CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 46 Seconds Ago
Breaking Now

ലെസ്റ്റര്‍ഷെയറിലെ സ്റ്റോറിലുണ്ടായ സ്‌ഫോടനത്തില്‍ മരണം നാല്; സ്‌റ്റോറും, അപ്പാര്‍ട്ട്‌മെന്റുകളും അഗ്നി വിഴുങ്ങി; അവശിഷ്ടങ്ങളില്‍ കൂടുതല്‍ പേരെ തിരഞ്ഞ് അഗ്നിശമന സേനാ അംഗങ്ങള്‍; ആദ്യ രക്ഷാപ്രവര്‍ത്തനം നടത്തിയത് പ്രദേശവാസികള്‍

സ്‌ഫോടനത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വക്താവ് അഭ്യര്‍ത്ഥിച്ചു

ലെസ്റ്റര്‍ഷെയറിലെ കണ്‍വീനിയന്‍സ് സ്റ്റോറിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ലോണ്ടിസ് സ്റ്റോറും അതിന് മുകളിലുണ്ടായിരുന്ന ഫ് ളാറ്റും അപ്പാടെ കത്തിനശിച്ചു. സംഭവത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേരെയാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. കാണാതായ ആളുകള്‍ ഉള്ളതിനാല്‍ ഇവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കാണുമെന്നാണ് ആശങ്ക. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.


ഹിങ്ക്‌ലി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് കത്തിയമര്‍ന്നത്. തകര്‍ന്ന കെട്ടിടത്തില്‍ നിന്നും ഓടിക്കൂടി പ്രദേശവാസികള്‍ വെറും കൈ കൊണ്ട് അവശിഷ്ടങ്ങള്‍ നീക്കി ആളുകളെ രക്ഷപ്പെടുത്തി. വൈകുന്നേരം 7.20-നാണ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ വിവരം ലഭിച്ച് ഇവിടേക്ക് കുതിച്ചെത്തിയത്. 

ഷോപ്പുകളുടെ നിരയുള്ള പ്രദേശത്താണ് തകര്‍ന്ന കെട്ടിടം. ഒരു പോസ്റ്റ് ഓഫീസും, ടിജെ ടേക്ക്എവെയും സമീപമുണ്ട്. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ക്കായി എമര്‍ജന്‍സി സര്‍വ്വീസുകള്‍ തെരച്ചില്‍ നടത്തി. ഏരിയ റെസ്‌പോണ്‍സ് ടീമിം, ആംബുലന്‍സ് ക്രൂവും ഇപ്പോഴും സ്ഥലത്ത് തുടരുകയാണ്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. ദുരിതബാധിതരെ ഹിങ്ക്‌ലി റോഡ് പോലീസ് സ്‌റ്റേഷനിലാണ് തല്‍ക്കാലം പാര്‍പ്പിച്ചിരിക്കുന്നത്. സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് പോലീസും, ലീസെസ്റ്റര്‍ഷയര്‍ ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസും സംയുക്തമായി പരിശോധിക്കും. ഇതിന് ശേഷമാകും വ്യക്തമായ വിവരം നല്‍കുകയെന്ന് വക്താവ് അറിയിച്ചു. 

സ്‌ഫോടനത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വക്താവ് അഭ്യര്‍ത്ഥിച്ചു. തുറന്ന് പ്രവര്‍ത്തിക്കുന്ന സമയത്തായിരുന്നു സ്‌ഫോടനം. ഈ സമയത്ത് രണ്ട് ജീവനക്കാര്‍ സ്‌റ്റോറില്‍ ഉണ്ടായിരുന്നു. ഒരു മാസം മുന്‍പാണ് അറാം എന്നയാള്‍ ഈ സ്റ്റോര്‍ ആരംഭിച്ചത്. രണ്ട് പെണ്‍കുട്ടികള്‍ ഇവിടെ ജോലി ചെയ്തിരുന്നതായി പ്രദേശവാസി വ്യക്തമാക്കി. പ്രദേശവാസികള്‍ക്ക് വളരെ ഉപകാരപ്രദമായ രീതിയിലാണ് സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാരുടെ കത്തുകളും, ചിലപ്പോള്‍ വീടിന്റെ താക്കോല്‍ വരെ ഇവിടെ സൂക്ഷിച്ചിരുന്നു. സൗഹൃദപരമായി നിലനിന്ന സ്റ്റോറിലെ സ്‌ഫോടനം ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. 

സ്‌ഫോടനത്തെത്തുടര്‍ന്ന് പ്രദേശത്തെ 60 വീടുകളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ചു. അവശിഷ്ടങ്ങള്‍ തെറിച്ച് അടുത്തുള്ള ടേക്ക്എവെ സ്റ്റോറിലേക്കും പതിച്ചു. ഇവിടെ ജോലി ചെയ്തിരുന്ന പെണ്‍കുട്ടി തലനാരിഴയ്ക്കാണ് തകര്‍ന്നുവീണ അവശിഷ്ടങ്ങളില്‍ നിന്നും രക്ഷപ്പെട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.