Breaking Now

സൗത്ത് ആഫ്രിക്കയിലെ ടെസ്റ്റില്‍ വിജയിക്കാന്‍ വിരാട് കോഹ്‌ലിയുടെ ഇന്ത്യന്‍ ടീമിന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 3 കല്‍പ്പനകള്‍

മുംബൈയിലിരുന്ന് അഭിപ്രായം പറയുന്നത് പോലെയല്ല സൗത്ത് ആഫ്രിക്കയില്‍ സാഹചര്യത്തിന് അനുസരിച്ച് കളിക്കുന്നത്‌

തുടര്‍ച്ചയായ വിജയങ്ങളുമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സൗത്ത് ആഫ്രിക്കയിലേക്ക് വിമാനം പിടിച്ചത്. പക്ഷെ ആദ്യ ടെസ്റ്റില്‍ എതിരാളികളെ ചുരുങ്ങിയ സ്‌കോറില്‍ പുറത്താക്കിയിട്ടും പെരുമയേറിയ ഇന്ത്യയുടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്നതാണ് കണ്ടത്. 72 റണ്ണിന് തോറ്റതോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നിലാണ്.

വിജയിക്കാനുള്ള പല അവസരങ്ങള്‍ ലഭിച്ചിട്ടും നഷ്ടമായ ചില നിമിഷങ്ങളാണ് വിരാടിന്റെ ടീമിന് പരാജയം സമ്മാനിച്ചത്. എന്നാല്‍ ഇതിലൊന്നും വിഷമിക്കേണ്ടതില്ലെന്ന് പറയുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സൗത്ത് ആഫ്രിക്കയില്‍ വിജയിക്കാനുള്ള എല്ലാ സാധ്യതയും ഇന്ത്യക്കുണ്ട്. സെഞ്ചൂറിയനില്‍ ഈ പരീക്ഷണമാണ് ഇന്ത്യ നേരിടേണ്ടതെന്നും സച്ചിന്‍ വ്യക്തമാക്കുന്നു.

ബാറ്റ്‌സ്മാന്‍മാര്‍ ക്ഷമയോടെ റണ്‍ കണ്ടെത്തുകയാണ് ഇതില്‍ പ്രദാനമെന്ന് സച്ചിന്‍ പറയുന്നു. അവസരത്തിനായി കാത്തിരുന്ന് കളിച്ചെങ്കില്‍ ഇന്ത്യക്ക് വിജയം എളുപ്പമാകുമായിരുന്നു. ആവശ്യത്തിന് ഓവറുകള്‍ ബാക്കിയുള്ളപ്പോള്‍ സമയമെടുത്ത് ക്ഷമയോടെ ബാറ്റ് ചെയ്യുകയാണ് ഇന്ത്യയുടെ ആവശ്യം. ബൗളര്‍മാര്‍ ഇതിന് വിരുദ്ധമായ സമീപനമാകും പയറ്റുക.

ഓപ്പണിംഗിന് വലിയ ഉത്തരവാദിത്വമാണുള്ളത്. ആദ്യ 25 ഓവറുകളിലെ കളി ഫലത്തെ ബാധിക്കും. എതിരാളികളുടെ ബൗളര്‍മാര്‍ ക്ഷീണിക്കും വരെ കാത്തിരിക്കുക. ഇതിനൊപ്പം നല്ല പാര്‍ട്ണര്‍ഷിപ്പുകള്‍ പടുത്തുയര്‍ത്തുക. സ്പിന്നര്‍മാര്‍ക്ക് അവരുടെ റോള്‍ നിര്‍വ്വഹിക്കാനുണ്ട്. സാഹചര്യത്തിന് അനുസരിച്ച് മാറി കളി പുറത്തെടുക്കയാണ് വേണ്ടതെന്നും സച്ചിന്‍ വ്യക്തമാക്കി.

അതേസമയം തോറ്റ കളിയെക്കുറിച്ച് വിമര്‍ശിക്കാനില്ലെന്ന് താരം പറഞ്ഞു. മുംബൈയിലിരുന്ന് അഭിപ്രായം പറയുന്നത് പോലെയല്ല സൗത്ത് ആഫ്രിക്കയില്‍ സാഹചര്യത്തിന് അനുസരിച്ച് കളിക്കുന്നതെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.




കൂടുതല്‍വാര്‍ത്തകള്‍.