11300 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടേയും അമ്മാവന് മെഹുല്‍ ചൊക്സിയുടേയും മുഴുവന്‍ സ്വത്തുക്കളും ഏറ്റെടുക്കാന്‍ കേന്ദ്ര നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കമ്പനി നിയമ ട്രൈബ്യൂണലിനെ കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം സമീപിച്ചു. നീരവ് മോദി, ഭാര്യ എമി മോദി, സഹോദരന് നിശാല്‍ എന്നിവരും കേസിലെ പ്രതികളാണ്.
കമ്പനി നിയമത്തിലെ 221, 222 വകുപ്പുകള്‍ പ്രകാരം നീരവ് മോദി കേസില്‍ ഉള്‍പ്പെടെ 64 പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് സര്‍ക്കാര്‍ നീക്കം. കടുംബാംഗങ്ങളെ കൂടാതെ നീരവിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടേയും ട്രസ്റ്റുകളുടേയും സ്വത്തുക്കളും ഏറ്റെടുക്കും. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ പ്രതികള്‍ സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുകയോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ കൈമാറ്റം ചെയ്യുന്നതോ തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ട്രൈബ്യൂണലിനെ സമീപിച്ചത്.