CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 31 Minutes 14 Seconds Ago
Breaking Now

ജീവന് വേണ്ടി പോരാടുന്നതിനിടെ പുതുജീവന് ജന്മം നല്‍കി; അപൂര്‍വ്വമായ ബ്രെയിന്‍ ട്യൂമര്‍ മൂലം 3 മാസത്തെ ആയുസ്സ് വിധിച്ച 18-കാരി പൂര്‍ണ്ണ ആരോഗ്യമുള്ള പെണ്‍കുഞ്ഞിനെ പ്രസവിച്ചു; യുദ്ധം പകുതി വിജയിച്ചു

ഡാനയുടെ അമ്മ ലെനോറും, പിതാവ് റോബര്‍ട്ടും ജോലിയില്‍ നിന്നു ഇടവേളയെടുത്താണ് മകളെയും കുഞ്ഞിനെയും പരിപാലിക്കുന്നത്.

സന്തോഷമുള്ള കാര്യം ഒപ്പം സങ്കടമുള്ള കാര്യവുമാണ് ഈ അവസ്ഥ. ഏഴ് മാസം ഗര്‍ഭം ധരിച്ച് ഇരിക്കവെയാണ് 17-കാരി ഡാന സ്‌കാട്ടണ്‍ തനിക്ക് അപൂര്‍വ്വമായ ബ്രെയിന്‍ ട്യൂമറാണെന്ന് തിരിച്ചറിയുന്നത്. മൂന്ന് മാസക്കാലം മാത്രമാണ് പെണ്‍കുട്ടിക്ക് ഡോക്ടര്‍മാര്‍ ആയുസ്സ് വിധിച്ചത്. ഓപ്പറേറ്റ് ചെയ്യാത്ത സാധിക്കാത്ത ഡിഐപിജി ട്യൂമറുകള്‍ തിരിച്ചറിഞ്ഞാല്‍ രക്ഷപ്പെടാനുള്ള സാധ്യത വെറും 1 ശതമാനമാണ്. 18 മാസത്തിനുള്ളില്‍ 90 ശതമാനം രോഗികളും മരണത്തിന് കീഴടങ്ങും. പക്ഷെ വയറ്റില്‍ കിടക്കുന്ന പിഞ്ചോമനയെ ജീവനോടെ പുറത്തെത്തിക്കാന്‍ ഡാന പോരാട്ടത്തിലായിരുന്നു. 33-ാം ആഴ്ചയില്‍ ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ ആ യുദ്ധം പകുതി വിജയിക്കുകയും ചെയ്തു. 

ക്രിസ്മസിന് തൊട്ടുമുന്‍പാണ് ബെയിന്‍ ട്യൂമര്‍ ഉള്ളതായി ഡാന തിരിച്ചറിയുന്നത്. ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ പ്രസവിച്ച ശേഷം കുറച്ച് നാള്‍ ചികിത്സയില്‍ കഴിഞ്ഞ് കുഞ്ഞിനെ കാണാമെന്നായിരുന്നു ഡാന തീരുമാനിച്ചത്. പക്ഷെ വിധി മറിച്ചൊരു പദ്ധതിയാണ് മുന്നോട്ട് വെച്ചത്. ക്യാന്‍സര്‍ ശരീരത്തില്‍ കൂടുതല്‍ മുന്നേറിയതോടെ റേഡിയേഷന്‍ ആരംഭിക്കാതെ തരമില്ലെന്നായി. ഇതിനിടെ ശരീരം ക്ഷീണിക്കുകയും ചെയ്തതോടെ അടിയന്തരമായി സി-സെക്ഷന്‍ നടത്തി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. മാസം തികയും മുന്‍പ് പിറന്നെങ്കിലും ഇപ്പോള്‍ ഭക്ഷണം കഴിക്കാനും, സ്വയം ശ്വസിക്കാനുമുള്ള ശേഷിയിലേക്ക് കുഞ്ഞ് ഏരിസ് മേരി എത്തിക്കഴിഞ്ഞു. 

നാളെ ആശുപത്രിയില്‍ വെച്ച് തന്റെ 18-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ഡാന. സ്വന്തം ജീവന്‍ നിലനിര്‍ത്താനായി പോരാടുമ്പോഴും മകള്‍ക്ക് ജന്മം നല്‍കിയതോടെ യുദ്ധം വിജയിച്ച് കഴിഞ്ഞതായാണ് ഈ അമ്മയുടെ വാക്കുകള്‍. പെന്‍സില്‍വാനിയയില്‍ നിന്നുമുള്ള ഡാന ആഴ്ചയില്‍ അഞ്ച് തവണ റേഡിയേഷന്‍ തെറാപ്പിക്ക് വിധേയമാകുന്നുണ്ട്. ചികിത്സ നേരത്തെ തുടങ്ങിയതിനാല്‍ ആറ് മാസമെങ്കിലും കൂടുതല്‍ ജീവിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. ശ്വാസം എടുക്കാനും, ഉറങ്ങാനും, ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ റേഡിയേഷന്‍ ഉപകാരപ്രദവുമായി. 

ബ്രെയിന്‍ സ്റ്റെമ്മില്‍ തുടങ്ങി കഴുത്ത് മുകളിലുള്ള തലച്ചോറിന്റെ ഒരു ഭാഗവും, നട്ടെല്ലിലേക്കുള്ള കണക്ഷനെയും ബാധിക്കുന്ന ട്യൂമര്‍ ഇതുകൊണ്ട് തന്നെ ചികിത്സിക്കാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. ഡാനയുടെ അമ്മ ലെനോറും, പിതാവ് റോബര്‍ട്ടും ജോലിയില്‍ നിന്നു ഇടവേളയെടുത്താണ് മകളെയും കുഞ്ഞിനെയും പരിപാലിക്കുന്നത്. ഇവരുടെ ഒന്‍പത് മക്കളില്‍ ഇളയവളാണ് ഡാന. 




കൂടുതല്‍വാര്‍ത്തകള്‍.