൾക്കാധാരം. ഒക്ടോബർ 2 നു ഭാരതം മാഹാത്മാഗാന്ധിയുടെ 148 ാമത്   ജന്മദിനം ആഘോഷിച്ചു. ഭാരതീയർക്ക്‌ വ്യക്തമായ ദിശാബോധവും ധാർമ്മീക ശക്തിയും പകർന്ന സ്വാതന്ത്ര്യ സമര നേതാവായിരുന്ന രാഷ്ട്ര പിതാവിനെ വിസ്മരിക്കുവാൻ ഭരണ നേതൃത്വം ശ്രമിക്കുമ്പോൾ രാജ്യം അപകടത്തിലേക്കാണു പോകുന്നത്‌ എന്ന ശക്തമായ മുന്നറിയിപ്പ്‌ നൽകുന്ന എഡിറ്റോറിയലിൽ ഗാന്ധിയൻ ദർശ്ശനങ്ങൾക്ക്‌ വേണ്ട പ്രാധാന്യം നൽകുവാനും വർഗ്ഗീയ ചിന്തകളെ പാടെ ഉന്മൂലനം ചെയ്യുവാനും ആഹ്വാനം ചെയ്യുന്നു.

ഈ ലക്കത്തിന്റെ മുഖചിത്രം  ഈ വർഷത്തെ (2017) നൊബേൽ സമ്മാന ജേതാവായ ബ്രിട്ടീഷ് എഴുത്തുകാൻ കസുവോ ഇഷിഗുറോയുടേതാണു. ജപ്പാനിൽ ജനിച്ച കസുവോ അഞ്ചു വയസ്സുള്ളപ്പോൾ കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. 1989 ൽ പ്രസിദ്ധീകരിച്ച ' ദ റിമെയിൻസ് ഒഫ് ദ ഡേ ' എന്ന നോവലാണ് കസുവോയെ നൊബേൽ സമ്മാനത്തിന് അർഹനാക്കിയത്. കസുവോയെ പ്രശസ്തിയിലേക്കുയർത്തിയ  ഈ നോവൽ 1989 ൽ മാൻ ബുക്കർ പ്രൈസ് നേടുകയും  1993 ൽ സിനിമയാക്കുകയും ചെയ്തു. 'ദ റിമെയിൻസ് ഒഫ് ദ ഡേ ' യുടെ മലയാള പരിഭാഷ ' ഒടുവിൽ അവശേഷിച്ചത് ' എന്ന പേരിൽ ഡി സി ബുക്സ് അടുത്തയാഴ്ച്ച പ്രസിദ്ധീകരിക്കുന്നുണ്ട്. 

ഭാഷയും ഭാഷാപരമായ പ്രകാശനങ്ങളുമൊന്നാകെ വിശകലനാത്മക രീതിശാസ്ത്രത്താൽ സാംസ്കാരീക വിഷയമായി രൂപാന്തരപ്പെടുന്ന  പ്രക്രിയക്ക്‌ മുൻകൈവന്നതിനെ പറ്റി പ്രതിപാതിച്ചുകൊണ്ടു ഡോ. സി ജെ ജോർജ്ജ്‌ എഴുതിയ "വായനയുടെ പൂക്കാലം" എന്ന ലേഖനത്തിൽ സാഹിത്യകൃതികളുടെ വിശകലനം അനുഭവപരമായ അനുഭൂതിപരമായ സൗന്ദ്യര്യപരമായ തലങ്ങളെ ആഴപ്പെടുത്തുകയും സൂക്ഷമവത്കരിക്കുകയും ചെയ്യുന്ന സാംസ്കാരീകമായ മനസ്സിലാക്കലും  ആധുനീക മനസ്സിന്റെ ആത്മവിമർശനങ്ങളുമായിതീരുന്ന പ്രവൃത്തിയായി ഉയർത്തിക്കാട്ടുന്നു. സാഹിത്യം പഠനവിഷയമാക്കിയവർക്കും വായനാശീലമുള്ളവർക്ക്‌ ഒരു മുതൽ കൂട്ടാണു ഈ ലേഖനം എന്നു അടിവരയിട്ട്‌ പറയേണ്ടിയിരിക്കുന്നു. 

ഒരു അനുഭവക്കുറിപ്പ്‌ പോലെ തോന്നിക്കുന്ന ശ്രീ പി ജെ ജെ ആന്റണിയുടെ "അഛനും അമ്മയും പ്രത്യയശാസ്തവും" എന്ന കഥ നമ്മുടെ ചുറ്റുമുള്ള രാഷ്ട്രീയ കുടുംബങ്ങളുടെ ഒരു നേർച്ചിത്രം വരച്ചുകാട്ടുന്നു. 

സ്നേഹം ശരീരത്തിലല്ല മനസ്സിലാണു ഉണ്ടാവേണ്ടത്‌ എന്നു വായനക്കാരെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു  സീമ മേനോൻ "അതീതം" എന്ന കഥയിൽ കൂടി. തെല്ല് നെഞ്ചിടിപ്പും ആകാക്ഷയും നിറഞ്ഞ, സുരേഷ്‌ എം ജി മലയാള വിവർത്തനം ചെയ്ത, ബ്രോം സ്റ്റോക്കറുടെ കഥ "ഡ്രാക്കുളയുടെ അതിഥി" വായനക്കാരിൽ ഉദ്വേഗം ജനിപ്പിക്കുമെന്നതിൽ സംശയം വേണ്ട. 

ഇറ്റാലിയൻ നോവലിസ്റ്റായ ഉംബേർത്തോ എക്കോയുടെ "ഓൺ ബ്യൂട്ടി: എ ഹിസ്റ്ററി ഒഫ്‌  എ വെസ്റ്റേൺ ഐഡിയ" എന്ന പുസ്തകത്തെ ആസ്പദമാക്കി ലാസർ ഡി സിൽവ എഴുതിയ ലേഖനം  "കലാചരിത്രത്തിന്റെ ചിത്രതാളുകൾ", പ്രേംകുമാർ കെ പി പരിഭാഷപ്പെടുത്തിയ പാക്കിസ്ഥാനി എഴുത്തുകാരി സാബിൻ ജാവേരി ജില്ലാനിയുടെ കഥ "അങ്ങനെ ലോകം അങ്ങ്‌ മാറിപോയി", ഡോണാ മയൂരയുടെ കവിത "ഉന്മീലനം" ജോർജ്ജ്‌ അറങ്ങാശ്ശേരിയുടെ സ്മരണകളിലേക്ക്‌ ഒരു മടക്കയാത്ര എന്ന പംക്തിയിൽ "ശശിയുടെ കുസൃതികൾ", വി ജയദേവിന്റെ കവിത "വഴിയിൽ", വിനീത്‌ രാജിന്റെ കവിത "നേർക്കാഴ്ച", എന്നിവയും യുക്മ യൂത്തിൽ ബീനാ റോയി എഴിതിയ "ലെറ്റ്‌ മീ ബീ" എന്ന ഇംഗ്ലീഷ്‌ കവിതയും ഈലക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.               

ജ്വാല ഒക്ടോബർ ലക്കം വായിക്കുവാൻ ഇവിടെ ക്ലിക്‌ ചെയ്യുക      

വാർത്ത: വർഗീസ് ഡാനിയേൽ (യുക്മ പി ആർ ഒ)

 




കൂടുതല്‍വാര്‍ത്തകള്‍.