CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 7 Minutes 17 Seconds Ago
Breaking Now

എന്‍എച്ച്എസില്‍ മരുന്ന് നല്‍കുന്നതില്‍ അബദ്ധം ഒഴിവാക്കാന്‍ ആവശ്യത്തിന് ജോലിക്കാരെ നിയോഗിക്കണം; ഇംഗ്ലണ്ടില്‍ 22000 പേര്‍ മരിക്കുന്നതിന്റെ ഉത്തരവാദിത്വം നഴ്‌സുമാരുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്

നിര്‍ദ്ദേശങ്ങള്‍ മാത്രം പുറപ്പെടുവിച്ച് കൈയും കെട്ടി ഇരുന്നാല്‍ പ്രശ്‌നം തീരില്ലെന്ന് ആര്‍സിഎന്‍

എന്‍എച്ച്എസില്‍ രോഗികള്‍ മരിക്കുന്നത് പല കാരണങ്ങള്‍ കൊണ്ടാകും. എന്നാല്‍ രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കുമ്പോള്‍ വരുന്നതിലെ വീഴ്ച കൊണ്ട് ഇംഗ്ലണ്ടില്‍ മാത്രം പ്രതിവര്‍ഷം 22000 പേര്‍ മരണത്തിന് കീഴടങ്ങുന്നതായുള്ള കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആവശ്യത്തിന് നഴ്‌സുമാരില്ലാതെ ബുദ്ധിമുട്ടുന്ന എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിലവിലെ ജീവനക്കാര്‍ നടുനിവര്‍ത്താന്‍ നേരമില്ലാതെ മതിയായ ശമ്പളം ലഭിക്കാതെ പണിയെടുക്കുന്നതിനിടെയാണ് ഈ അബദ്ധങ്ങളുടെ കഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. എന്നാല്‍ എല്ലാ ഉത്തരവാദിത്വവും നഴ്‌സുമാരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതോടെ ശക്തമായി തിരിച്ചടിയ്ക്കുകയാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. 

സുരക്ഷിതമായ രീതിയില്‍ ജീവനക്കാരെ നിയോഗിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് ആര്‍സിഎന്‍ പറഞ്ഞു. മരുന്നുകള്‍ നല്‍കുന്ന അബദ്ധം ഒഴിവാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ഉത്തരവിട്ടിരുന്നു. മരുന്ന് നല്‍കുമ്പോഴും, ഒഴിവാക്കാന്‍ കഴിയുന്ന തെറ്റുകള്‍ തിരുത്താനും ഒരുകൂട്ടം നടപടികളാണ് ആരോഗ്യ സെക്രട്ടറി നിര്‍ദ്ദേശിച്ചത്. ഇലക്ട്രോണിക് പ്രിസ്‌ക്രൈബിംഗ്, തെറ്റുകള്‍ പറ്റുന്നതിനെക്കുറിച്ച് തുറന്നുപറയുക, മാനുഷികമായ തെറ്റുകള്‍ക്ക് ഫാര്‍മസിസ്റ്റുകളെ നിയമനടപടിക്ക് വിധേയമാക്കുന്നത് ഒഴിവാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും ജെറമി ഹണ്ടിന്റെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു. 

എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ മാത്രം പുറപ്പെടുവിച്ച് കൈയും കെട്ടി ഇരുന്നാല്‍ പ്രശ്‌നം തീരില്ലെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി. ജീവനക്കാരുടെ കുറവും, കടുത്ത സാമ്പത്തിക സമ്മര്‍ദങ്ങളും വരുത്തിവെയ്ക്കുന്ന പ്രത്യാഘാതങ്ങള്‍ കാണാതെ പോകരുതെന്ന് ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് ജാനറ്റ് ഡേവിസ് ഓര്‍മ്മിപ്പിച്ചു. മാനുഷികമായ തെറ്റുകളാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇലക്ട്രോണിക് പ്രിസ്‌ക്രൈബിംഗ് സഹായകരവുമാണ്. എന്നാല്‍ ആദ്യം മുതല്‍ അവസാനം വരെയുള്ള കാര്യങ്ങളും പരിശോധിക്കണം, ജാനറ്റ് വ്യക്തമാക്കി. 

താഴെനില്‍ക്കാന്‍ സമയമില്ലാത്ത അവസ്ഥയിലാണ് നഴ്‌സുമാര്‍ ജോലി ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു. വാര്‍ഡുകളില്‍ നിന്നും വാര്‍ഡുകളിലേക്ക് അവര്‍ നെട്ടോട്ടം ഓടുകയാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ഇതിന് കാരണമെന്ന് ജാനറ്റ് ചൂണ്ടിക്കാണിക്കുന്നു. ഏജന്‍സി നഴ്‌സുമാരെ നിയോഗിച്ചാല്‍ പ്രശ്‌നം തീരുമെന്ന് കരുതുന്നതും തെറ്റാണ്. ഇത് ഉണ്ടാക്കുന്ന അപകടവും ചെറുതല്ല. ആശുപത്രിയില്‍ സ്ഥിരമായി ജോലി ചെയ്യുന്ന നഴ്‌സുമാര്‍ രോഗികളെ പരിചരിക്കുമ്പോള്‍ അബദ്ധങ്ങള്‍ വളരെ കുറച്ച് മാത്രമാണ് സംഭവിക്കുന്നത്. രോഗികളും, ഉപകരണങ്ങളും, രീതികളും വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. 

ഇത്തരം തെളിവുകളൊന്നും അവഗണിച്ച് മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ജാനറ്റ് ഡേവിസ് വ്യക്തമാക്കി. യുകെയില്‍ എല്ലായിടത്തും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാന്‍ നിയമം പാസാക്കിയാല്‍ മാത്രമേ രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയൂവെന്നും ആര്‍സിഎന്‍ മേധാവി ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.