CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 10 Minutes 8 Seconds Ago
Breaking Now

കവെന്‍ട്രിയില്‍ അമ്മയുടെ കൈപിടിച്ച് നടക്കവെ കാറിന്റെ രൂപത്തില്‍ കാലനെത്തി; മദ്യപിച്ച് ലക്കുകെട്ട ഡ്രൈവര്‍ കാര്‍ ഇടച്ചുകയറ്റി; രണ്ടും, ആറും വയസ്സുള്ള കുരുന്നുകള്‍ നടുറോഡില്‍ കൊല്ലപ്പെട്ടു; രക്ഷപ്പെടാന്‍ ശ്രമിച്ച പുരുഷനെയും സ്ത്രീയെയും നാട്ടുകാര്‍ പിടികൂടി

റോഡില്‍ തകര്‍ന്ന പ്രാമും മറ്റും കിടക്കുന്ന സങ്കടകരമായ അവസ്ഥയാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു

നിമിഷങ്ങള്‍ മതി ജീവിതം മാറിമറിയാന്‍. കവെന്‍ട്രിയില്‍ അമ്മയുടെ കൈപിടിച്ച് നടക്കുന്ന ആറു വയസ്സുകാരനും, പ്രാമില്‍ സന്തോഷത്തോടെ ഇരിക്കുന്ന രണ്ട് വയസ്സുകാരനും കാഴ്ചകള്‍ കണ്ട് നടക്കുമ്പോള്‍ മരണം കാറിന്റെ രൂപത്തില്‍ വന്നെത്തുമെന്ന് സ്വപ്‌നത്തിലെങ്കിലും ചിന്തിച്ച് കാണുമോ? കവെന്‍ട്രിയില്‍ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറാണ് നടുറോഡില്‍ രണ്ട് കുരുന്നു ജീവനുകള്‍ കവര്‍ന്നത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് രണ്ട് കുട്ടികളുമായി നടന്ന അമ്മയുടെ നേര്‍ക്ക് വാഹനം പാഞ്ഞുകയറിയത്. രണ്ട് കുട്ടികളെയും ഗുരുതരമായ പരുക്കുകളോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. 

സ്‌റ്റോക്ക് പ്രദേശത്തെ മാക്‌ഡൊണാള്‍ഡ് റോഡിലായിരുന്നു സംഭവം. രണ്ട് വയസ്സുകാരന്‍ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങി. ആറ് വയസ്സുകാരന്‍ അല്‍പ്പനേരം കൂടി പോരാടിയെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല. വൈകുന്നേരം 7 മണിയോടെ ഈ കുഞ്ഞും മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. അപകടത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച വാഹനത്തിന്റെ ഡ്രൈവറെയും കൂടെയുള്ള സ്ത്രീയെയും നാട്ടുകാര്‍ തടഞ്ഞു. 51 വയസ്സുകാരനും, 41 വയസ്സുകാരിയുമാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. 

ഫോര്‍ഡ് ഫോക്കസ് കാറാണ് അപകടത്തിന് ഇടയാക്കിയത്. റോഡില്‍ തകര്‍ന്ന പ്രാമും മറ്റും കിടക്കുന്ന സങ്കടകരമായ അവസ്ഥയാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യാത്രക്കാരെ നാട്ടുകാര്‍ ഓടിക്കൂടിയാണ് തടഞ്ഞത്. സംഭവസ്ഥലത്ത് നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിനാല്‍ ഈ റോഡ് അടഞ്ഞ് കിടക്കുകയാണ്. കാറില്‍ നിന്നും ലോക്കല്‍ പാര്‍ക്കിലൂടെ ഓടി ഗ്യാരേജുകള്‍ക്ക് സമീപം ഒളിച്ചിരിക്കവെയാണ് മദ്യപിച്ച നിലയില്‍ യാത്രക്കാരെ പൊക്കുന്നത്. ഒരു കുട്ടിയെങ്കിലും രക്ഷപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു പ്രദേശവാസികള്‍. പക്ഷെ ആ പ്രാര്‍ത്ഥനയും വിഫലമായി. 

സംഭവത്തിന്റെ വിശദവിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മദ്യം ഇറങ്ങിയ ശേഷം ഡ്രൈവറും സഹയാത്രികയും വായ് തുറക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. 




കൂടുതല്‍വാര്‍ത്തകള്‍.