CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 23 Minutes 5 Seconds Ago
Breaking Now

സ്പിന്‍ വാരിക്കുഴില്‍ വീണ്ടും സൗത്ത് ആഫ്രിക്ക വീണു; മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 124 റണ്‍ ജയം; വിരാടിന്റെ 160 റണ്‍ വെടിക്കെട്ട്

50 ഓവറില്‍ 6 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യന്‍ 303 റണ്‍ സ്‌കോര്‍ബോര്‍ഡില്‍ പടുത്തുയര്‍ത്തിയത്

കേപ്ടൗണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കയെ 124 റണ്ണിന് തകര്‍ത്ത് ഇന്ത്യക്ക് ഗംഭീരവിജയം. ആറ് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇതോടെ ഇന്ത്യ 3-0ന് മുന്നിലായി. 

ഇന്ത്യ ഉയര്‍ത്തിയ 304 റണ്‍ പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്ക 40-ാം ഓവറില്‍ 179 റണ്ണിന് ബാറ്റ് വെച്ച് കീഴടങ്ങി. എതിരാളികളുടെ നാട്ടില്‍ വെച്ച് അവര്‍ക്കെതിരെ റണ്ണിന്റെ കാര്യത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 

ജെപി ഡുമിനി സ്‌കോര്‍ ചെയ്ത 51 റണ്ണാണ് സൗത്ത് ആഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോര്‍. 32 റണ്‍ നേടിയ എയ്ഡന്‍ മാര്‍ക്രം, 25 റണ്‍ നേടിയ ഡേവിഡ് മില്ലര്‍ എന്നിവരാണ് പിന്നീടുള്ള മികച്ച സംഭാവനയുമായി എത്തിയത്. എന്നാല്‍ ഇന്ത്യയുടെ ടോട്ടലിനെതിരെ സ്‌കോര്‍ബോര്‍ഡില്‍ അക്കങ്ങള്‍ ചേര്‍ക്കുന്നതിനിടയില്‍ കൃത്യമായി വിക്കറ്റുകള്‍ വീണതോടെ പ്രോടിയാസിന്റെ പടയോട്ടം വഴിയരികില്‍ ഒതുങ്ങി. 

ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലും, കുല്‍ദീപ് യാദവും ഒരിക്കല്‍ കൂടി കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാക്കി തിരിച്ചു. ഏകദിന പരമ്പരയില്‍ ഇതുവരെ ഇവരുടെ പ്രകടനത്തിന് തിളക്കം ഏറെയാണ്. 23 റണ്‍ വിട്ടുനല്‍കി 4 വിക്കറ്റാണ് കുല്‍ദീപ് വീഴ്ത്തിയത്. 46 റണ്ണിന് 4 വിക്കറ്റാണ് ചാഹലിന്റെ സംഭാവന. ഇരുബൗളര്‍മാരും 9 ഓവറാണ് എറിഞ്ഞത്. 

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്റെ ബാറ്റ് ഉപയോഗിച്ചുള്ള വിരാടപ്രകടനം തുടരുകയാണ്. പുറത്താകാതെ 160 റണ്ണാണ് വിരാട് അടിച്ചുകൂട്ടിയത്. 50 ഓവറില്‍ 6 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യന്‍ 303 റണ്‍ സ്‌കോര്‍ബോര്‍ഡില്‍ പടുത്തുയര്‍ത്തിയത്. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമെന്ന് എതിരാളികള്‍ ആദ്യം തന്നെ ഉറപ്പിക്കുകയും ചെയ്തു. 

രോഹിത് ശര്‍മ്മയാണ് പൂജ്യനായി പുറത്തേക്കുള്ള വഴി കണ്ടത്. എന്നാല്‍ ശിഖര്‍ ധവാനൊപ്പം വിരാട് കൂടി ചേര്‍ന്നതോടെ കാര്യങ്ങള്‍ ഇന്ത്യ തിരികെപിടിച്ചു. രണ്ടാം വിക്കറ്റില്‍ 140 റണ്‍ പാര്‍ട്ണര്‍ഷിപ്പ് സൃഷ്ടിച്ച ഇവര്‍ ഇന്ത്യയുടെ സ്‌കോര്‍ ചലിപ്പിച്ചു. 76-ല്‍ ധവാന്‍ പുറത്താകുന്നത് വരെ ഇത് തുടര്‍ന്നു. മറുവശത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോഴും ക്യാപ്റ്റന്‍ ഒരുവശത്ത് ഉറച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്തി. 

തന്റെ 34-ാമത് ഏകദിന സെഞ്ചുറിയും വിരാട് കുറിച്ചു. ക്യാപ്റ്റന്‍ പദവിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ റെക്കോര്‍ഡില്‍ (12) സൗരവ് ഗാംഗുലിയെ പിന്തള്ളുകയും ചെയ്തു. നാലാം ഏകദിനം ജോഹന്നാസ്ബര്‍ഗ് വാണ്ടറേഴ്‌സില്‍ ഫെബ്രുവരി 10ന് അരങ്ങേറും. 




കൂടുതല്‍വാര്‍ത്തകള്‍.