അത്യന്തം നാടകീയമായ സംഭവവികാസങ്ങള്‍ അരങ്ങേറിയ ശേഷമാണ് ഒ പനീര്‍ശെല്‍വം വിഭാഗവും, എഐഎഡിഎംകെ മുഖ്യമന്ത്രിയായ കെ പളനിസാമി വിഭാഗവും ഒത്തുചേര്‍ന്നത്. തമിഴ്നാടിനെ അരക്ഷിതാവസ്ഥയിലൂടെ കടത്തിവിട്ട ശേഷമാണ് ഒപിഎസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇപിഎസിനൊപ്പം ചേര്‍ന്നത്. ഇപ്പോള്‍ സസുഖം ഉപമുഖ്യമന്ത്രിയായി തുടരുന്ന ഒപിഎസ് സംഭവവികാസങ്ങളിലേക്ക് നയിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയാണ് ഒപിഎസ്-ഇപിഎസ് വിഭാഗങ്ങളെ ഒന്നിപ്പിച്ചതെന്ന് വ്യക്തമായിരുന്നു. അമ്മ ഉണ്ടാക്കിവെച്ച പാര്‍ട്ടിയെ നിലനിര്‍ത്താന്‍ എന്ന് പറയുമ്പോഴും അത്രയും നാളത്തെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെയ്ക്കാന്‍ പര്യാപ്തമായ ഒരു ഘടകം ഏതാണെന്ന് എല്ലാവരും ആലോചിച്ചിരുന്നു. ഒടുവില്‍ ഒപിഎസ് തന്നെ അക്കാര്യം വ്യക്തമാക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആ ഘടകം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച വേളയിലാണ് പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ഇരുനേതാക്കളും ഒരുമിച്ച് നില്‍ക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ക്യാബിനറ്റ് പദവിയൊന്നും ഇല്ലെങ്കിലും പാര്‍ട്ടി സ്ഥാനം ലഭിച്ചാല്‍ തിരികെ പോകുമെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കി. എന്നാല്‍ മന്ത്രിസഭയുടെ ഭാഗമായി തന്നെ ഇരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കാര്യം പളനിസാമി വിഭാഗത്തെ അറിയിക്കുകയും ചെയ്തു.
ഇതിന്റെ ഭാഗമായാണ് താന്‍ ഇന്ന് മന്ത്രിയായി ഇരിക്കുന്നതെന്ന് ഒപിഎസ് വ്യക്തമാക്കി. അല്ലാതെ മന്ത്രിയാകാനുള്ള താല്പര്യം കൊണ്ടല്ല. അമ്മ എന്നെ നാല് തവണ എംഎല്‍എയാക്കി, രണ്ട് തവണ മുഖ്യമന്ത്രിയും. ഈ നേട്ടം തന്നെ അഭിമാനകരമാണ്, തേനിയില്‍ ചേര്‍ന്ന എഐഎഡിഎംകെ പാര്‍ട്ടി യോഗത്തില്‍ ഒപിഎസ് വ്യക്തമാക്കി.