CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 41 Seconds Ago
Breaking Now

12 വര്‍ഷത്തില്‍ ഒരിക്കലുള്ള മഹാമസ്‌കകാഭിഷേക പൂജ തുടങ്ങി ; ആദ്യ ഊഴക്കാരന്റെ സംഭാവന 11.61 കോടി രൂപ

ഒറ്റക്കല്ലില്‍ തീര്‍ത്ത 57 അടി ഗോമതേശ്വര ബാഹുബലി പ്രതിമയില്‍ 108 കുംഭങ്ങളിലായി തീര്‍ഥജലം അഭിഷേകം ചെയ്തായിരുന്നു ചടങ്ങുകളുടെ തുടക്കം.

പന്ത്രണ്ടു വര്‍ഷത്തിലൊരിക്കലുള്ള മഹാമസ്തകാഭിഷേക പൂജകള്‍ക്കു തുടക്കമായി. വിന്ധ്യാഗിരിക്കു മുകളില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത 57 അടി ഗോമതേശ്വര ബാഹുബലി പ്രതിമയില്‍ 108 കുംഭങ്ങളിലായി തീര്‍ഥജലം അഭിഷേകം ചെയ്തായിരുന്നു ചടങ്ങുകളുടെ തുടക്കം. ശ്രാവണബെലഗൊള ജൈന മഠാധിപതി ചാരുകീര്‍ത്തി ഭട്ടാരക സ്വാമി നേതൃത്വം നല്‍കി. 650 പടികളും ചവിട്ടി വിന്ധ്യാഗിരി കയറി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചടങ്ങുകളുടെ ഭാഗമായി.

ആദ്യകലശാഭിഷേകം നിര്‍വഹിച്ച രാജസ്ഥാനില്‍നിന്നുള്ള മാര്‍ബിള്‍ വ്യവസായി അശോക് പഠാണി 11.61 കോടി രൂപ സംഭാവന നല്‍കി. ഇവിടെ 200 കിടക്ക ആശുപത്രി നിര്‍മിക്കാനാകും തുക വിനിയോഗിക്കുക. 2006ലും ആദ്യം തീര്‍ഥജലം ഒഴിച്ചത് ഇദ്ദേഹത്തിന്റെ കുടുംബമാണ്. 1.08 കോടി രൂപയായിരുന്നു അന്നു സംഭാവന.

തീര്‍ഥജലത്തിനു ശേഷം പാല്‍, ചന്ദനം, രക്തചന്ദനം, കുങ്കുമം, ഇളനീര്‍, അരിപ്പൊടി എന്നിവ ഉപയോഗിച്ചും അഭിഷേകം നടത്തി. കലശാഭിഷേകം നടത്തുന്നവരും പാസുള്ളവരുമടക്കം 5000 പേരെയാണു പൂജാചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചത്.

ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു മികച്ച സുരക്ഷാ ക്രമീകരണങ്ങളോടെ നിര്‍മിച്ച പന്തലില്‍ രണ്ടു തട്ടുകളിലായാണു വിശ്വാസികളെ നിര്‍ത്തിയത്. വൈകിട്ട് അഷ്ടദ്രവ്യ പൂജ, മഹാമംഗളാരതി എന്നിവയും കഴിഞ്ഞ ശേഷമാണു പൊതുജനങ്ങള്‍ക്കു മലമുകളിലേക്കു പ്രവേശനം അനുവദിച്ചത്.25 വരെ നീളുന്ന അഭിഷേകച്ചടങ്ങുകള്‍ക്കിടെ 40 ലക്ഷം പേര്‍ എത്തുമെന്നാണു പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയെത്തും. പശ്ചിമഗംഗ ഭരിച്ചിരുന്ന ചാമുണ്ഡരായന്റെ നിര്‍ദേശപ്രകാരം എഡി 981 മുതല്‍ 12 വര്‍ഷം കൊണ്ടാണു ബാഹുബലി പ്രതിമയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നാണു ചരിത്രം.

 




കൂടുതല്‍വാര്‍ത്തകള്‍.