CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 12 Minutes 46 Seconds Ago
Breaking Now

ബ്രിട്ടീഷുകാര്‍ കഴിഞ്ഞാല്‍ എന്‍എച്ച്എസില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് ഇന്ത്യക്കാര്‍; ഏതൊക്കെ രാജ്യങ്ങളില്‍ നിന്നും എത്രപേര്‍ ജോലിക്ക് എത്തുന്നുവെന്ന ഔദ്യോഗിക കണക്ക് പുറത്ത്; 137000 വിദേശ നഴ്‌സുമാരും, ഡോക്ടര്‍മാരും, ഇന്‍ഫ്രാസ്ട്രക്ചര്‍ ജീവനക്കാരും എന്‍എച്ച്എസില്‍

എന്‍എച്ച്എസിലെത്തുന്ന 40 ശതമാനം ഡോക്ടര്‍മാരും വിദേശ പരിശീലനം നേടിയവരാണ്

എന്‍എച്ച്എസ് വിദേശ ജീവനക്കാരെ നല്ല രീതിയില്‍ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒരു വസ്തുതയാണ്. എന്നാല്‍ ഇന്നുവരെ ഇതിന്റെ തോത് എത്രത്തോളമുണ്ടെന്ന കാര്യത്തില്‍ വ്യക്തത ഇല്ലായിരുന്നു. പാര്‍ലമെന്റ് റിസേര്‍ച്ച് ഗ്രൂപ്പ് നടത്തിയ പഠനത്തിനൊടുവില്‍ ഈ കണക്ക് ഔദ്യോഗികമായി പുറത്തുവരികയാണ്. ബ്രിട്ടീഷുകാര്‍ കഴിഞ്ഞാല്‍ എന്‍എച്ച്എസില്‍ ഏറ്റവും ജനപ്രിയമായി നിലകൊള്ളുന്നത് ഇന്ത്യന്‍ ജീവനക്കാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

976,288 ബ്രിട്ടീഷ് ജീവനക്കാരാണ് ആരോഗ്യ സര്‍വ്വീസില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 87.5 ശതമാനം വരും ഈ കണക്ക്. 137,000 ഡോക്ടര്‍മാരും, നഴ്‌സുമാരും, ഇന്‍ഫ്രാസ്ട്രക്ചര്‍ ജീവനക്കാരുമാണ് വിദേശ രാജ്യങ്ങളില്‍ നിന്നും എന്‍എച്ച്എസില്‍ സേവനം നല്‍കിവരുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും 62000 പൗരന്‍മാരാണ് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നത്. ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഇയു നഴ്‌സുമാര്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ എണ്ണം കുറഞ്ഞതോടെയാണ് ആശങ്ക ഉയര്‍ന്നത്. എന്നാല്‍ നിലവിലെ ഇയു ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വ്യതിയാനം ഉണ്ടായിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു. 

എന്‍എച്ച്എസ് ഡിജിറ്റല്‍ ഡാറ്റ പ്രകാരം 202 രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ് ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി ചെയ്യുന്നത്. 18,348 ഇന്ത്യക്കാരാണ് എന്‍എച്ച്എസില്‍ തൊഴില്‍ ചെയ്യുന്നത്. ഫിലിപ്പൈന്‍ ജീവനക്കാരാണ് മൂന്നാം സ്ഥാനത്ത്, 15,391 പേര്‍. ഫിന്‍ലാന്‍ഡ്, ഓസ്ട്രിയ, ബെല്‍ജിയം എന്നീ രാജ്യങ്ങളേക്കാള്‍ കൂടുതല്‍ ജീവനക്കാര്‍ സിയേറ ലിയോണില്‍ നിന്നുമുണ്ട്. ആദ്യ പത്ത് രാജ്യങ്ങളില്‍ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളും സ്ഥാനം പിടിച്ചു. ആഭ്യന്തര യുദ്ധം മൂലം ബുദ്ധിമുട്ടുന്ന സിറിയയില്‍ നിന്നും 148 പേര്‍ ഇവിടെ ജോലി ചെയ്യുന്നു. 289 ഇറാഖികള്‍, 144 അഫ്ഗാന്‍കാര്‍ എന്നിവരും എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതായി കോമണ്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കി. 

എന്‍എച്ച്എസിലെത്തുന്ന 40 ശതമാനം ഡോക്ടര്‍മാരും വിദേശ പരിശീലനം നേടിയവരാണ്. ഇന്ത്യ, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍. 2016ല്‍ 6000 വിദേശ ഡോക്ടര്‍മാരെയാണ് എന്‍എച്ച്എസ് റിക്രൂട്ട് ചെയ്തത്. ഇനിയും 5000 വിദേശ ഡോക്ടര്‍മാര്‍ വേണമെന്നാണ് എന്‍എച്ച്എസ് മേധാവികള്‍ പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.