CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Minutes 57 Seconds Ago
Breaking Now

കേരളക്കരയെ ചിരിപ്പിച്ച ശിക്കാരി ശംഭു; തമാശ വഴി ഒരു ത്രില്ലിംഗ് യാത്ര ഒരുക്കി സുഗീത്; ഇത് 100% എന്റര്‍ടെയിന്‍മെന്റ്

ചിത്രം വിദേശ റിലീസിങ്ങിന് ഒരുങ്ങുകയാണ്.

ഓര്‍ഡിനറി എന്ന ഒരൊറ്റ ചിത്രം മതി സുഗീത് എന്ന സംവിധായകനെ അടയാളപ്പെടുത്താന്‍. ഗവിയെന്ന സ്ഥലവും, കെഎസ്ആര്‍ടിസിയുടെ ആനവണ്ടിയും ചേര്‍ത്ത് ഒരു കഥ മെനഞ്ഞപ്പോള്‍ ആ ചിത്രം മലയാളികള്‍ ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങി. കുഞ്ചാക്കോ ബോബനും, ബിജു മേനോനും ചേര്‍ന്ന് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിച്ചപ്പോള്‍ ഓര്‍ഡിനറി മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായി മാറി. കമലിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് സുഗീത് സ്വതന്ത്ര സംവിധായകനാകുന്നത്. 

സുഗീതിന്റെ പുതിയ ചിത്രമായ ശിക്കാരി ശംഭു കേരളത്തിലെ തീയേറ്ററുകളില്‍ കുടുംബ പ്രേക്ഷകരെ നിറയ്ക്കുകയാണ്. കുഞ്ചാക്കോ ബോബനും സംഘവുമാണ് ഇക്കുറി തീയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയിരിക്കുന്നത്. ചാക്കോച്ചനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍, ശിവദ എന്നിവര്‍ കൂടി ചേര്‍ന്ന് കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്ന ഒരു ദൃശ്യസദ്യ തന്നെ ഒരുക്കുകയാണ്. പുതിയ റിലീസുകള്‍ പെരുമഴ പോലെ പെയ്തിറങ്ങിയിട്ടും തീയേറ്ററില്‍ കുടുംബപ്രേക്ഷകര്‍ ശിക്കാരി ശംഭുവിനെ തേടിയെത്തിയത് ചെറിയ കാര്യമല്ല. 

ചിത്രത്തിന്റെ പേര് തന്നെ കഥയെക്കുറിച്ച് ഒരു സൂചന മുന്നോട്ട് വെയ്ക്കുന്നുണ്ട്. ശിക്കാരി ശംഭു എന്ന കോമിക് കഥാപാത്രം മലയാളികള്‍ക്ക് അത്രത്തോളം സുപരിചിതമാണ്. ഇടത്തരം കള്ളന്‍മാരായ പീലിയും കൂട്ടരും ഒരു വേട്ടയ്ക്ക് ഇറങ്ങുന്നത് തന്നെയാണ് ചിത്രം കൈകാര്യം ചെയ്യുന്ന കഥ. കോമഡിയിലൂടെ ത്രില്ലര്‍ സ്വഭാവത്തിലേക്ക് നീങ്ങുന്ന ചിത്രം പ്രേക്ഷകരെ തെല്ലും ബോറടിപ്പിക്കുന്നില്ല. കഥ മുന്നോട്ട് നീങ്ങുംതോറും കഥയ്ക്ക് ശക്തിയേറുന്നത് സംവിധായകന്റെ കൈയടക്കത്തിന് ഉത്തമഉദാഹരണമാണ്. 

തമാശയ്‌ക്കൊപ്പം കുറച്ച് കണ്ണീരിനും ബന്ധങ്ങളുടെ ആഴവുമെല്ലാം ചിത്രം ചര്‍ച്ച ചെയ്യുന്നു. പ്രകൃതിക്ക് തന്റെ ചിത്രങ്ങളില്‍ ഒരു ഇടം നല്‍കുന്ന സുഗീത് ശിക്കാരി ശംഭുവില്‍ ഇടമലയാറിന്റെ എല്ലാ വശ്യതയും പകര്‍ത്തിവെയ്ക്കുന്നു. ഫൈസല്‍ അലിയുടെ ഛായാഗ്രഹണവും, ശ്രീജിത്ത് ഇടവനയുടെ സംഗീതവും, എഡിറ്റിംഗും ചേര്‍ന്ന് ശിക്കാരി ശംഭു കുടുംബ പ്രേക്ഷകരെ 2.30 മണിക്കൂര്‍ പിടിച്ചിരുത്തും, ആസ്വദിപ്പിക്കും, ചിരിപ്പിക്കും, ചിന്തിപ്പിക്കും. 

ശിക്കാരി ശംഭു 100% എന്റര്‍ടെയിനര്‍ തന്നെയെന്ന് ഉറപ്പിച്ച് പറയാം. വേട്ടക്കിറങ്ങിയ പീലിയും സംഘവും കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത് മികവ് കൊണ്ട് മാത്രമാണ്. 5 ദിവസം കൊണ്ട് 5.12 കോടി ഗ്രോസ് കളക്ഷനും ചിത്രം നേടിക്കഴിഞ്ഞു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.