CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 6 Minutes 44 Seconds Ago
Breaking Now

ഞാനെങ്ങും വരുന്നില്ല; ലണ്ടനിലെ 750 മില്ല്യണ്‍ പൗണ്ടിന്റെ അമേരിക്കന്‍ എംബസി ഉദ്ഘാടനത്തില്‍ നിന്നും പ്രസിഡന്റ് ട്രംപ് പിന്‍മാറിയെന്ന്; ബ്രിട്ടീഷുകാരുടെ തയ്യാറെടുപ്പ് പോരാ, എതിര്‍പ്പും കൂടുതല്‍; ആദ്യ യുകെ സന്ദര്‍ശനം അടുത്തെങ്ങും നടപ്പില്ല

ബ്രക്‌സിറ്റിന് ശേഷം യുഎസുമായുള്ള വ്യാപാര കരാര്‍ ബ്രിട്ടന് സുപ്രധാനവുമാണ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത മാസം ബ്രിട്ടനിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് കസേരയില്‍ കയറിയിരുന്ന ശേഷം ആദ്യമായി നടത്താനിരുന്ന യുകെ സന്ദര്‍ശനത്തില്‍ ഇപ്പോള്‍ ട്രംപിന് താല്‍പര്യം നഷ്ടമായെന്നാണ് കേള്‍വി. പുതിയ സന്ദര്‍ശന തീയതിയുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലാത്തതിനാല്‍ നയതന്ത്ര തലത്തില്‍ പുതിയ വലംവലിക്ക് ഇത് കാരണമായേക്കും. ലണ്ടനില്‍ അമേരിക്കയുടെ പുതിയ എംബസി ഉദ്ഘാടനം ചെയ്യാന്‍ ട്രംപ് എത്തുമെന്നായിരുന്നു പ്രതീക്ഷ. തയ്യാറെടുപ്പുകളില്‍ തൃപ്തിയില്ലാത്തതും, പ്രതീക്ഷിച്ച സ്വാഗതം ഇവിടെ ലഭിക്കാന്‍ ഇടയില്ലെന്നുമുള്ള വിലുത്തലാണ് പിന്‍മാറ്റത്തിന് കാരണമെന്നാണ് സൂചന. 

എന്ത് സംഭവിച്ചാലും സന്ദര്‍ശനം റദ്ദാക്കില്ലെന്ന് ട്രംപ് കഴിഞ്ഞ മാസം പ്രധാനമന്ത്രി തെരേസ മേയെ അറിയിച്ചതിന് വിരുദ്ധമായുള്ള തീരുമാനമാണിത്. എംബസി ഉദ്ഘാടനം പ്രസിഡന്റിന് പകരം സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ നടത്തുമെന്നാണ് അറിയുന്നത്. നം.10-ല്‍ തെരേസ മേയുമായി ട്രംപ് ചര്‍ച്ചകള്‍ നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബ്രിട്ടീഷ് അധികൃതര്‍. ഫെബ്രുവരി 26 അല്ലെങ്കില്‍ 27 എന്ന തീയതിയില്‍ ഈയാഴ്ച അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. സമ്പൂര്‍ണ്ണ സ്റ്റേറ്റ് വിസിറ്റ് നടപ്പാകില്ലെന്നും, രാജകീയ സ്വീകരണം പ്രാവര്‍ത്തികമല്ലെന്നും അമേരിക്ക തിരിച്ചറിഞ്ഞിരുന്നു. 

കൂടാതെ പൊതുജനങ്ങളുടെ പ്രതിഷേധം കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് ട്രംപ് മേയോട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നവംബറില്‍ തീവ്രവലത് സംഘടനയുടെ വീഡിയോ ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ട്രംപും, മേയും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. ട്രംപ് യുകെയില്‍ സന്ദര്‍ശനത്തിനെത്തിയാല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി ശക്തമായ സന്ദേശം നല്‍കണമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ആഹ്വാനം ചെയ്തിരുന്നു. ഇസ്രയേല്‍ തലസ്ഥാനമായി ജെറുസലേമിനെ പ്രഖ്യാപിച്ചതും മറ്റൊരു സുപ്രധാന വിഷയമാണ്. 

750 മില്ല്യണ്‍ പൗണ്ട് ചെലവിട്ടാണ് സൗത്ത് ലണ്ടനില്‍ പുതിയ യുഎസ് എംബസി നിര്‍മ്മിച്ചിരിക്കുന്നത്. ബ്രക്‌സിറ്റിന് ശേഷം യുഎസുമായുള്ള വ്യാപാര കരാര്‍ ബ്രിട്ടന് സുപ്രധാനവുമാണ്. അതുകൊണ്ട് തന്നെ ട്രംപ് സന്ദര്‍ശനം റദ്ദാക്കുന്നത് ബ്രിട്ടീഷ് അധികൃതരെ അങ്കലാപ്പിലാക്കും. 




കൂടുതല്‍വാര്‍ത്തകള്‍.