നഴ്സ് അഥവാ വെളുത്ത കുപ്പായമിട്ട മാലാഖമാര്‍ എന്നാണ് ഇതുവരെ കേട്ടിട്ടുള്ളത്. എന്നാല്‍ ജര്‍മ്മനിയിലെ ഈ നഴ്സിന്റെ കഥ കേട്ടാല്‍ മാലാഖയെന്നല്ല കാളപ്പുറത്ത് വരുന്ന കാലനെന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കൂ. രണ്ട് കൊലപാതകങ്ങള്‍ക്ക് നിലവില്‍ ജീവപര്യന്തം ശിക്ഷ നേരിടുന്ന നീല്‍സ് ഹൊഗെല്‍ മറ്റ് 97 രോഗികളെ കൂടി കൊന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
ജര്‍മ്മനിയിലെ രണ്ട് ആശുപത്രികളില്‍ നല്കിയ സേവനത്തിനിടെയാണ് ഈ നഴ്സ് ഇത്രയധികം രോഗികളെ കൊന്നൊടുക്കിയത്. നൂറിലധികം രോഗികളെ ഹൊഗെല്‍ കൊന്നിട്ടുള്ളതായി നേരത്തെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. 1999 മുതല്‍ 2002 വരെയുള്ള കാലത്ത് ഓള്‍ഡന്‍ബര്‍ഗിലെ ക്ലിനിക്കിലും, 2003 മുതല്‍ 2005 വരെ ഡെല്മെന്ഹോഴ്സ്റ്റിലെ ക്ലിനിക്കിലുമാണ് ഇയാള്‍ സേവനം നല്‍കിയത്.
രണ്ട് കൊലപാതക കേസുകളിലും, വധശ്രമങ്ങളിലുമാണ് 2015ല്‍ ഇയാള്‍ക്ക് ജീവപര്യന്തം വിധിച്ചത്. രോഗികളെ പുനരുജ്ജീവിപ്പിക്കുന്നതില്‍ രസം കണ്ടെത്തിയ നഴ്സ് മനഃപ്പൂര്‍വ്വം ഇവരുടെ ഹൃദയാരോഗ്യം മോശമാക്കി പ്രശ്നം ഉണ്ടാക്കുകയാണ് ചെയ്തിരുന്നത്. ഇതിനിടെ പല തവണ രോഗികള്‍ മരിച്ചതായി ഹൊഗെല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനകളെത്തുടര്‍ന്നാണ് പുതിയ 97 കേസുകള്‍ക്ക് തുമ്പുണ്ടായത്.