CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Seconds Ago
Breaking Now

പാര്‍ലമെന്റില്‍ വീരോജിതം വിരാചിക്കുന്ന എംപിമാര്‍ ലജ്ജിക്കട്ടെ; പാര്‍ലമെന്റിന്റെ പടിവാതില്‍ക്കല്‍ കിടന്നുറങ്ങിയ വീടില്ലാത്ത വ്യക്തി മരിച്ചു; കൊടുംതണുപ്പില്‍ തണുത്ത് വിറങ്ങലിച്ച് കൈവരിച്ച രക്തസാക്ഷിത്വം ഭവനരഹിതര്‍ക്കായുള്ള പ്രചോദനമത്രേ!

പാര്‍ലമെന്റിന്റെ പടിവാതില്‍ക്കല്‍ ഒരാള്‍ മരിച്ചത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണെന്നും രാഷ്ട്രീയക്കാര്‍ പതിവ് പല്ലവി ആവര്‍ത്തിച്ചു

രക്തസാക്ഷിത്വം എന്നാല്‍ എന്താണ്? ഏതെങ്കിലും ഒരു വ്യക്തി ഒരു ആശയത്തിനായി പ്രവര്‍ത്തിച്ച് കൊലപ്പെടുമ്പോഴാണ് പൊതുവെ രക്തസാക്ഷിത്വം എന്ന് പറയപ്പെടുന്നത്. ജീവിതത്തിലെ ദുരവസ്ഥകളോട് പൊരുതി മരണത്തിന് കീഴടങ്ങുന്ന സാധാരണക്കാരെ രക്തസാക്ഷികളെന്ന് വാഴ്ത്താന്‍ ആരും മെനക്കെടാറില്ല. പക്ഷെ സ്വന്തമായി വീടില്ലാതെയും സര്‍ക്കാരിന്റെ കണ്ണില്‍ പോലും പെടാതെയും കഴിയുന്ന അത്തരം ഒരു ദരിദ്രന്‍ പാര്‍ലമെന്റിന്റെ വാതില്‍ക്കല്‍ മരണത്തിന് കീഴടങ്ങിയാല്‍ അത് രക്തസാക്ഷിത്വം തന്നെയാണ്, ജനങ്ങളെ സേവിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് ലജ്ജിച്ച് തലതാഴ്‌ത്തേണ്ട കാര്യവും. 

പാര്‍ലെമെന്റിലേക്ക് രാഷ്ട്രീയക്കാരും ജീവനക്കാരും കടന്നുവരുന്ന വെസ്റ്റ്മിനിസ്റ്റര്‍ പാലസിന്റെ പിന്‍വാതിലിലുള്ള വെസ്റ്റ്മിനിസ്റ്റര്‍ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനിലാണ് ഭവനരഹിതനായ വ്യക്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി പ്രദേശത്തെ താപനില -2.1സെല്‍ഷ്യസിലേക്ക് താഴ്ന്നിരുന്നു. പുറത്തെ കൊടുംതണുപ്പില്‍ നിന്നും രക്ഷനേടാന്‍ നിരവധി ഭവനരഹിതരാണ് സ്റ്റേഷനില്‍ അഭയം നേടിയത്. വഴിയില്‍ കിടന്നുറങ്ങുന്നവര്‍ക്ക് ഭവനങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ രക്തസാക്ഷിത്വം പ്രയോജനപ്പെടുമെന്നാണ് ചില എംപിമാരുടെ വാക്കുകള്‍. 

പാര്‍ലമെന്റിന്റെ പടിവാതില്‍ക്കല്‍ ഒരാള്‍ മരിച്ചത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണെന്നും രാഷ്ട്രീയക്കാര്‍ പതിവ് പല്ലവി ആവര്‍ത്തിച്ചു. വഴിയില്‍ കിടന്നുറങ്ങുന്നവരുടെ എണ്ണമേറുന്ന സാഹചര്യത്തില്‍ ഇത് കുറച്ച് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് നയിക്കണമെന്നാണ് ചിലരുടെ ആവശ്യം. മരിച്ച വ്യക്തിയെ തങ്ങള്‍ക്ക് അറിയാമെന്ന് ജെറമി കോര്‍ബിന്റെ ഓഫീസ് വ്യക്തമാക്കി. കോര്‍ബിന്‍ സ്ഥലത്ത് സമര്‍പ്പിച്ച പൂക്കളില്‍ ഇങ്ങനെ എഴുതി- 'ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് പോകുന്ന രാജ്യമായി മാറരുത്. ശാന്തിയില്‍ വിശ്രമിക്കൂ'. 

സ്വന്തം വീടെന്ന് പറയാന്‍ ഒന്ന് പോലുമില്ലാതെ ആളുകള്‍ ഒരു വശത്ത് കിടക്കുമ്പോള്‍ ശക്തിയേറിയ വ്യക്തികള്‍ മറുവശത്ത് കൂടെ നടന്നുപോകുന്നത് തുടരാന്‍ കഴിയില്ല, എല്ലാവര്‍ക്കും ഭവനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ സമയമായി, കോര്‍ബിന്‍ ട്വിറ്ററില്‍ കുറിച്ചു. മരിച്ചത് ഒരു സാധാരണക്കാരനാണ്, അതുകൊണ്ട് തന്നെ അധികം പേരൊന്നും ചോദിക്കാനും അന്വേഷിക്കാനും വരില്ല. അതുകൊണ്ട് തന്നെ ഒരു ദിവസത്തെ ദുഃഖവും, പരിവേദനങ്ങള്‍ക്കും ശേഷം ഇതെല്ലാം കെട്ടടങ്ങിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.




കൂടുതല്‍വാര്‍ത്തകള്‍.