CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 23 Minutes 24 Seconds Ago
Breaking Now

മക്കളെ തല്ലിയാല്‍ വിവരമറിയും; സ്‌കോട്ട്‌ലണ്ടിന് പിന്നാലെ കുട്ടികളെ തല്ലുന്ന മാതാപിതാക്കളെ ക്രിമിനലാക്കാന്‍ വെയില്‍സ്; ഇംഗ്ലണ്ടിലും അടി നിരോധിക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേയ്ക്ക് മേല്‍ സമ്മര്‍ദമേറുന്നു!

സിവില്‍ ഫാമിലി കോടതികള്‍ ഇപ്പോള്‍ തന്നെ കുട്ടികളെ അടിച്ചെന്ന പേരില്‍ മക്കളെ അഡോപ്ഷന് നല്‍കുന്ന അവസ്ഥയുണ്ട്.

മക്കളെ അടിച്ച് വളര്‍ത്തണം എന്നാണ് പഴയ കാലത്ത് കാരണവന്‍മാര്‍ പറഞ്ഞു പഠിപ്പിച്ചിരുന്നത്. ക്രൂരമായി മക്കളെ അടിച്ചിരുന്ന പഴയ കാലമൊക്കെ ഇന്ന് മാറിയിരിക്കുന്നു. സൗഹാര്‍ദ്ദപൂര്‍വ്വമായ അന്തരീക്ഷത്തിലാണ് വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ മക്കളെ വളര്‍ത്തുന്നത്. എന്നാല്‍ അതിരില്ലാത്ത അവസരങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന കുട്ടികള്‍ പരിധി വിടുമ്പോള്‍ വഴക്ക് പറയാനും, ആവശ്യമെങ്കില്‍ ഒന്ന് അടിക്കേണ്ടതുമൊക്കെ ഇന്നും തുടരുന്നു. പക്ഷെ സ്‌കോട്ട്‌ലണ്ടില്‍ വെച്ചാണ് സ്വന്തം മക്കളെ തല്ലുന്നതെങ്കില്‍ മാതാപിതാക്കള്‍ അകത്ത് പോകുമെന്നതാണ് വസ്തു. ഇതിന് പിന്നാലെ സമാനമായ നിയമം പാസാക്കാന്‍ വെയില്‍സ് ചിന്തിച്ചതോടെ ഇംഗ്ലണ്ടിലും അടിക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. 

കുട്ടികളെ അടിക്കുന്ന മാതാപിതാക്കള്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്താനുള്ള ആദ്യ നീക്കങ്ങള്‍ വെയില്‍സ് ആരംഭിച്ച് കഴിഞ്ഞു. ഇതോടെ വെയില്‍സിലും, സ്‌കോട്ട്‌ലണ്ടിലും വര്‍ഷാവസാനത്തോടെ മക്കളെ അടിക്കുന്നത് നിരോധിക്കും. ഇതോടെ ഇംഗ്ലണ്ടിലുള്ള മാതാപിതാക്കള്‍ക്ക് മാത്രമായി ഈ അവകാശം വന്നുചേരും. ആവശ്യത്തിന് കുട്ടികളെ ശിക്ഷിക്കാനുള്ള അവകാശമാണ് മാതാപിതാക്കളില്‍ നിന്നും വെയില്‍സ് നീക്കം ചെയ്യാന്‍ ഒരുങ്ങുന്നത്. ഇതോടെ സമാനമായ നിരോധനം ഇംഗ്ലണ്ടിലും നടപ്പാക്കാന്‍ തെരേസ മേയ്ക്ക് മേല്‍ സമ്മര്‍ദം ഏറുകയാണ്. ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ഓഫ് ഇംഗ്ലണ്ട് ആനി ലോംഗ്ഫീല്‍ഡ് നിരോധനം ആവശ്യപ്പെട്ട് യുഎന്നിനെ പോലും സമീപിച്ചിരുന്നു. 

2004-ല്‍ ടോണി ബ്ലെയര്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്ത വിക്ടോറിയന്‍ നിയമങ്ങള്‍ പ്രകാരം കാരണമുണ്ടെങ്കില്‍ ശിക്ഷിക്കാന്‍ ഇംഗ്ലണ്ടിലെ മാതാപിതാക്കള്‍ക്ക് അവകാശമുണ്ട്. ശരീരത്തിന് പരുക്കേറ്റില്ലെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ല. മാതാപിതാക്കള്‍ അച്ചടക്കം പഠിപ്പിക്കുന്നതും, കുട്ടികളെ പീഡിപ്പിക്കുന്നതും ഒരുപോലെയാണെന്ന തരത്തിലാണ് നിരോധനം ആവശ്യപ്പെടുന്നവര്‍ സംസാരിക്കുന്നതെന്ന് അനുകൂല വിഭാഗം ആരോപിക്കുന്നു. കൂടാതെ നിരോധനം സ്‌നേഹമുള്ള മാതാപിതാക്കളെ ക്രിമിനല്‍വത്കരിക്കുന്നതിന് തുല്യമാകും. കുടുംബജീവിതത്തിലെ ഈ ഇടപെടല്‍ അനുവദിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. 

സിവില്‍ ഫാമിലി കോടതികള്‍ ഇപ്പോള്‍ തന്നെ കുട്ടികളെ അടിച്ചെന്ന പേരില്‍ മക്കളെ അഡോപ്ഷന് നല്‍കുന്ന അവസ്ഥയുണ്ട്. വിദ്യാഭ്യാസ വകുപ്പും കുട്ടികളെ ശിക്ഷിക്കുന്നതിന് അനുകൂല മനസ്സാണ്. പക്ഷെ തെരേസ മേയ്ക്ക് ഈ സമ്മര്‍ദത്തെ എത്രത്തോളം അതിജീവിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ല. അങ്ങിനെ വന്നാല്‍ ഇംഗ്ലണ്ടിലും കുട്ടികളെ അടിക്കുന്ന മാതാപിതാക്കള്‍ ക്രിമിനല്‍ നടപടി നേരിടേണ്ടിവരും.




കൂടുതല്‍വാര്‍ത്തകള്‍.