നിങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കണമെങ്കില്‍ ആദ്യ ശ്രദ്ധ ഇല്ലാതാക്കാന്‍ സാധിക്കണം. ഒരു പാത്രം നിറയ്ക്കണമെങ്കില്‍ അത് ഒഴിവായിരുന്നാലേ മതിയാകൂ- ഡല്‍ഹിയില്‍ നടന്ന പരീക്ഷ പേ ചര്‍ച്ച എന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വാക്കുകള്‍ പങ്കുവെച്ചത്. പരീക്ഷാകാലത്ത് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ സംവാദത്തില്‍ നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
ഗ്രാമത്തിലെ കുളത്തില്‍ മുങ്ങിക്കുളിച്ച ശേഷമാണ് താന്‍ പരീക്ഷയ്ക്ക് പോയിരുന്നതെന്ന് പ്രധാനമന്ത്രി പറയുന്നു. പരീക്ഷാ സമയത്ത് ശ്രദ്ധിക്കാന്‍ സാധിക്കാത്തത് മുതല്‍ മൊബൈലും ഇന്റര്‍നെറ്റും ശ്രദ്ധയെ ബാധിക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ചോദിച്ചു. പരീക്ഷയെ കുറിച്ചുള്ള വിവിധ വശങ്ങള് സംസാരിച്ച് വരവെയാണ് ഒരു വിദ്യാര്‍ത്ഥിയെ പ്രധാനമന്ത്രിയെ പരീക്ഷിക്കുന്ന ചോദ്യം ഉന്നയിച്ചത്.
അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി രാജ്യത്തിന്റെ പ്രധാനമന്ത്രി എങ്ങനെയാണ് പരീക്ഷ നേരിടുന്നതെന്ന് ഒരു വിദ്യാര്‍ത്ഥി ചോദിച്ചു. സദസ്സില്‍ എല്ലാവരെയും ചിരിപ്പിച്ച ചോദ്യം. എന്തായിരിക്കും പ്രധാനമന്ത്രിയുടെ മറുപടിയെന്ന് കാത്തിരിക്കവെ അദ്ദേഹത്തിന്റെ തമാശ നിറഞ്ഞ മറുപടിയെത്തി.
താന്‍ ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിയുടെ അധ്യാപകനായിരുന്നെങ്കില്‍ അവനെ ജേണലിസ്റ്റാകാന്‍ പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്നാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്. ഇത്തരം ചോദ്യങ്ങള്‍ സാധാരണയായി പത്രക്കാരാണ് ചോദിക്കാറുള്ളതെന്നും മോദി വ്യക്തമാക്കി.