CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 3 Seconds Ago
Breaking Now

രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് തെയിംസില്‍; ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് അടച്ചു; യാത്രകള്‍ തടസ്സപ്പെടും; ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ പ്രദേശത്തേക്ക് യാത്ര ചെയ്യുന്നതില്‍ വിലക്ക്; നാസിപ്പട ഇപ്പോഴും തലവേദനയാകുന്നു

ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ടിലേക്കും, പുറത്തേക്കും സഞ്ചരിക്കുന്ന വിമാനങ്ങളെ നിരോധനം ബാധിക്കും

അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് കേട്ടാല്‍ ഇപ്പോഴും രണ്ടാം ലോകമഹായുദ്ധ കാലത്തിന്റെ സ്മരണകള്‍ തികട്ടിയെത്തും. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞെങ്കിലും നാസിപ്പട വിതറിയിട്ട് പോയ യുദ്ധകാല ബോംബുകള്‍ ഇപ്പോഴും ബ്രിട്ടന്റെ സുപ്രധാന ഇടങ്ങളില്‍ ഒളിഞ്ഞ് കിടക്കുന്നുണ്ട്. തെയിംസ് നദിയിലെ ജോര്‍ജ്ജ് അഞ്ചാമന്‍ ഡോക്കില്‍ നിന്നുമാണ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ അപായസൂചന ലഭിച്ചിരിക്കുന്നത്. പൊട്ടാത്ത ഒരു ബോംബാണ് ഈ പ്രദേശത്ത് നിന്നും കണ്ടെടുത്തത്. ഇതേത്തുടര്‍ന്ന് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ഈ വഴി വരേണ്ടെന്നാണ് വിമാനയാത്രക്കാര്‍ക്ക് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം. 

ഇന്നലെ രാത്രിയാണ് എയര്‍പോര്‍ട്ടും, ചുറ്റുമുള്ള റോഡുകളും അടയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. റണ്‍വേയ്ക്ക് സമീപമാണ് രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ് ലഭിച്ചത്. എയര്‍പോര്‍ട്ടില്‍ സ്ഥിരമായി നടക്കുന്ന ജോലിക്കിടെയാണ് ബോംബ് കണ്ടെത്തിയതെന്ന് മെട്രൊപൊളിറ്റന്‍ പോലീസ് വ്യക്തമാക്കി. റോയല്‍ നേവി വിദഗ്ധര്‍ ബോംബ് പരിശോധിച്ച ശേഷമാണ് 200 യാര്‍ഡ് അകലത്തില്‍ നിരോധിത മേഖല നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചത്. രാത്രി 10 മണിയോടെയാണ് ഈ തീരുമാനം വരുന്നത്. ഇതോടെ എയര്‍പോര്‍ട്ട് അടയ്ക്കാതെ മറ്റ് വഴികളുണ്ടായിരുന്നില്ല. വിമാന യാത്രയ്‌ക്കെത്തിയ യാത്രക്കാരെ തീരുമാനം വലച്ചു. 

എയര്‍പോര്‍ട്ട് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് കാത്തിരിക്കുകയാണ് യാത്രക്കാര്‍. എന്നാല്‍ ഇത് എപ്പോള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ന് യാത്ര പുറപ്പെടാനിരിക്കുന്ന യാത്രക്കാരെയും ബോംബ് ഭീഷണി ആശങ്കയിലാഴ്ത്തുകയാണ്. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരും, റോയല്‍ നേവിയും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മെറ്റ് പോലീസ് വ്യക്തമാക്കി. ബോംബ് നിര്‍വീര്യമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അപകടം സംഭവിക്കാതെ ശ്രദ്ധിക്കാനാണ് നിരോധിത മേഖല നടപ്പാക്കിയത്. ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ടിലേക്കും, പുറത്തേക്കും സഞ്ചരിക്കുന്ന വിമാനങ്ങളെ നിരോധനം ബാധിക്കും. 

യാത്ര ചെയ്യാനിറങ്ങുന്നവര്‍ എയര്‍ലൈന്‍ കമ്പനികളെ ബന്ധപ്പെട്ട ശേഷം മാത്രം യാത്രക്ക് ഇറങ്ങാനും പോലീസ് നിര്‍ദ്ദേശിച്ചു. വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകളിലും ഗതാഗതം വിലക്കിയതോടെ പ്രദേശം സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.