Breaking Now

ഈ ചിത്രം കൗതുകമുണ്ടാക്കും ; കാര്യമറിയുമ്പോള്‍ ഉള്ളില്‍ വേദനയും...

കുട്ടിയുടെ ചിത്രം ഓണ്‍ലൈനില്‍ വന്‍ ഹിറ്റായതോടെ അനേകരാണ് ഇവന്റെ ലക്ഷ്യ ബോധത്തെയും കഠിനാദ്ധ്വാനത്തെയും പ്രകീര്‍ത്തിച്ചത്

ചൈനീസ് സോഷ്യല്‍മീഡിയയില്‍ ഒരു കുട്ടിയുടെ ചിത്രം ചര്‍ച്ചയായിരിക്കുകയാണ്. അതിശൈത്യം നിറഞ്ഞ ചൈനയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുള്ള ബാലന്റെ ചിത്രമാണ് വാര്‍ത്തയായത്. ദക്ഷിണ ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ഷാവോതോംഗിലുള്ള വാംഗ് ഫുമാന്‍ എന്ന കുട്ടി മഞ്ഞിന്‍ ശല്‍ക്കങ്ങള്‍ പോലുള്ള പോലെയുള്ള വെളുത്ത മുടിയും പുരികവും ചുവന്നു തുടുത്ത മുഖവുമുള്ള നില്‍പ്പ് ഏവരിലും കൗതുകമുണ്ടാക്കും.

ഇവന്റെ രൂപം ഇങ്ങനെയാകാനുള്ള കാരണമറിഞ്ഞാല്‍ മനസില്‍ വേദനയുമുണ്ടാക്കും. യഥാര്‍ഥത്തില്‍ ഇവന്റെ പുരികവും മുടിയും കറുത്തതാണ്. മഞ്ഞു വീഴചയുള്ള സമയത്ത് പുറത്തുകൂടി നടക്കുന്നതിനാലാണ് ഇവന്റെ മുടി വെളുക്കുന്നത്. പഠിക്കാനുള്ള ആഗ്രഹമാണ് താപനില മൈനസിലേക്ക് നീണ്ട ഉള്‍നാടന്‍ ചൈനീസ് പ്രദേശത്ത് നിന്നും പ്രഭാതത്തില്‍ മഞ്ഞുവീഴ്ചയ്ക്ക് ഇടയിലൂടെ സ്‌കൂളിലേക്ക് നടന്നു പോകാന്‍ ഇവനെ പ്രേരിപ്പിക്കുന്നത്. തണുത്ത പ്രഭാതത്തെ അവഗണിച്ച് ദിവസം വീട്ടില്‍ നിന്നും 4.5 കിലോ മീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ എത്താന്‍ മാത്രം എടുക്കുന്നത് ഒരു മണിക്കൂറാണ്.

ലുഡിയാന്‍ കൗണ്ടിയിലെ സിന്‍ജി നഗരത്തില്‍ സുവാന്‍ ഷാന്‍ബാവോ സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി താപനില മൈനസ് ഒമ്പതില്‍ നില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം രാവിലെ പരീക്ഷ എഴുതാനായി പോയത്. എല്ലായ്‌പ്പോഴത്തെയും പോലെ ഇത്തവണയും മുടിയിലും പുരികത്തിലും മഞ്ഞ് വീണു. സാമ്പത്തികനില അത്ര ഭദ്രമല്ലാത്ത വീട്ടില്‍ നിന്നും വരുന്ന വാംഗ് ഫൂമാന്റെ പിതാവ് മറ്റൊരു നഗരത്തിലാണ് ജോലി ചെയ്യുന്നത്. മാതാവ് ചെറുപ്പത്തിലേ ഉപേക്ഷിച്ചു പോയി. പിതാവ് ദൂരെയായതിനാല്‍ മൂത്ത സഹോദരിക്കും മുത്തശ്ശിക്കുമൊപ്പം ലുഡിയാനില്‍ ഒരു കുടിലിലാണ് താമസം,കനത്ത ശൈത്യമാണെങ്കിലും ഒരൊറ്റ ക്ലാസുപോലും വാംഗ് മുടക്കാറില്ല. പരീക്ഷ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. താപനില ഇതിനകം മൈനസിലേക്ക് മാറിയതാണ് പയ്യന്റെ മുടിയും പുരികവും ഇങ്ങിനെയാകാന്‍ കാരണമെന്ന് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പറയുന്നു. അതേസമയം പയ്യന്‍ ക്ലാസിലേക്ക് കടക്കുമ്പോള്‍ തന്നെ ക്ലാസിലെ മറ്റ് 16 കുട്ടികളും ചിരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതൊന്നും അവന് പ്രശ്‌നമല്ല. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും പഠനത്തില്‍ ഏറെ മിടുക്കനാണ് കുട്ടി. കഠിനാദ്ധ്വാനിയായ അവന്‍ കണക്കില്‍ പ്രതിഭയാണെന്നും അദ്ധ്യാപകന്‍ ഫു പറയുന്നു.

അതേ സമയം മറ്റ് കുട്ടികള്‍ സ്‌കൂള്‍ സമയം കഴിഞ്ഞ് കളികളില്‍ മുഴുകുമ്പോള്‍ വാംഗ് മുത്തശ്ശിയെ കൃഷിപ്പണിയില്‍ സഹായിക്കാനാണ് പോവുന്നത്.കുട്ടിയുടെ ചിത്രം ഓണ്‍ലൈനില്‍ വന്‍ ഹിറ്റായതോടെ അനേകരാണ് ഇവന്റെ ലക്ഷ്യ ബോധത്തെയും കഠിനാദ്ധ്വാനത്തെയും പ്രകീര്‍ത്തിച്ചത്. അവനെ സഹായിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചും അനേകര്‍ രംഗത്തെത്തി.

 
കൂടുതല്‍വാര്‍ത്തകള്‍.