CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 27 Minutes 7 Seconds Ago
Breaking Now

വില്യം ഷേക്സ്പിയറിന്റെ ജന്മനാട്ടിൽ - കാരൂർ സോമൻ എഴുതുന്ന യാത്രാ വിവരണം

ബ്രിട്ടിഷുകാർ സർഗ്ഗധനരായ എഴുത്തുകാരെ ഏറെ ബഹുമാനിക്കുന്നവരാണ്. വിവേകമുളളവർക്കു മാത്രമേ പുതുമകള്‍ സൃഷ്ടിക്കുന്ന സാഹിത്യകാരന്മാരെ ഉൾക്കൊളളാനാകൂ. ഈ ബുദ്ധിജീവികള്‍ സമൂഹത്തെ ചൂഴ്ന്നു നിൽക്കുന്ന ജീർണ്ണതകളെ എന്നും എതിർക്കുന്നവരാണ്. അവർ സമൂഹത്തിന് എന്നും നന്മകൾ മാത്രമേ നൽകിയിട്ടുളളൂ. ഇന്ത്യയിൽ എഴുത്തുകാരെ വെടിവെച്ചു കൊല്ലുന്നവർ പെറ്റമ്മയ്ക്കു തുല്യമായ ഭാഷയെ കൊല ചെയ്യുന്ന ജാതിമത ഭ്രാന്തന്മാർ കൂടിയാണ്. ഇവരെ പോറ്റിവളർത്തുന്ന ഭരണകർത്താക്കൾ ഭാഷയെയും സാഹിത്യത്തെയും കൊലചെയ്യാൻ ഒത്താശ ചെയ്യുന്നവരാണ്. വികസിത രാജ്യങ്ങളിൽ മതങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല. ജനങ്ങളുടെ പ്രശ്നങ്ങൾക്കാണ് അവർ പരിഗണന നല്കുന്നത്.

ധാരാളം സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ് വിശ്വസാഹിത്യകാരനായ വില്യം ഷേക്സ്പിയറിന്റെ ജന്മഗൃഹവും അദ്ദേഹത്തിന്റെ ഗ്ലോബ് തിയേറ്ററും. സ്ട്രാറ്റ് ഫോഡിലാണിത്. ഞാനും സാഹിത്യകാരൻ ജോർജ് ഒാണക്കൂറും കൂടിയാണ് അവിടേക്ക് പോയത്. ഷേക്സ്പിയറിന്റെ ജന്മം കൊണ്ട് ധന്യമായ സ്ട്രാറ്റ്ഫോഡ് അപ്പോൺ ഏവൺ ഞങ്ങൾ ആരാധനയോടെ നോക്കിക്കണ്ടു. ഹെൻലി തെരുവിലാണ് ആ പ്രസിദ്ധ ഗൃഹം. വീടിനു മുമ്പിലുളള റോഡിൽ വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. 

തെരുവിലേക്ക് കയറുന്നിടത്ത് പഴമ കൂടുകൂട്ടിയ ഭംഗിയുളള ഒരു പബ്. അതിനു മുന്നിൽ മുകൾവശം തുറന്ന ഒരു ഹോപ് ഒാൺ ഒാഫ് ബസ് ഉണ്ടാവും. 25 പൗണ്ട് കൊടുത്ത് അതിൽ കയറിയാൽ ആ പ്രദേശത്തുളള കാഴ്ചകൾ നമ്മുടെ സമയം പോലെ കാണാം. 24 മണിക്കൂർ ടിക്കറ്റ് സാധുവാണ്. ഒരിടത്ത് കൂടുതൽ സമയം വേണമെങ്കിൽ അങ്ങനെയാകാം. കണ്ടു കഴിഞ്ഞ് ഇതേ ടിക്കറ്റ് ഉപയോഗിച്ച് അവിടുന്നുളള അടുത്ത ബസ്സിൽ കയറാം. ഷേക്സ്പിയറുടെ വീടിനോടടുക്കുമ്പോൾ ഫുട്പാത്തിൽതന്നെ എഴുതി വച്ചിരിക്കുന്നു - ഷേക്സ്പിയറിന്റെ പ്രേതം (ഷേക്സ്പിയേഴ്സ് ഗോസ്റ്റ്.) തമാശയാവാം. പഴമ പോലെ തന്നെ ഇംഗ്ലിഷുകാർക്ക് പക്ഷേ പ്രേതങ്ങളും ഹരമാണ്. ചിലർ അതിൽ ഗവേഷണം പോലും നടത്തുന്നു. പ്രേത നടത്തങ്ങൾ (ഗോസ്റ്റ് വോക്ക്സ്) സംഘടിപ്പിക്കലൊക്കെ ഇവിടെ വലിയ സംഭവമാണ് ഇപ്പോഴും.

ഷേക്സ്പിയേഴ്സ് ബർത്പ്ലേസ് എന്ന ബോർഡ് തന്നെ അദ്ഭുതാദരങ്ങൾ ഉണര്‍ത്തുന്നതാണ്. 12 പൗണ്ടാണ് പ്രവേശനഫീസ്. ചുരുക്കം സ്ഥലങ്ങളിലൊഴികെ എല്ലായിടവും പ്രവേശന ഫീസുണ്ട്. ഇത്തിരി കട്ടിയാണ് ഫീസ് (മാഡം തുസാട്സിൽ 20 പൗണ്ടായിരുന്നേ..!) എന്നു തോന്നുമെങ്കിലും സ്ഥലങ്ങളെല്ലാം നന്നായി പരിപാലിച്ചിരിക്കുന്നതു കണ്ടാൽ ആ ആ തോന്നൽ മാറും. തുകൽ വ്യാപാരിയുടെ മകനായി ജനിച്ച അക്ഷരരാജാവിന്റെ ഗൃഹം വളരെ ആവേശത്തോടെയാണ് മിക്കവരും കണ്ടാൽ ആ തോന്നൽ മാറും. തുകൽ വ്യാപാരിയുടെ മകനായി ജനിച്ച അക്ഷരരാജാവിന്റെ ഗൃഹം വളരെ ആവേശത്തോടെയാണ് മിക്കവരും കാണുക. പഴമ മുറ്റി നിൽക്കുന്ന പല മുറികളിലായി, ബിബിസി സഹായത്തോടെ ഒരുക്കിയ ചെറിയ ഫിലിം ഷോം ആണ് ആദ്യം. ഷേക്സ്പിയറിന്റെ ജനനം, ബാല്യം, കൗമാരം, യൗവനം ഇവയിലൂടെ നമ്മളും അപ്പോൾ കടന്നുപോകും. പിന്നെ വിശ്വപ്രസിദ്ധമായ ഉദ്ധരണികളുടെ വിഡിയോ ക്ലിപ്പിങ്ങുകൾ! അതു മനസ്സിലുണർത്തിയ വികാരം പറയാവതല്ല. സ്ഥാനത്തും അസ്ഥാനത്തും അർഥമറിഞ്ഞും അറിയാതെയും ഇവയെല്ലാം എത്ര പ്രയോഗിച്ചിരിക്കുന്നു! ഇനി എത്ര തലമുറകൾ പ്രയോഗിക്കാനിരിക്കുന്നു. 

ഫിലിം ഷോ കണ്ടു കഴിഞ്ഞ് ജന്മഗൃഹത്തിലെത്താം. സ്വീകരണമുറിയിൽ സ്വാഗതം ചെയ്യുന്നത് അന്നത്തെ വേഷഭൂഷകൾ ധരിച്ച ഒരു വനിത. പഴയ ഫർണിച്ചർ എല്ലാം നഷ്ടപ്പെട്ടെങ്കിലും നല്ലവണ്ണം ഗവേഷണം നടത്തി ഷേക്സ്പിരിയൻ കാലഘട്ടം പുനർജ്ജനിപ്പിച്ചിരിക്കുന്നു. ഫയർപ്ലേസുകളിൽ തീയുണ്ട്. ഊണുമേശ കഴിക്കാൻ ഒരുക്കിയതുപോലെ. പിതാവിന്റെ സ്ഥലത്ത് ഗ്ലൗസ് തുടങ്ങിയ തുകൽ സാധനങ്ങൾ. കട്ടിലും തൊട്ടിലും വിറകും അടുക്കളയും മേശയും കസേരയും. അന്നത്തെ ആൾക്കാരൊഴികെ ബാക്കിയെല്ലാം പുനർജ്ജനിപ്പിച്ചിരിക്കുന്നു, തന്മയത്വത്തോടെ. വാസ്തവത്തിൽ നമ്മൾ 2010 ലാണെന്നത് മറന്നുപോയി അവിടെ നിന്നപ്പോൾ. പൂന്തോട്ടത്തിൽ നാടകഭാഗങ്ങൾ അവതരിപ്പിക്കാറുണ്ട്. ജ്യോതി ബസു സ്ഥാപിച്ച രബീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയുണ്ട് തോട്ടത്തിൽ. വിവിധ നിറമുളള പൂക്കളും മഞ്ഞ റോസാപ്പൂക്കളും നിറഞ്ഞ തോട്ടം.

അവിടെനിന്ന് പുറത്തേക്കുളള വാതിൽ ഒരു കടയിലൂടെയാണ്. ഇവിടെ മാത്രമല്ല, എല്ലാ കാഴ്ചസ്ഥലങ്ങളിലും അങ്ങനെ തന്നെ. ഒന്നുകിൽ പ്രവേശനം, അല്ലെങ്കിൽ പുറത്തേക്കുളള വാതിൽ, ഏതെങ്കിലുമൊന്ന് നിശ്ചയമായും കടയിലൂടെയായിരിക്കും. പുസ്തകങ്ങൾ, പേനകൾ, പെൻസിലുകൾ, കീചെയിനുകൾ, പാത്രങ്ങൾ, കപ്പുകൾ, നോട്ടുബുക്കുകൾ എന്നുവേണ്ട ചോക്ലറ്റുകൾ പോലും ഷേക്സ്പിയറിന്റെ തലയുടെയോ വീടിന്റെയോ ചിത്രത്തോടെയാണ്. എല്ലാത്തിനും കൊല്ലുന്ന വിലയുമായിരിക്കും. എങ്കിലും ഈ സ്ഥലത്തിന്റെ സ്മരണയ്ക്കായി എല്ലാവരും എന്തെങ്കിലുമൊന്നു വാങ്ങിപ്പോകുന്നതാണു പതിവ്. വീടിന്റെ എതിർവശത്ത് വലിയ പുസ്തകക്കട വേറെയുമുണ്ട്. ഷേക്സ്പിയേഴ്സ് ബർത്പ്ലേസ് ട്രസ്റ്റാണ് നടത്തിപ്പുകാകാര്‍. അവർ അതു നന്നായി പരിപാലിക്കുന്നുണ്ട്. പക്ഷേ ഏവൺ നദി ഫോട്ടോകളിൽ കാണുന്നത്ര തെളിഞ്ഞതായിരിക്കണമെന്നില്ല. എപ്പോഴും ബോട്ടിങ് ഉള്ളതുകൊണ്ടാവാം. എങ്കിലും വീതി കൂടിയ ഭാഗങ്ങൾ മിക്കവാറും തെളിഞ്ഞുതന്നെ കിടക്കും. ഷേക്സ്പിയറെ ജ്ഞാനസ്നാനം ചെയ്യിച്ചതെന്നു കരുതപ്പെടുന്ന ഹോളി ട്രിനിറ്റി പളളിയും അടുത്തു തന്നെ. അവിടെ  വച്ചിരിക്കുന്ന ഒരു ബസ്റ്റ് മാത്രം വച്ചാണ് ആ സ്ഥലം ഷേക്സ്പിയറിന്റേതെന്നു പറയുന്നതെന്നും ആ പേര് ഒരു കൂട്ടം ആൾക്കാരുടെ തൂലികാനാമം മാത്രമായിരുന്നുവെന്നും അതിൽ നിന്നു കിട്ടുന്ന ധനലാഭം ലക്ഷ്യം വച്ച് ഇല്ലാത്തതു പ്രചരിപ്പിക്കുന്നുവെന്നും ഒരു പക്ഷമുണ്ട്. അതെന്തോ ആവട്ടെ. അങ്ങനൊരാൾ അവിടെ ജീവിച്ചിരിക്കുന്നുവെന്നു വിശ്വസിക്കാനാണ് ഇന്നു ബ്രിട്ടനും സാഹിത്യ ലോകത്തിന് ആകെയും ഇഷ്ടം. വിഗ്രഹങ്ങൾ ഉടയുമ്പോൾ ചിലപ്പോൾ മനസ്സുകളും കൂടെ ഉടഞ്ഞെന്നു വരാം. എങ്കിലും ഒന്നു പറയാതെ വയ്യ. ഇവിടം മുഴുവൻ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ഭാര്യ ആൻ ഹാതവേയുടെ വീട് (ആൻ ഹാതവേസ് കോട്ടേജ്), അമ്മ മേരി ഹാർഡന്റെ വീട്, മകളുടെ ഹാൾസ് ക്രാഫ്റ്റ് വീട്, കൊച്ചുമകളുടെ നാഷ് വീട്, എന്നിങ്ങനെ കാഴ്ചകളുടെ വീരാരാധനകൾ എവിടെയും പ്രതിഫലിച്ചു നിൽക്കുന്നു.
കൂടുതല്‍വാര്‍ത്തകള്‍.