CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 59 Seconds Ago
Breaking Now

ബസില്‍ തൂങ്ങിക്കിടന്ന് കുട്ടികളുടെ അഭ്യാസം; ബ്രിട്ടനിലെ പുതിയ ട്രെന്‍ഡ് മാതാപിതാക്കളുടെ ചങ്കിടിപ്പ് കൂട്ടും; അപകടകരമായ സര്‍ഫിംഗിനെതിരെ ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട്; ജീവന്‍ പോകുമെന്ന് മുന്നറിയിപ്പും

ക്രിസ്മസിന് ശേഷമാണ് ബസില്‍ തൂങ്ങിക്കിടക്കല്‍ വ്യാപകമായത്

കേരളത്തില്‍ ബസില്‍ സഞ്ചരിച്ചിട്ടുള്ളവരെല്ലാം ഈ അഭ്യാസം അനുഭവിച്ചിരിക്കും. തിരക്കേറിയ ബസിന്റെ വാതില്‍പ്പടിയില്‍ തൂങ്ങിപ്പിടിച്ച് നിന്ന് യാത്ര ചെയ്തിട്ടുള്ള അനുഭവം ഇന്നാട്ടിലെ സ്ത്രീ-പുരുഷ പ്രജകള്‍ ഒരുപോലെ അനുഭവിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍ ആവശ്യത്തിന് ഗതാഗത സൗകര്യങ്ങള്‍ ഇല്ലാത്തത് മൂലമാണ് ബസുകളില്‍ ഈ തൂങ്ങിക്കിടപ്പ്. ബ്രിട്ടനില്‍ അതല്ല സ്ഥിതി. ആവശ്യത്തിലേറെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉണ്ടായിട്ടും ജീവന്‍പണയം വെച്ച് ഓടുന്ന ബസിന് പിന്നില്‍ തൂങ്ങിക്കിടന്നാണ് കുട്ടികളുടെ പുതിയ ഭ്രാന്ത്. ബ്ലൂവെയിലും കടന്ന് ബസ് സര്‍ഫിംഗ് ആണത്രേ ഇപ്പോഴത്തെ ട്രെന്‍ഡ്. 

തിരക്കേറിയ ഹൈസ്ട്രീറ്റില്‍ നിന്നും ഒരു മോട്ടോസൈക്കിളുകാരന്റെ ക്യാമറയിലാണ് കുട്ടികള്‍ ബസിന് പിന്നില്‍ തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. താന്‍ കുട്ടികളെ ചിത്രീകരിക്കുന്നുവെന്ന് വിളിച്ച് പറഞ്ഞതോടെ ബസില്‍ നിന്നും പിടിവിട്ട് ഇവര്‍ ഓടിക്കളഞ്ഞത്. മറ്റൊരു സംഭവത്തില്‍ ബസിന് പിന്നില്‍ തൂങ്ങിക്കിടന്ന മൂന്ന് കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ഇവരുടെ ചിത്രങ്ങളുടെ പോലീസ് ട്വീറ്റ് ചെയ്തു. മുന്‍പ് പല തവണ ഇത്തരത്തില്‍ കുട്ടികള്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്യുന്നത് ശ്രദ്ധിച്ചതായി ദൃശ്യങ്ങള്‍ ചിത്രീകരിച്ച യാത്രക്കാരന്‍ പറഞ്ഞു. 

ക്രിസ്മസിന് ശേഷമാണ് ബസില്‍ തൂങ്ങിക്കിടക്കല്‍ വ്യാപകമായത്. എന്നാല്‍ ഇതിലെ അപകടം മനസ്സിലാക്കാതെ ഒരു തമാശയ്ക്ക് വേണ്ടിയാണ് കുട്ടികളുടെ സാഹസം. സ്വന്തം ജീവനും മറ്റുള്ളവരെയും അപകടത്തില്‍ പെടുത്തുന്ന കുട്ടികളുടെ ട്രെന്‍ഡിനെതിരെ ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് രംഗത്തെത്തി. തീര്‍ത്തും അപക്വമായ സ്റ്റണ്ടാണ് കുട്ടികള്‍ ബസിന് പിന്നില്‍ പയറ്റുന്നതെന്ന് ടിഎഫ്എല്‍ കംപ്ലയിന്‍സ്, പോലീസിംസ്, ഓണ്‍ സ്ട്രീറ്റ് സര്‍വ്വീസ് ഡയറക്ടര്‍ സ്റ്റീര്‍ ബര്‍ട്ടണ്‍ വ്യക്തമാക്കി. ഇത്തരം പെരുമാറ്റങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഐലിംഗ്ടണ്‍ പോലീസും കുട്ടികള്‍ ബസില്‍ തൂങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 999-ല്‍ വിളിക്കാനാണ് പോലീസ് നിര്‍ദ്ദേശം. കുട്ടികളുടെ ജീവന്‍ അപകടത്തില്‍ പെടുത്തുന്ന ട്രെന്‍ഡ് മാതാപിതാക്കളുടെ സമാധാനമാണ് കെടുത്തുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.