മനുഷ്യര്‍ക്ക് ഇതെന്ത് പറ്റി ? മനസാക്ഷിയില്ലാത്ത പ്രവര്‍ത്തികള്‍ കാണുമ്പോള്‍ എല്ലാവരും ഞെട്ടുകയാണ്. അനൗചിത്വമായ സെല്‍ഫികള്‍ ഭയപ്പാടുകളുണ്ടാക്കുകയാണ്.
മല്ലിപ്പൊടി മോഷ്ടിച്ചുവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലികൊല്ലുകയായിരുന്നു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസ്സുള്ള മധുവാണ് മരിച്ചത്. പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച മധുവിനെ മോഷ്ടാവെന്ന് ആരോപിച്ച് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയാണ് മധു മരിക്കുന്നത്. നാട്ടുകാരുടെ ക്രൂര മര്‍ദ്ദനമേറ്റ മധു പൊലീസ് വാഹനത്തില്‍ വെച്ച് ശര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണപ്പെടുകയായിരുന്നു.
മധുവിന്റെ മരണ കാരണം പോലീസാണെന്നു നാട്ടുകാരും കസ്റ്റഡിയിലെടുക്കുമ്പോള്‍ അവശ നിലയിലായിരുന്നെന്ന് പോലീസുകാരും പറയുന്നു.
മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ മര്‍ദ്ദിച്ചിരുന്നുവെന്ന് മധു മൊഴി നല്കി. പോസ്റ്മോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു. മധുവിനെ തല്ലിയതിന് ശേഷം നാട്ടുകാര്‍ സെല്‍ഫിയെടുത്തതും എല്ലാവരേയും ഞെട്ടിക്കുന്ന മനസാക്ഷിയില്ലാത്ത പ്രവര്‍ത്തിയായി.
കൊല്ലപ്പെട്ട യുവാവിന്റെ കയ്യിലുണ്ടായിരുന്നത് ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. പോലീസെത്തിയപ്പോള്‍ മധുവിനെ കെട്ടിയിട്ട നിലയിലായിരുന്നു. മര്‍ദ്ദനത്തിന്റെ ഒപ്പം സെല്‍ഫിയെടുത്ത് മനസാക്ഷിയില്ലാത്ത ഒരുവിഭാഗം ആഘോഷിച്ചു.വന്‍ പ്രതിഷേധമാണ് ഇവര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.