Breaking Now

അമ്മ ഏറ്റുവാങ്ങുന്ന ദുരിതത്തിന് അന്ത്യം കുറിയ്ക്കാന്‍ മകള്‍ തീരുമാനിച്ച നിമിഷം; ഗാര്‍ഹിക പീഡനത്തില്‍ നിന്നും മലയാളി നഴ്‌സിനെ രക്ഷപ്പെടുത്തിയത് 12-കാരിയുടെ മിടുക്ക്; മലയാളികളുടെ മാനസികാവസ്ഥയാണോ ഈ ഭര്‍ത്താവ് പ്രകടിപ്പിച്ചത്?

പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതാണ് ഫ്രാന്‍സിസിന് ഇഷ്ടപ്പെടാതെ പോയത്.

സ്ത്രീകള്‍, പ്രത്യേകിച്ച് ഭാര്യ അടങ്ങിയൊതുങ്ങി എന്നും തനിക്ക് കീഴില്‍ നില്‍ക്കണം എന്ന നിലപാടാണ് ശരാശരി മലയാളി ഭര്‍ത്താവ് പങ്കുവെയ്ക്കുന്നത്. ഭാര്യ എത്ര വലിയ ജോലിയില്‍ ഇരിക്കുന്ന ആളാണെങ്കിലും ശമ്പളം തന്നെ ഏല്‍പ്പിക്കണമെന്നും, വീട്ടിലെ ജോലികള്‍ നോക്കിക്കൊള്ളണമെന്നും, തന്റെ മാതാപിതാക്കളെയും, കുട്ടികളെയും സംരക്ഷിച്ചിട്ട് മതി ജോലിയിലെ ഉത്തരവാദിത്വമെന്നുമൊക്കെയുള്ള നിലപാട് മലയാളി ഭര്‍ത്താക്കന്‍മാര്‍ ഇന്നും വെച്ചുപുലര്‍ത്തുന്നുണ്ട്. 

എന്നാല്‍ കേരളത്തില്‍ നിന്നും ബ്രിട്ടനില്‍ എത്തിയാലും ഈ നിലപാട് തുടരുന്ന ഭര്‍ത്താക്കന്‍മാര്‍ ഉണ്ടോയെന്ന് നമ്മള്‍ സംശയിച്ചിരുന്നു. പക്ഷെ അതിര്‍ത്തി വിട്ടത് മറന്നുപോയ ചില ഭര്‍ത്താക്കന്‍മാര്‍ ഇന്നും മലയാളി സമൂഹത്തിന് ഇടയിലുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിലെ മലയാളി നഴ്‌സ് നേരിട്ട അവസ്ഥകളെക്കുറിച്ചുള്ള വാര്‍ത്തകള്‍. എന്‍എച്ച്എസില്‍ ഉന്നതപദവിയും, പിഎച്ച്ഡി ഉള്‍പ്പെടെയുള്ള യോഗ്യതകളും നേടിയെടുത്തിട്ടും ഭര്‍ത്താവിന്റെ ഗാര്‍ഹിക പീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിച്ചില്ല. ഭാര്യയുടെ വളര്‍ച്ചയെ അംഗീകരിക്കാന്‍ കഴിയാതിരുന്ന ശരാശരി മലയാളി ഭര്‍ത്താവിന്റെ നിലപാടാണോ ഇയാള്‍ പ്രകടിപ്പിച്ചത്?

മാഞ്ചസ്റ്ററില്‍ ഗാര്‍ഹിക പീഡനത്തിന് അറസ്റ്റിലായി ജാമ്യത്തിലായിരുന്ന മലയാളി ലക്‌സണ്‍ ഫ്രാന്‍സിസ് അഗസ്റ്റിന് ഒരു വര്‍ഷത്തേക്ക് മക്കളെ കാണാന്‍ ഒരു ഇടനിലക്കാരന്റെ സാന്നിധ്യം ആവശ്യമായി വന്നിരിക്കുകയാണ്. മക്കളുടെ പേരിലാകാം ഒരുപക്ഷെ ഭര്‍ത്താവിന്റെ പീഡനങ്ങള്‍ നേരിട്ടിട്ടും പരാതി നല്‍കാന്‍ ആദ്യം ഈ ഭാര്യ തയ്യാറാകാതിരുന്നത്. പക്ഷെ കേരളത്തിലെ രീതികള്‍ അറിയാതെ ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന മകള്‍ക്ക് തന്റെ കണ്‍മുന്നില്‍ അരങ്ങേറിയ അക്രമണം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് തോന്നിയത്. 

2015 മുതല്‍ തനിക്കെതിരെ ശാരീരികവും മാനസികവുമായ പീഡനം അഴിച്ചുവിടുന്നതായി നഴ്‌സ് മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ട് പോലും ഭര്‍ത്താവിനെതിരെ സാക്ഷിക്കൂട്ടില്‍ കയറി നിന്ന് മൊഴി നല്‍കാന്‍ തയ്യാറാകാതിരുന്നത് അവരുടെ മനസ്സിലെ നന്മ ഒന്നുകൊണ്ട് മാത്രമാണ്. വിചാരണയിലേക്ക് കടന്ന് ശിക്ഷ വിധിക്കപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് മലയാളി നഴ്‌സ് ഈ തീരുമാനം സ്വീകരിച്ചിരിക്കുക. 

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതാണ് ഫ്രാന്‍സിസിന് ഇഷ്ടപ്പെടാതെ പോയത്. അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട 12-കാരിക്ക് ഇത് പോലീസില്‍ അറിയിക്കാന്‍ തോന്നിയത് ബ്രിട്ടനിലെ രീതികളെക്കുറിച്ച് അറിയാവുന്നത് കൊണ്ടാണ്. കേരളത്തിലെ സ്ഥിതിഗതിയില്‍ വളര്‍ന്നുവരുന്ന മക്കളാണെങ്കില്‍ അതില്‍ ഇടപെടാതെ ഭയന്ന് മാറി ഇരിക്കുകയേയുള്ളൂ. ട്രാഫോഡില്‍ നേരത്തെ ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ കൗണ്‍സിലിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ഫ്രാന്‍സിസ് പിന്നീട് ടോറി പാര്‍ട്ടി അനുഭാവിയായി. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ വിഥിന്‍ഷോ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 

ബ്രിട്ടനില്‍ ബഹുമാന്യമായ ഒരു സ്ഥാനം കൈവരിച്ച ഭാര്യയെ അംഗീകരിക്കാന്‍ കഴിയാതിരുന്ന ഒരു ശരാശരി മലയാളിയുടെ മാനസികാവസ്ഥ തന്നെയാണ് ഫ്രാന്‍സിസ് പ്രകടിപ്പിച്ചത്. പക്ഷെ രാജ്യം മാറിയത് മാത്രം അദ്ദേഹം മറന്നുപോയി. 
കൂടുതല്‍വാര്‍ത്തകള്‍.