CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 55 Seconds Ago
Breaking Now

സ്വന്തം ജീവന്‍ പോയാലും അപരനെ രക്ഷിക്കണം; പരുക്കേറ്റ് കിടന്ന വ്യക്തിയെ രക്ഷിക്കാന്‍ ട്രാക്കിലിറങ്ങി ട്രെയിന്‍ തടഞ്ഞ് എംബിഎ വിദ്യാര്‍ത്ഥി; ധൈര്യം സമ്മതിക്കണം

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ ഇവരെ തിരിഞ്ഞ് പോലും നോക്കിയില്ലെന്ന് പരാതി

അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാനല്ല മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനാണ് ഇന്ന് ആളുകള്‍ക്ക് താല്‍പര്യം. രക്ഷിക്കാന്‍ ശ്രമിച്ച് പുലിവാല്‍ പിടിക്കേണ്ടെന്നാണ് ഭൂരിപക്ഷത്തിന്റെയും ചിന്ത. പക്ഷെ സ്വന്തം ജീവന്‍ നഷ്ടമായാലും മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ധൈര്യം കാണിക്കുന്ന അപൂര്‍വ്വം ചിലര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. അത്തരം ഒരാളാണ് 26 വയസ്സുള്ള ഈ എംബിഎ വിദ്യാര്‍ത്ഥി.

മുംബൈ ചാര്‍ണി റോഡ് സ്‌റ്റേഷനിലാണ് പരുക്കേറ്റ് ട്രാക്കില്‍ കിടന്നയാള്‍ ട്രെയിന്‍ കയറി മരിക്കാതിരിക്കാന്‍ ശ്രാവണ്‍ പ്രേം തിവാരി ധൈര്യപൂര്‍വ്വം ട്രാക്കില്‍ ഇറങ്ങിയത്. ലോക്കല്‍ ട്രെയിന് മുന്നില്‍ നിന്നാണ് തിവാരി അമൂല്യമായ ഒരു ജീവന്‍ രക്ഷിച്ചത്. പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്ത് നില്‍ക്കുമ്പോഴാണ് ട്രാക്കിന്റെ അറ്റത്ത് ഒരാള്‍ വീണുകിടക്കുന്നതായി യുവാവ് ശ്രദ്ധിക്കുന്നത്.

ഓടിച്ചെല്ലുമ്പോള്‍ തലയ്ക്കും, കൈകാലുകള്‍ക്കും പരുക്കേറ്റ് ബോധംകെട്ട നിലയിലായിരുന്നു അജ്ഞാതന്‍. മരിച്ചെന്ന് കരുതി ഉപേക്ഷിച്ച് പോരാന്‍ തയ്യാറാകാതെ മൂക്കിന് കീഴില്‍ കൈവെച്ച് നോക്കുമ്പോഴാണ് ശ്വാസമുണ്ടെന്ന് തിവാരി മനസ്സിലാക്കുന്നത്. സഹായം ചോദിക്കാന്‍ ശ്രമിക്കവെ ട്രാക്കിലേക്ക് ട്രെയിന്‍ എത്തി. ഇതോടെ കൈവീശി ലോക്കോ പൈലറ്റിനെ അപകടസൂചന നല്‍കി. ഭാഗ്യം കൊണ്ട് മോട്ടോര്‍മാന്‍ ഇത് ശ്രദ്ധിച്ച് ട്രെയിന്‍ ഉടനടി നിര്‍ത്തുകയായിരുന്നു.

മറ്റ് യാത്രക്കാരും ഈ സമയത്ത് ഓടിയെത്തി പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. അതേസമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ ഇവരെ തിരിഞ്ഞ് പോലും നോക്കിയില്ലെന്ന് പരാതിയുണ്ട്. എന്നുമാത്രമല്ല പരുക്കേറ്റയാളെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് റെയില്‍വെ പോലീസിന്റെ പരാതി. എന്തായാലും തിവാരിയുടെ ധൈര്യം കൊണ്ട് ഒരാളുടെ ജീവന്‍ രക്ഷപ്പെട്ടു.




കൂടുതല്‍വാര്‍ത്തകള്‍.