Breaking Now

'യുക്മ സ്റ്റാർസിംഗർ 3' രണ്ടാം റൗണ്ടിന്റെ പുതിയ എപ്പിസോഡ് സംപ്രേക്ഷണം ആരംഭിച്ചു. വൻ പ്രേക്ഷക സാന്നിദ്ധ്യത്തെ സാക്ഷിയാക്കി ഈ ആഴ്ച പാടുന്നത് സ്വിറ്റസർലൻഡിൽനിന്നെത്തിയ പേളിയും, പിന്നെ യു കെ യുടെ സ്വന്തം അമിതയും ജിജോയും

ഗർഷോം ടി വി - യുക്മ സ്റ്റാർസിംഗർ 3 യുടെ പുതിയൊരു എപ്പിസോഡുമായി ഇതാ ഞങ്ങൾ വരികയായി. കഴിഞ്ഞ ഏഴ് എപ്പിസോഡുകൾ സൂക്ഷ്മമായി വീക്ഷിക്കുന്ന പതിനായിരത്തിലധികം സ്ഥിരം പ്രേക്ഷകർ സ്റ്റാർസിംഗർ 3 ക്ക് സ്വന്തമാണെന്നത് വളരെ അഭിമാനകരമായ ഒന്നാണ്. അതിനോടൊപ്പം തന്നെ നിരവധി ആളുകൾ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അയച്ചുകൊണ്ട് പ്രോഗ്രാമിനോടുള്ള താല്പര്യം അറിയിക്കുന്നതും യുക്മയ്ക്കും ഗർഷോം ടി വി ക്കും മത്സരാർത്ഥികൾക്കും പ്രോത്സാഹനവും ആത്മവിശ്വാസവും തരുന്നു. 

രണ്ടാം റൗണ്ടിൽ ഭാഗ്യം പരീക്ഷിക്കുവാൻ അമിത ജനാർദ്ദനൻ എത്തുകയാണ്. ആദ്യ റൗണ്ടിലെ കടുത്ത മത്സരത്തിന്റെ ക്ഷീണമകറ്റാൻ ജോൺസൻ മാഷിന്റെ അതിമനോഹരമായ 'ഗോപികേ നിൻവിരൽ തുമ്പുരുമ്മി വിതുമ്പി' എന്ന ഗാനമാണ് അമിത ആലപിക്കുന്നത്. "കാറ്റത്തെകിളിക്കൂട്" എന്ന ഭരതൻ ചിത്രത്തിലെ ഈ ഗാനം രചിച്ചത് മലയാള തനത് നാടകകലയുടെ ആചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കരാണ്. എസ് ജാനകി ആലപിച്ച ഈ ഗാനം, റെഡ്‌ഡിങ്ങിൽ താമസിക്കുന്ന ഈ പാലക്കാട്ടുകാരിയുടെ ശബ്ദത്തിൽ നമുക്ക്  കേട്ടുനോക്കാം. 

ആത്മാവിന്റെ ആഴങ്ങളിൽ അനായാസമായി കടന്നു ചെല്ലുന്നവയാണ് ശ്രീകുമാരൻ തമ്പിയുടെ വരികൾ. ചന്ദനത്തോട് പനിനീര് കലരുന്നപോലെ ഇളയരാജയുടെ മാസ്മരിക സംഗീതം കൂടി അതിനോട് ഇഴനെയ്യുമ്പോൾ ആ ഗാനം എന്നും ഓർമ്മച്ചെപ്പിൽ ഒരു ഈണമായി ഉണർന്നുകൊണ്ടേയിരിക്കും. "മൂന്നാംപക്കം" എന്ന ചിത്രത്തിലെ മനോഹരമായ 'ഉണരുമീ ഗാനം ഉരുകുമെന്നുള്ളം....... ഈ സ്നേഹ ലാളനം നീ നീന്തും സാഗരം' എന്ന ജി വേണുഗോപാലിന്റെ അതിമനോഹരമായ ഗാനം ആലപിക്കുന്നത് സ്‌ലോവിൽ നിന്നുള്ള ജിജോ മത്തായി ആണ്. ആദ്യ റൗണ്ടിലെ ആലാപനത്തെക്കാൾ അതിശയകരമായ പുരോഗതിയോടെയാണ് ജിജോ ഈ റൗണ്ടിൽ പാടുന്നത്.  

യു കെ യിലെ ഗായകരെ പാടി തോൽപ്പിക്കുമെന്ന ആത്മവിശ്വാസത്തിൽ സ്വിറ്റസർലൻഡിൽ നിന്നെത്തിയ പേളി പെരുമ്പള്ളിൽ ആണ് 1970 - 80 കളിലെ ഹൃദ്യഗാനറൗണ്ടിന്റെ ഈ എപ്പിസോഡിൽ അവസാനമായി പാടാനെത്തുന്ന ഗായിക. 1970 ൽ പുറത്തിറങ്ങിയ "മൂടൽ മഞ്ഞു" എന്ന ചിത്രത്തിലെ 'ഉണരൂ വേഗം നീ സുമറാണി വന്നു നായകൻ പ്രേമത്തിൻ മുരളീ ഗായകൻ' എന്ന സൂപ്പർ ഹിറ്റ് എസ് ജാനകി ഗാനവുമായാണ് പേളി എത്തുന്നത്. ഭാസ്കരൻ മാഷ് എഴുതി, ഉഷ ഖന്ന ചിട്ടപ്പെടുത്തിയ ഈ ഗാനം അര നൂറ്റാണ്ടിനോടടുത്തിട്ടും ഭാവ തീവ്രതയോടെത്തന്നെ മലയാളിയുടെ ചുണ്ടുകളിൽ ഇന്നും തത്തിക്കളിക്കുന്ന ഒന്നാണ്.

ഗർഷോം ടി വി - യുക്മ സ്റ്റാർസിംഗർ 3 യെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തുടർന്നും uukmastarsinger3@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഞങ്ങളെ അറിയിക്കണമെന്ന്‌ സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു. 

വാർത്ത: സജീഷ് ടോം, (സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ)
കൂടുതല്‍വാര്‍ത്തകള്‍.