CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 19 Minutes 24 Seconds Ago
Breaking Now

രാഹുല്‍ ഗാന്ധിക്ക് ആറാം നിരയില്‍ സീറ്റ് നല്‍കിയത് പ്രോട്ടോകോള്‍ പ്രകാരം; ബിജെപി അധ്യക്ഷന്‍മാര്‍ക്കും രാജ്‌നാഥ് സിംഗിനും ഇതിലും മോശം പരിഗണന നല്‍കിയവരാണ് കോണ്‍ഗ്രസ്

നിയമവും പാരമ്പര്യവും അനുശാസിക്കുന്ന രീതിയില്‍ തന്നെയാണ് രാഹുലിന് സീറ്റ് അനുവദിച്ചതെന്ന് ബിജെപി വക്താവ്

റിപബ്ലിക് ദിനാഘോഷങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആറാം നിരയില്‍ സീറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രോട്ടോകോള്‍ പ്രകാരമാണ് രാഹുലിന് ഈ സ്ഥാനം നല്‍കിയതെന്ന് വ്യക്തമാക്കുകയാണ് ബിജെപി. മറ്റുള്ളവര്‍ക്ക് മുന്നിലെത്താന്‍ സാധ്യതയുള്ള സൂപ്പര്‍ വിവിഐപി ആയി സ്വയം ചമയുകയാണ് രാഹുലെന്നും ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹ റാവു തിരിച്ചടിച്ചു.

പ്രോട്ടോകോള്‍ അനുസരിച്ചുള്ള സീറ്റില്‍ ഇത്ര വിവാദം എന്തിനെന്നാണ് ബിജെപി ചോദിക്കുന്നത്. ആചാരങ്ങള്‍ മാറ്റിവെച്ച് തരംതാണ രാഷ്ട്രീയമാണ് ഭരണപക്ഷം പയറ്റുന്നതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിയ റാവു ആ പാര്‍ട്ടി 133 വര്‍ഷത്തെ പാരമ്പര്യം പറയുന്നതിന് അനുസരിച്ച് പെരുമാറുന്നില്ലെന്ന് പരാതിപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ ബിജെപി നേതാക്കളോട് ഇതിലും മോശമായ പെരുമാറ്റമാണ് അവര്‍ നടത്തിയതെന്നും റാവു വ്യക്തമാക്കി.

ബിജെപി ദേശീയ അധ്യക്ഷന്‍മാര്‍ക്കും, രാജ്‌നാഥ് സിംഗിനെ പോലുള്ള നേതാക്കള്‍ക്കും കോണ്‍ഗ്രസ് ഇതിലും മോശം സ്ഥാനം നല്‍കിയിട്ടുണ്ട്. അതൊന്നും ഞങ്ങള്‍ വിഷയമാക്കിയിട്ടില്ല. രാജ്യത്ത് കോണ്‍ഗ്രസ് ഭരണമല്ല നടക്കുന്നതെന്നും റാവു കൂട്ടിച്ചേര്‍ത്തു. വിവിഐപി കാര്‍ഡുമായി രാഷ്ട്രീയ നേതാക്കള്‍ നടക്കുന്നത് രാജ്യത്തെ ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമവും പാരമ്പര്യവും അനുശാസിക്കുന്ന രീതിയില്‍ തന്നെയാണ് രാഹുലിന് സീറ്റ് അനുവദിച്ചതെന്ന് ബിജെപി വക്താവ് പറഞ്ഞു. എന്നാല്‍ ഒരു പ്രതിപക്ഷ നേതാവിനും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.