ബ്രക്സിറ്റ് അല്‍പ്പം കടുപ്പമേറിയ തീരുമാനം തന്നെയായിരുന്നു. ഒരിക്കലും നടക്കില്ലെന്ന് കരുതി പ്രഖ്യാപിച്ച ഒരു ഹിതപരിശോധനയില്‍ ഫലം മറിച്ചായപ്പോള്‍ പ്രധാനമന്ത്രി പദത്തില്‍ വരെ മാറ്റം സംഭവിച്ചു. എന്തെല്ലാം ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഇപ്പോഴും ഉറപ്പില്ല. ബ്രക്സിറ്റിനെ പിന്തുണച്ചവര്‍ ഒരു വശത്തും, എതിര്‍ത്തവര്‍ മറുവശത്തുമായി രാഷ്ട്രീയ ഭേദമെന്യേ അണിനിരക്കുന്ന അതിശയിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. രാജ്യത്തിന്റെ എല്ലാ കാര്യത്തിലും ഇവര്‍ ഇതുപോലെ നിന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു എന്ന് അതിശയിക്കുന്നവരുണ്ട്. പക്ഷെ യൂറോപ്പ് പ്രേമികളായ രാഷ്ട്രീയക്കാര്‍ ജനഹിതത്തെ അട്ടിമറിച്ച് ബ്രക്സിറ്റ് നടന്നു നടന്നില്ല എന്ന വിധത്തിലേക്ക് കാര്യങ്ങള്‍ നീക്കാന്‍ ശ്രമിക്കുകയാണ്.
ടോറികളിലെ യൂറോപ്പ് പ്രേമിയും മുന്‍ മന്ത്രിയുമായ അന്നാ സോബ്രിയാണ് ബ്രക്സിറ്റ് ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നമാക്കി മാറ്റുമെന്ന് അവകാശപ്പെട്ടത്. സര്‍ക്കാരിനെ കൊണ്ട് സോഫ്റ്റ് ബ്രക്സിറ്റ് നടപ്പാക്കാന്‍ പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം ചേര്‍ന്ന് അട്ടിമറി ശ്രമം നടത്തുമെന്നും ഇവര്‍ വ്യക്തമാക്കി. ഒരു പക്ഷെ ജനവിധി തന്നെ ഇതുവഴി അട്ടിമറിക്കും. ബ്രക്സിറ്റ് അനുകൂലികളായ മന്ത്രി ബോറിസ് ജോണ്‍സണെയും, എംപി ജേക്കബ് റീസ് മോഗിനെയും ഒതുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. കാര്യങ്ങള്‍ മറിച്ചായാല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുതിയ കൂട്ടുകെട്ട് ഉണ്ടാക്കുമെന്നും അന്ന ഭീഷണിമുഴക്കി.
രണ്ടാമതൊരു ഹിതപരിശോധനയോ, തെരഞ്ഞെടുപ്പോ നടത്തി ബ്രക്സിറ്റിന് സഡന്‍ ബ്രേക്കിടാന്‍ സാധിക്കുമെന്നും അന്ന സോബ്രി കൂട്ടിച്ചേര്‍ത്തു. ഇയു കസ്റ്റംസ് യൂണിയനില്‍ തുടരില്ലെന്ന നിലപാട് പ്രധാനമന്ത്രി തിരുത്തിയാല്‍ തന്റെ നിലപാടുകളും തിരുത്താമെന്ന് അന്ന വ്യക്തമാക്കി. മറിച്ചായാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അത് ദോഷം ചെയ്യും. കാര്യങ്ങളില്‍ ശ്രദ്ധയോടെ നീങ്ങിയില്ലെങ്കില്‍ ബ്രക്സിറ്റ് കോമണ്‍സില്‍ പരാജയം നേരിടുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. ക്യാബിനറ്റിലും പാര്‍ട്ടിക്ക് അകത്തും തെരേസ മേയ് നേരിടുന്ന ശക്തമായ സമ്മര്‍ദങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.
ബ്രക്സിറ്റിലേക്കുള്ള ബ്രിട്ടന്റെ മാര്‍ഗ്ഗരേഖ പ്രഖ്യാപിക്കാന്‍ തെരേസ മേയ് തയ്യാറെടുക്കവെയാണ് മുന്‍ മന്ത്രിയുടെ ഭീഷണി. ജനഹിതം അട്ടിമറിക്കാന്‍ പോലും തയ്യാറെന്ന അന്ന സോബ്രിയുടെ ഭീഷണി ആരോടുള്ള വെല്ലുവിളിയാണെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.