ഒരു ചിരി, പുരികക്കൊടി ഉയര്‍ത്തി ഒരു തിരിച്ചടി, പിന്നെ ഒരു കണ്ണടച്ച് ഒരു സൈറ്റടി... ഇത്രയും മതിയോ ഇന്റര്‍നെറ്റ് എന്ന പറയുന്ന മായാലോകം കീഴടക്കാന്‍. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍ പുതുമുഖ താരം പ്രിയ പ്രകാശ് വാര്യരുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്. കണ്ണടച്ച് തുറക്കും മുന്‍പ് ഇന്റര്‍നെറ്റിന്റെ കണ്ണിലുണ്ണിയായി ഇവള്.
കേവലം നാല് ദിവസം കൊണ്ടാണ് തൃശ്ശൂരിലെ ബികോം വിദ്യാര്‍ത്ഥിനി പ്രിയ ലക്ഷക്കണക്കിന് ആരാധക ഹൃദയങ്ങളിലേക്ക് ചേക്കേറിയത്. 18 വയസ്സുള്ള താരം ആദ്യമായി അഭിനയിക്കുന്നത് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലാണ്. ഈ സിനിമയിലെ ഒരു ഗാനരംഗത്തില്‍ ചെറിയൊരു എക്സ്പ്രഷന്‍ ഇട്ടത് കൊണ്ട് മാത്രം പ്രിയ പ്രശസ്തയായെന്നതാണ് വസ്തുത.
ഹൈസ്കൂള്‍ പഠനകാലത്തെ ഒരു രംഗമാണ് പാട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷെ പാട്ടും സിനിമയും മറികടന്ന് പ്രിയയുടെ എക്സ്പ്രഷന്‍ ജനം ഏറ്റെടുക്കുകയായിരുന്നു. ഫെബ്രുവരി 9ന് ആരംഭിച്ച താരത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന് ഇപ്പോള്‍ ഒരു മില്ല്യണ്‍ ഫോളോവേഴ്സായി. അതേസമയം പ്രിയയെ പ്രേമിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുഹമ്മദ് റോഷന് ഇപ്പോഴും ഒരു ലക്ഷം മാത്രമാണ് ഫോളോവേഴ്സ്.
ഇതുകൊണ്ടൊക്കെ സിനിമയുടെ പ്രൊമോഷന് വലിയ ചെലവില്ലാതെ നടന്നുകഴിഞ്ഞു. ഓണ്‍ലൈനില്‍ സംഭവിക്കുന്ന സ്ഥിതി വെച്ച് നോക്കിയാല്‍ ചിത്രത്തിന് ചെറുപ്പക്കാര്‍ ഇടിച്ച് കയറും!