CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 19 Minutes 40 Seconds Ago
Breaking Now

കുഞ്ഞ് സഹോദരിയെ കാണാനായി അവന്‍ ക്യാന്‍സറിനെ പ്രതിരോധിച്ചു; പെങ്ങളെ കൈയില്‍ ലാളിച്ച് മുത്തം കൊടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ 9-കാരന്‍ മരണത്തിന് കീഴടങ്ങി; ബ്രിസ്റ്റോളുകാരുടെ ഹൃദയം തകര്‍ത്ത നിമിഷങ്ങള്‍

ബെയ്‌ലി കൂപ്പര്‍ 15 മാസക്കാലമായി കടുത്ത ക്യാന്‍സറുമായി താന്‍ നടത്തിവന്ന പോരാട്ടമാണ് ക്രിസ്മസ് തലേന്ന് അവസാനിപ്പിച്ചത്.

കണ്ടുനിന്നവര്‍ക്കൊന്നും താങ്ങാന്‍ കഴിയുന്നതായിരുന്നില്ല ആ നിമിഷങ്ങള്‍. മനസ്സിന് എത്ര കാഠിന്യമുള്ളവരുടെയും കണ്ണില്‍ ഒരിറ്റ് കണ്ണീര്‍ വിരിയാതെ പോകാത്ത നിമിഷം. ക്യാന്‍സര്‍ ബാധിച്ച ഒന്‍പത് വയസ്സുകാരന്‍ തന്റെ പ്രിയപ്പെട്ട കുഞ്ഞ് സഹോദരിയോട് യാത്ര പറയുന്ന നിമിഷം ആര്‍ക്കാണ് താങ്ങാന്‍ കഴിയുക? അമ്മ അനുജത്തിയെ പ്രസവിക്കുന്നത് വരെ ജീവനോടെ ഇരുന്നോളാമെന്ന് പറഞ്ഞ ആ വാക്ക് അവന്‍ പാലിച്ചു. കളിക്കാനും, കൂടെ കൊണ്ടുനടക്കാനും ഏറെ സമയം ഇല്ലാത്തതിനാല്‍ അനുജത്തിയെ മടിയിലിരുത്തി ചുംബിച്ച് സ്‌നേഹം പകര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബെയ്‌ലി കൂപ്പര്‍ മരണത്തിലേക്ക് നടന്നുപോയി, മനസ്സുകളില്‍ നൊമ്പരം നിറച്ച്!

ബ്രിസ്‌റ്റോളില്‍ നിന്നുമുള്ള ബെയ്‌ലി കൂപ്പര്‍ 15 മാസക്കാലമായി കടുത്ത ക്യാന്‍സറുമായി താന്‍ നടത്തിവന്ന പോരാട്ടമാണ് ക്രിസ്മസ് തലേന്ന് അവസാനിപ്പിച്ചത്. പക്ഷെ ആ ഒന്‍പത് വയസ്സുകാരന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ആളുകള്‍ നെഞ്ചോട് ഏറ്റുവാങ്ങുകയാണ്. അമ്മയുടെ വയറ്റില്‍ നിന്നും എത്തിയ പുതിയ അതിഥിക്ക് ബെയ്‌ലിയാണ് മിലി എന്നു നാമകരണം നടത്തിയത്. ക്രിസ്മസ് തലേന്ന് മരണത്തിലേക്ക് പോകുമെന്ന് ഉറപ്പായപ്പോള്‍ നെഞ്ച് തകര്‍ന്നുനിന്ന മാതാപിതാക്കളോട് അവന്‍ പറഞ്ഞത് ഇതാണ്- '20 മിനിറ്റ് നിങ്ങള്‍ക്ക് കരയാം. അതുകഴിഞ്ഞ് മിലിയെയും, റിലിയെയും നോക്കൂ'. 

മിലിയെ മടിയിലിരുത്തി ഓമനിക്കുന്ന ബെയ്‌ലിയുടെ ചിത്രങ്ങള്‍ മാതാപിതാക്കള്‍ പുറത്തുവിട്ടു. 2016-ലെ വേനല്‍ക്കാലത്താണ് ക്യാന്‍സര്‍ ബാധ തിരിച്ചറിയുന്നത്. ആയുസ് കുറവാണെന്ന് വിധിച്ചെങ്കിലും അനുജത്തിയെ കാണാതെ പോകില്ലെന്ന വാശിയിലായിരുന്നു ബെയ്‌ലി. ഒരു മൂത്ത ജ്യേഷ്ഠന്റെ എല്ലാ സ്‌നേഹവും അവന്‍ മിലിക്ക് നല്‍കി. അനുജത്തിയെ കുളിപ്പിക്കാനും അവള്‍ക്ക് പാട്ടുപാടി കൊടുക്കാനുമെല്ലാം ബെയ്‌ലി രംഗത്തുണ്ടായിരുന്നു. മിലി ജനിക്കുന്നത് വരെ മകന്‍ ജീവനോടെ കാണില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് പിതാവ് ലീ വ്യക്തമാക്കി. പക്ഷെ ബെയ്‌ലി ഈ പ്രവചനങ്ങള്‍ തെറ്റിച്ചു. 

സ്റ്റേജ് 3 ആയപ്പോഴാണ് കുട്ടിയിലെ ക്യാന്‍സര്‍ കണ്ടുപിടിക്കുന്നത്. ബ്രിസ്റ്റോള്‍ പാച്ച്‌വേയിലെ സ്റ്റോക്ക് ലോഡ്ജ് പ്രൈമറി സ്‌കൂളില്‍ നിന്നും പലപ്പോഴും ചെക്കപ്പുകളിലേക്കും, എംആര്‍ഐ സ്‌കാനിലേക്കുമായിരുന്നു ബെയ്‌ലിയുടെ യാത്രകള്‍. ഒടുവില്‍ ബ്രിസ്റ്റോളിനെ വേദനിപ്പിച്ച് ബെയ്‌ലിയുടെ അന്ത്യയാത്രക്ക് ബ്രിസ്റ്റോള്‍ റോവേഴ്‌സ് എഫ്‌സി ക്യാപ്റ്റന്‍ ടോം ലോക്ക്യെര്‍ പോലും പങ്കെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.